അനന്ത് നാ​ഗ് ഫോട്ടോകടപ്പാട്-എൻഡിടിവി
Kannada

അനന്ത് നാ​ഗിന് ദാദാസാഹേബ് ഫാൽക്കെ പുരസ്കാരം

പപ്പപ്പ റിപ്പോര്‍ട്ടര്‍

മുതിർന്ന കന്നഡ നടൻ അനന്ത് നാഗിന് 2024ലെ ദാദാസാഹേബ് ഫാൽക്കെ പുരസ്കാരം. സെപ്റ്റംബർ 22ന് ഗുജറാത്തിലെ കെവാഡിയയിൽ നടക്കുന്ന ദേശീയ ചലച്ചിത്ര പുരസ്കാരവിതരണച്ചടങ്ങിൽ സമ്മാനിക്കും. കഴിഞ്ഞ വർഷം അനന്ത് നാഗിന് പത്മഭൂഷൺ പുരസ്കാരവും ലഭിച്ചിരുന്നു.

ഇന്ത്യൻ സിനിമയ്ക്ക് നൽകിയ സംഭാവനകളും തലമുറകളെ പ്രചോദിപ്പിച്ച സമ്പന്നമായ ചലച്ചിത്രയാത്രയും പരിഗണിച്ചാണ് അനന്ത് നാഗിന് 2024ലെ ദാദാസാഹേബ് ഫാൽക്കെ പുരസ്കാരം നൽകുന്നത്. കഴിഞ്ഞ വർഷം മോഹൻലാലിനായിരുന്നു ദാദാസാഹേബ് ഫാൽക്കെ പുരസ്കാരം ലഭിച്ചത്.

78കാരനായ അനന്ത് നാ​ഗ് അഞ്ച് പതിറ്റാണ്ടിലേറെ നീണ്ട അഭിനയജീവിതത്തിൽ വിവിധ ഭാഷകളിലായി 250ലേറെ സിനിമകളിൽ അഭിനയിച്ചു. ‘മിഞ്ചിന ഓട്ട’, ‘ഹംസഗീതെ’, ‘അങ്കുർ’, ‘മന്തൻ’ തുടങ്ങിയ ഹിന്ദി, കന്നഡ സിനിമകളിലെ ക്ലാസിക് ചിത്രങ്ങളിലെ പ്രകടനം അദ്ദേഹത്തെ പ്രശസ്തനാക്കി. ലെനിൻ രാജേന്ദ്രൻ സംവിധാനം ചെയ്ത 'സ്വാതിതിരുനാൾ' എന്ന മലയാളസിനിമയിൽ സ്വാതിതിരുനാളിന്റെ വേഷം അഭിനയിച്ചത് അനന്ത് നാ​ഗാണ്. സിനിമയ്ക്കൊപ്പം രാഷ്ട്രീയത്തിലും സജീവമായിരുന്ന അനന്ത് നാഗ് കർണാടകയിൽ മന്ത്രിയായും പ്രവർത്തിച്ചിട്ടുണ്ട്.

തീരദേശ കർണാടകയിലെ ഭട്കലിലാണ് അനന്ത് നാ​ഗിന്റെ ജനനം. ഉന്നത വിദ്യാഭ്യാസത്തിനായി മുംബൈയിലെത്തിയതാണ് അദ്ദേഹത്തിന്റെ ജീവിതത്തെ മാറ്റിമറിച്ചത്. മുംബൈയിലെത്തിയപ്പോൾ വല്ലാത്ത ഒറ്റപ്പെടൽ അനുഭവിച്ച അനന്ത് നാ​ഗ് ക്രമേണ നഗരത്തിലെ നാടകപ്രസ്ഥാനത്തിലേക്ക് ആകർഷിക്കപ്പെട്ടു. അഞ്ച് വർഷത്തോളം കൊങ്കണി, ഹിന്ദി, മറാത്തി ഭാഷകളിൽ അദ്ദേഹം നാടകങ്ങളിൽ അഭിനയിച്ചു.

അനന്ത് നാ​ഗ്

ഇക്കാലയളവിലാണ് സത്യദേവ് ദുബെ, ഗിരീഷ് കർണാട്, അമോൽ പലേക്കർ തുടങ്ങിയവരെ പരിചയപ്പെടുന്നതും അവരുടെ സ്വാധീനം അദ്ദേഹത്തിലുണ്ടാകുന്നതും. 1973ൽ പുറത്തിറങ്ങിയ കന്നഡ ചിത്രം ‘സങ്കൽപ’യിലൂടെയാണ് അനന്ത് നാഗ് സിനിമയിലെത്തുന്നത്. പിന്നീട് 1970കളിലും 1980കളിലും കന്നഡയിലെ സമാന്തര സിനിമയുടെ അവിഭാജ്യഘടകമായി അദ്ദേഹം മാറി.

