ഋഷഭ് ഷെട്ടി,രുക്മിണി വസന്ത് അറേഞ്ച്ഡ്
Kannada

ബാഹുബലിയെ കീഴടക്കി 'കാന്തര'; 11-ാം ദിനം 437 കോടി

പപ്പപ്പ റിപ്പോര്‍ട്ടര്‍

റിലീസ് ചെയ്ത് പതിനൊന്നാം ദിനവും 'കാന്തര' ബോക്‌സ് ഓഫീസ് പടയോട്ടം തുടരുന്നു. ഇന്ത്യന്‍ വെള്ളിത്തിരയിലെ ഇതിഹാസ ഹിറ്റ് എസ്.എസ്. രാജമൗലി-പ്രഭാസ് ടീമിന്റെ ബാഹുബലിയെ കീഴടക്കി. രണ്ടാഴ്ച തികയുന്നതിനു മുമ്പ് 437.35 കോടിരൂപയാണ് 'കാന്താര' നേടിയത്. പ്രഭാസ്, പൃഥ്വിരാജ് ടീമിന്റെ 'സലാര്‍: ഭാഗം 1 - സീസ്ഫയറി' ന്റെ ലൈഫ് ടൈം കളക്ഷനെയും മറികടന്ന് ലോകമെമ്പാടും തേരോട്ടം തുടരുകയാണ് 'കാന്താര' എന്ന തിരവിസ്മയം.

വാരാന്ത്യത്തിലെ ആകെ കളക്ഷനേക്കാള്‍ ബമ്പര്‍ കളക്ഷന്‍ കൂടി കാന്താര നേടി. രണ്ടാമത്തെ ശനിയാഴ്ചയും ഞായറാഴ്ചയും ചിത്രം പ്രതിദിനം 39 കോടി രൂപ നേടി. ഇതോടെ മൊത്തം കളക്ഷന്‍ 437.65 കോടി രൂപയായി എന്ന് സാക്‌നില്‍ക് റിപ്പോര്‍ട്ട് ചെയ്യുന്നു. ആദ്യ ആഴ്ചയില്‍ തന്നെ 'കാന്താര' 337.4 കോടി രൂപ നേടി. ഹിന്ദി പതിപ്പ് 108.75 കോടി രൂപയും കന്നഡ പതിപ്പ് 106.95 കോടി രൂപയും നേടി.

'കാന്താര ചാപ്റ്റര്‍- 1' ഇതിനകം ഈ വര്‍ഷത്തെ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ കന്നഡ ചിത്രമായി മാറി. 125 കോടി രൂപ കളക്ഷന്‍ നേടിയ 'സു ഫ്രം സോ'യെ മറികടന്നു. വര്‍ഷത്തിന്റെ ആദ്യ പകുതിയില്‍ പുറത്തിറങ്ങിയ രാം ചരണിന്റെ തെലുങ്ക് ഹിറ്റ് ഗെയിം 'ചേഞ്ചറി'ന്റെയും സല്‍മാന്‍ ഖാന്റെ 'സിക്കന്ദറി'ന്റെയും ലൈഫ് ടൈം കളക്ഷനും 'കാന്താര' പിന്നിലാക്കി. 'സലാര്‍' (406.45 കോടി രൂപ), 'ബാഹുബലി - ദി ബിഗിനിങ്' (420 കോടി രൂപ) എന്നീ ചിത്രങ്ങളുടെ ലൈഫ് ടൈം കളക്ഷനെയും ഋഷഭ് ചിത്രം മറികടന്നു

രചയിതാവായും സംവിധായകനായും നായകനായും ഋഷഭ് ഷെട്ടി വാണിജ്യസിനിമയിലെ തകര്‍ക്കാന്‍ പറ്റാത്ത താരമായി ജൈത്രയാത്ര തുടരുകയാണ്. മലയാളികളുടെ പ്രിയനടന്‍ ജയറാം, രുക്മിണി വസന്ത്, ഗുല്‍ഷന്‍ ദേവയ്യ എന്നിവരും 'കാന്താര'യിലെ പ്രധാന കഥാപാത്രങ്ങളാണ്. 'കാന്താര' ആദ്യഭാഗത്തിലെ അഭിനയത്തിന് ഋഷഭിന് മികച്ച നടനുള്ള ദേശീയ അവാര്‍ഡ് ലഭിച്ചിരുന്നു. മികച്ച ജനപ്രിയ ചിത്രത്തിനുള്ള ദേശീയ അവാര്‍ഡും 'കാന്താര'യ്ക്കായിരുന്നു.