'കാന്താര'യ്ക്ക് ആദരവുമായി ഇന്ത്യാ പോസ്റ്റ് പുറത്തിറക്കിയ പോസ്റ്റ് കാർഡ് അറേഞ്ച്ഡ്
Kannada

'കാന്താര'യ്ക്ക് ആദരം; പ്രത്യേക പോസ്റ്റ് കാര്‍ഡ് പുറത്തിറക്കി ഇന്ത്യാ പോസ്റ്റ്

പപ്പപ്പ റിപ്പോര്‍ട്ടര്‍

'കാന്താര' ഇന്ത്യന്‍ വെള്ളിത്തിരയിലെ റെക്കോഡുകള്‍ തകര്‍ക്കുമോ..? റിലീസിനു മുമ്പുതന്നെ 'കാന്താര'യുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ പ്രേക്ഷകഹൃദയങ്ങളിലൂടെ ജൈത്രയാത്ര തുടരുകയാണ്. ആകാംഷയോടെയാണ് തിയറ്റര്‍ റിലീസിനായി ആരാധകര്‍ കാത്തിരിക്കുന്നത്. ടീസറും പോസ്റ്ററുകളും ലക്ഷക്കണക്കിനുപേരാണ് ഏറ്റെടുത്തത്. റിലീസിനുമുമ്പ് ഇത്രത്തോളം ചര്‍ച്ച ചെയ്യപ്പെട്ട മറ്റൊരു സിനിമയും ഇന്ത്യന്‍ ചലച്ചിത്രവ്യവസായത്തില്‍ ഉണ്ടായിട്ടില്ലെന്നും ചിലര്‍ അവകാശപ്പെടുന്നു.

ഇപ്പോള്‍ 'കാന്താര'യ്ക്ക് ആദരവുമായി ഇന്ത്യാ പോസ്റ്റും രംഗത്തെത്തി. കര്‍ണാടകയുടെ സാംസ്‌കാരിക പൈതൃകത്തിനുള്ള ബഹുമാനാര്‍ഥം ഇന്ത്യാ പോസ്റ്റ്, പോസ്റ്റ് കാര്‍ഡും കവറും പുറത്തിറക്കിയാണ് ആദരം അറിയിച്ചത്. കര്‍ണാടകയുടെ പാരമ്പര്യ ആചാരകലയായ 'ഭൂതക്കോലം' ചിത്രത്തില്‍ അവതരിപ്പിച്ചിട്ടുണ്ട്. 'ഭൂതക്കോല'ത്തിനുള്ള ആദരം കൂടിയാണിത്.

നായകനും സംവിധായകനുമായ ഋഷഭ് ഷെട്ടിക്കും നിര്‍മാതാവ് വിജയ് കിരഗണ്ടൂരിനുമാണ് ആദ്യ പോസ്റ്റ് കാര്‍ഡ് സമ്മാനിച്ചത്. പ്രൗഢഗംഭീരമായ ചടങ്ങിലായിരുന്നു പോസ്റ്റ് കാര്‍ഡ് പുറത്തിറക്കിയത്. ഹോംബാലെ ഫിലിംസുമായി സഹകരിച്ചാണ് പോസ്റ്റ്കാർഡ് തയാറാക്കിയത്. ഋഷഭ് ഷെട്ടിക്കും നിര്‍മാതാവ് വിജയ് കിരഗണ്ടൂരിനും പോസ്റ്റ് കാര്‍ഡ് സമ്മാനിക്കുന്ന നിമിഷത്തിന്റെ ചിത്രങ്ങള്‍ സമൂഹമാധ്യമത്തില്‍ ഇന്ത്യ പോസ്റ്റ് പങ്കുവയ്ക്കുകയും ചെയ്തു.

'കാന്താര'യ്ക്ക് ആദരവുമായി ഇന്ത്യാ പോസ്റ്റ് പുറത്തിറക്കിയ പോസ്റ്റ് കാർഡ് നായകനും സംവിധായകനുമായ ഋഷഭ് ഷെട്ടിക്കും നിര്‍മാതാവ് വിജയ് കിരഗണ്ടൂരിനും നല്കി പ്രകാശനം ചെയ്തപ്പോൾ

ഭക്തി, നാടോടിക്കഥകള്‍, പാരമ്പര്യം എന്നിവ സമന്വയിക്കുന്ന ആചാരമായ 'ഭൂതക്കോല'ത്തിന്റെ പോസ്റ്റ് കാര്‍ഡുകള്‍ പുറത്തിറക്കിയതോടെ കന്നഡമണ്ണിന്റെ ആത്മാവിനെ തൊട്ടറിയുകയാണെന്ന് ഇന്ത്യാ പോസ്റ്റ് അധികൃതർ പറയുന്നു.

ഈ ആഴ്ച ആദ്യം പുറത്തിറങ്ങിയ കാന്താര: അധ്യായം 1 -ന്റെ ട്രെയിലര്‍ പ്രേക്ഷകരെ ഇളക്കിമറിച്ചു. യുദ്ധരംഗങ്ങളില്‍ മൂവായിരത്തിലേറെ പരിശീലനം സിദ്ധിച്ച ജൂനിയര്‍ ആര്‍ട്ടിസ്റ്റുകളാണ് അണിനിരക്കുന്നത്. ഒക്ടോബര്‍ രണ്ടിന് ലോകമെമ്പാടും റിലീസ് ചെയ്യുന്ന കാന്താര: ചാപ്റ്റര്‍ 1 കന്നഡ, ഹിന്ദി, തെലുങ്ക്, മലയാളം, തമിഴ്, ബംഗാളി, ഇംഗ്ലീഷ് ഭാഷകളില്‍ കാണാം.