പ്രാദേശിക ഭാഷാചിത്രങ്ങളുടെ തേരോട്ടത്തിന് സാക്ഷ്യം വഹിക്കുകയാണ് ഇന്ത്യന്‍ തിയറ്ററുകള്‍. ഗാന്ധി ജയന്തി ദിനത്തില്‍ പുറത്തിറങ്ങിയ ഋഷഭ് ഷെട്ടിയുടെ 'കാന്താര ചാപ്റ്റര്‍ 1-' സര്‍വ റെക്കോഡുകളും മറികടന്നു മുന്നേറുകയാണ്. ആദ്യ ദിവസംതന്നെ ഇന്ത്യയില്‍ 60 കോടിയിലേറെ കാന്താര കളക്ട് ചെയ്തു. കന്നഡ, തെലുങ്ക്, തമിഴ്, ഹിന്ദി, മലയാളം ഭാഷകളിലാണ് കാന്താര പുറത്തിറങ്ങിയത്. ട്രേഡ് സൈറ്റായ സാക്‌നില്‍ക് റിപ്പോര്‍ട്ട് അടിസ്ഥാനമാക്കി കാന്താരയുടെ ആദ്യദിനത്തിലെ കളക്ഷന്‍:
കന്നഡ: 18 കോടി
തെലുങ്ക്: 12.5 കോടി
ഹിന്ദി: 19.5 കോടി
തമിഴ്: 5.25 കോടി
മലയാളം: 4.75 കോടി
ആദ്യ 24 മണിക്കൂറിനുള്ളില്‍ 1.28 ദശലക്ഷം ടിക്കറ്റുകള്‍ വിറ്റഴിക്കപ്പെട്ടു എന്ന റെക്കോഡ് ചിത്രത്തിനു ലഭിച്ചു. ആദ്യദിവസം ഇന്ത്യയിലുടനീളം കാന്താര 8,800-ലധികം ഷോ പ്രദര്‍ശിപ്പിച്ചു. കന്നഡയില്‍ 1,500 ഷോ ഉണ്ടായിരുന്നു. ആകെ പ്രേക്ഷകരുടെ 88 ശതമാനം കന്നഡയിൽ നിന്നാണ്. തെലുങ്ക്, തമിഴ് പ്രദര്‍ശനങ്ങളില്‍ 70 ശതമാനത്തിലധികം പേര്‍ ചിത്രം കണ്ടു. മലയാളത്തില്‍ ഏകദേശം 65 ശതമാനം പ്രേക്ഷകരുണ്ടായിരുന്നു. ഹിന്ദി മേഖലയില്‍ 4,700 ഷോ പ്രദര്‍ശിപ്പിച്ചു.
ആദ്യദിന റെക്കോഡ്
രജനികാന്തിന്റെ കൂലി (65 കോടി രൂപ), പവന്‍ കല്യാണിന്റെ ദേ കോള്‍ ഹിം ഒജി (63.75 കോടി രൂപ) എന്നിവയ്ക്ക് പിന്നില്‍ 2025 ലെ ഏറ്റവും ഉയര്‍ന്ന മൂന്നാമത്തെ ഏകദിന കളക്ഷനുമായി കാന്താര ചാപ്റ്റര്‍ 1 ചരിത്രം കുറിച്ചു. വിക്കി കൗശലിന്റെ ചാവ (52 കോടി രൂപ), സയാര (ഒന്നാം ദിവസത്തെ കളക്ഷന്‍ റെക്കോഡ്) എന്നിവയും ഋഷഭ് ഷെട്ടിയുടെ തിരവിസ്മയം മറികടന്നു. ഒരു കന്നഡ ചിത്രത്തിന് ലഭിച്ച രണ്ടാമത്തെ ഉയര്‍ന്ന ആദ്യദിന കളക്ഷന്‍ ആണ് കാന്താര നേടിയത്. ആദ്യ ദിനത്തില്‍തന്നെ 2025ലെ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ മികച്ച 10 ചിത്രങ്ങളുടെ പട്ടികയില്‍ കാന്താര ഇടം നേടി.
ബോക്‌സ് ഓഫീസില്‍ എന്തു സംഭവിക്കുന്നു
ആദ്യ ദിവസം 60 കോടി രൂപ കളക്ഷന്‍ നേടിയ കാന്താര ചാപ്റ്റര്‍ 1 , ചാവ , സയാര തുടങ്ങിയ ചിത്രങ്ങളെ മറികടന്നെങ്കിലും രജനീകാന്തിന്റെ കൂലി, പവന്‍ കല്യാണിന്റെ ദേ കോള്‍ ഹിം ഒജി എന്നീ ചിത്രങ്ങളുടെ ഓപ്പണിങ് കളക്ഷനേക്കാള്‍ അല്പം പിന്നിലാണ്. 16 കോടി രൂപ ബജറ്റില്‍ നിര്‍മിച്ച കാന്താര (2022-ആദ്യഭാഗം) ലോകമെമ്പാടുനിന്നും 407 കോടിയിലധികം വാരിക്കൂട്ടിയിരുന്നു.
ഋഷഭ് ഷെട്ടി സംവിധാനം ചെയ്ത് അഭിനയിക്കുന്ന ചിത്രത്തില്‍ രുക്മിണി വസന്ത്, ഗുല്‍ഷന്‍ ദേവയ്യ, മലയാളികളുടെ പ്രിയ താരം ജയറാം എന്നിവരും പ്രധാന വേഷങ്ങളില്‍ അഭിനയിക്കുന്നു. ഛായാഗ്രഹണം- അരവിന്ദ് എസ്. കശ്യപ്, എഡിറ്റിങ്- സുരേഷ്, സംഗീതം- ബി.അജനീഷ് ലോക്‌നാഥ്, പ്രൊഡക്ഷന്‍ ഡിസൈന്‍- ബംഗ്ലാന്‍. ഹോംബാലെ ഫിലിംസിന്റെ ബാനറില്‍ വിജയ് കിരഗണ്ടൂരും ചാലുവേ ഗൗഡയും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്.