'കാന്താര' ട്രെയിലറിൽ നിന്ന് സ്ക്രീൻ ​ഗ്രാബ്
Kannada

'കാന്താര'യ്ക്ക് കര്‍ണാടകയില്‍ ടിക്കറ്റ് ഇല്ല; ആദ്യ ദിനം തന്നെ റെക്കോഡ് ബുക്കിങ്

പപ്പപ്പ ഡസ്‌ക്‌

പ്രേക്ഷകര്‍ ആകാംഷയോടെ കാത്തിരിക്കുന്ന ഋഷഭ് ഷെട്ടിയുടെ 'കാന്താര' വന്‍ റെക്കോഡുകള്‍ സൃഷ്ടിക്കുമെന്ന സൂചനയാണ് കര്‍ണാടകയില്‍നിന്ന് പുറത്തുവരുന്നത്. ആദ്യഷോയ്ക്ക് കര്‍ണാടകയില്‍നിന്നുതന്നെ ഇതുവരെ അമ്പതിനായിരത്തിലേറെ ടിക്കറ്റുകള്‍ വിറ്റുപോയെന്നാണ് റിപ്പോര്‍ട്ട്. നാലരക്കോടിയോളം രൂപയാണ് ഈയിനത്തില്‍ നേടിയത്. ഒക്ടോബര്‍ രണ്ടിനാണ് ചിത്രം ആഗോളതലത്തില്‍ റിലീസ് ചെയ്യുന്നത്. കര്‍ണാടകയില്‍നിന്നുള്ള അഡ്വാൻസ് ബുക്കിങ് കണക്കുകള്‍ മാത്രമാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. കേരളത്തില്‍നിന്നും ചിത്രം കോടികള്‍ വാരിക്കൂട്ടുമെന്ന സൂചനകള്‍തന്നെയാണ് പുറത്തുവരുന്നത്. പൃഥ്വിരാജ് പ്രൊഡക്ഷൻസാണ് ചിത്രം കേരളത്തിൽ പ്രദർശനത്തിനെത്തിക്കുന്നത്.

റിസര്‍വേഷന്‍ ആരംഭിച്ച് വൈകാതെതന്നെയാണ് കർണാടകയിൽ ഇത്രയും ടിക്കറ്റുകള്‍ വിറ്റുപോയത്. ബെംഗളൂരു സിറ്റി സിറ്റി, കുന്താപുര, ദേവനഗര എന്നിവിടങ്ങളിലാണ് റെക്കോഡ് അഡ്വാന്‍സ് ബുക്കിങ്. തുടര്‍ന്നുള്ള ഷോകളുടെയും വരും ദിവസങ്ങളിലെയും കണക്കുകളും കൂടി ചേര്‍ക്കുമ്പോള്‍ ബുക്കിങ് ലക്ഷങ്ങള്‍ കവിയുമെന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. പ്രധാന നഗരങ്ങളില്‍ മാത്രമല്ല, ഗ്രാമപ്രദേശങ്ങളിലുള്ള തിയറ്റുകളില്‍പ്പോലും പ്രത്യേക ഷോ കാന്താരയ്ക്കായി ഒരുക്കിയിട്ടുണ്ട്. കന്നഡസിനിമയുടെ ചരിത്രത്തിലെ അപൂര്‍വനിമിഷങ്ങളാണിതെന്നാണ് കാന്താര ആരാധകർ വാഴ്ത്തുന്നത്.

'കാന്താര' ട്രെയിലറിലെ മറ്റൊരു ദൃശ്യം

ചലച്ചിത്രാസ്വാദകര്‍ ആകാംഷയോടെ കാത്തിരിക്കുന്നത് 'കാന്താര'യിലെ യുദ്ധരംഗങ്ങളാണ്. ചിത്രത്തിലെ യുദ്ധരംഗങ്ങളെക്കുറിച്ച് നിരവധി വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. ആയോധനകല ഉള്‍പ്പെടെയുള്ളവയില്‍ പരിശീലനം നേടിയ അഞ്ഞുറിലേറെപ്പേരാണ് യുദ്ധരംഗങ്ങളിലെ മുന്നണിപ്പോരാളികള്‍. കൂടാതെ പടയാളികളായി 3,000 പേരും യുദ്ധരംഗങ്ങളിലുണ്ട്. ഇന്ത്യന്‍ സിനിമയില്‍ ഇതുവരെ പരീക്ഷിച്ചതില്‍ വച്ച് ഏറ്റവും വലിയ രണ്ടാം ഭാഗമെന്നാണ് നിമാതാക്കള്‍ ചിത്രത്തെ വിശേഷിപ്പിക്കുന്നത്.