ഗീതു മോഹൻദാസ് യാഷിനെ നായകനാക്കി സംവിധാനം ചെയ്യുന്ന 'ടോക്സിക്: എ ഫെയറി ടെയിൽ ഫോർ ഗ്രോൺ-അപ്സിന്റെ റിലീസിന് ഇനി 100ദിവസം. 2026 മാർച്ച് 19 ന് ആണ് ചിത്രം തിയേറ്ററുകളിലെത്തുക. 100 ദിവസത്തിലേക്കുള്ള കൗണ്ട് ഡൗണിന്റെ ഭാഗമായി ചിത്രത്തിന്റെ പുതിയ പോസ്റ്റർ റിലീസ് ചെയ്തു. റോക്കിങ് സ്റ്റാർ യാഷിന്റെ മാസ് ലുക് ആണ് ഇതിന്റെ ആകർഷണം.
രക്തം ഒലിച്ചിറങ്ങുന്ന ബാത്ത് ടബ്ബിൽ, സെക്സി, പരുക്കൻ ലുക്കിലാണ് യാഷിനെ പോസ്റ്ററിൽ അവതരിപ്പിച്ചിരിക്കുന്നത്. മുഖം തിരിഞ്ഞിരിക്കുകയാണെങ്കിലും, ഒരു പ്രകാശരേഖയാൽ പ്രകാശിതനായി അദ്ദേഹം പുറത്തേക്ക് നോക്കുന്നു. ശരീരം ടാറ്റൂകൾ കൊണ്ട് അലങ്കരിച്ചിരിക്കുന്നു.
ഇതിനൊപ്പം, ചിത്രത്തിലെ പ്രഗത്ഭരായ സാങ്കേതിക വിദഗ്ധരുടെ ടീമിനെയും ഔദ്യോഗികമായി പ്രഖ്യാപിച്ചു. ദേശീയ അവാർഡ് ജേതാവ് രാജീവ് രവിയാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിക്കുന്നത്. യാഷിന്റെ കെജിഎഫിന് സംഗീതം പകർന്ന രവി ബസ്രൂർ ആണ് സംഗീതസംവിധായകൻ. എഡിറ്റിങ് ഉജ്വൽ കുൽക്കർണിയാണ്, പ്രൊഡക്ഷൻ ഡിസൈൻ- ടി.പി ആബിദ്. ജോൺ വിക്കിലൂടെ പ്രശസ്തനായ ഹോളിവുഡ് ആക്ഷൻ ഡയറക്ടർ ജെ.ജെ പെറിയും ദേശീയ അവാർഡ് ജേതാക്കളായ ആക്ഷൻ ഡയറക്ടർമാർ അൻപറിവും ചേർന്നാണ് ചിത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട ചില ആക്ഷൻ സീക്വൻസുകൾ ഒരുക്കിയത്.
യാഷും ഗീതു മോഹൻദാസും ചേർന്ന് രചിച്ച ടോക്സിക് ഇംഗ്ലീഷിലും കന്നഡയിലും ഒരേസമയം ചിത്രീകരിച്ചിട്ടുണ്ട്, കൂടാതെ ഹിന്ദി, തെലുങ്ക്, തമിഴ്, മലയാളം, മറ്റ് ഭാഷകളിലും ഡബ്ബ് ചെയ്യപ്പെടും. കെവിഎൻ പ്രൊഡക്ഷൻസിന്റെയും മോൺസ്റ്റർ മൈൻഡ് ക്രിയേഷൻസിന്റെയും കീഴിൽ വെങ്കട്ട് കെ. നാരായണയും യാഷും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.