സത്യദേവ് ദുബെയാണ് അനന്ത് നാഗിനെ ശ്യാം ബെനഗലിന് പരിചയപ്പെടുത്തിയത്. തുടർന്ന് ഇരുവരും ആറ് സിനിമകളിൽ ഒരുമിച്ച് പ്രവർത്തിച്ചു. ഇവയെല്ലാം തന്നെ ക്ലാസിക് ചിത്രങ്ങളായി മാറി.‘അങ്കുർ’ ആയിരുന്നു ആ കൂട്ടുകെട്ടിന്റെ തുടക്കം. അനന്ത് നാഗിന്റെ ആദ്യ ഹിന്ദി ചിത്രവും ഇതുതന്നെയായിരുന്നു. തുടർന്ന് ‘നിശാന്ത്’, ‘മന്തൻ’, ‘ഭൂമിക’, ‘കൊണ്ടുര’, ‘കല്യുഗ്’ എന്നീ ചിത്രങ്ങളിലും അദ്ദേഹം ശ്യാം ബെനഗലിനൊപ്പം പ്രവർത്തിച്ചു. സഹോദരനും സംവിധായകനുമായ ശങ്കർ നാഗ് ഒരുക്കിയ ആർ. കെ. നാരായണന്റെ വിഖ്യാത കൃതിയുടെ ടെലിവിഷൻ ആവിഷ്‌കാരമായ ‘മാൽഗുഡി ഡേയ്സ്’ എന്ന ജനപ്രിയ ദൂരദർശൻ പരമ്പരയിലും അനന്ത് നാഗ് അഭിനയിച്ചിട്ടുണ്ട്.

അനന്ത് നാ​ഗ് അഭിനയിച്ച മലയാളസിനിമയായ 'സ്വാതിതിരുനാളി'ന്റെ പോസ്റ്റർ

കന്നഡിലെ വാണിജ്യ സിനിമയിലും അനന്ത് നാഗ് ഒരുപോലെ വിജയിച്ചു. 1975ൽ ജി. ബി. അയ്യർ സംവിധാനം ചെയ്ത ‘ഹംസഗീതെ’യിൽ കർണാടക സംഗീതത്തിന്റെ ശിഷ്യനായി അനന്ത് നാഗ് അവതരിപ്പിച്ച കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടു. ചിത്രത്തിന് കന്നഡയിലെ മികച്ച ഫീച്ചർ ഫിലിമിനുള്ള ദേശീയ ചലച്ചിത്ര പുരസ്കാരം ലഭിച്ചു.

ഗായകനായും തബല വാദകനായും കഴിവ് തെളിയിച്ച ബഹുമുഖ പ്രതിഭയാണ് അനന്ത് നാഗ്. താരങ്ങൾ തങ്ങളുടെ പ്രത്യേക അഭിനയ ശൈലിയും മാനറിസങ്ങളും സജീവമായി രൂപപ്പെടുത്തിയിരുന്ന കാലഘട്ടത്തിൽ സ്വാഭാവികമായ അഭിനയത്തിലൂടെയാണ് അദ്ദേഹം ശ്രദ്ധേയനായത്. ‘ബയലു ദാരി’, ‘നാ നിന്ന ബിടലാരെ’, ‘ചന്ദനദ ഗൊംബെ’, ‘അരുണ രാഗ’, ‘മുടുദിദ താവരെ അരളിതു’, ‘ബ്രേക്കിങ് ന്യൂസ്’, ‘ദശമുഖ’, ‘ഗോധി ബണ്ണ സാധാരണ മൈക്കട്ടു’, ‘കെജിഎഫ്’ തുടങ്ങിയവയാണ് അനന്ത് നാഗിന്റെ പ്രധാന കന്നഡ ഹിറ്റുകൾ.

അനന്ത് നാ​ഗും ശബാന ആസ്മിയും 'അങ്കുർ' എന്ന സിനിമയിൽ

കർണാടകയിലെ ജെ. എച്ച്. പട്ടേൽ മന്ത്രിസഭയിൽ മന്ത്രിയായിരുന്ന അനന്ത് നാഗ്, ജയപ്രകാശ് നാരായണന്റെ നേതൃത്വത്തിലുള്ള ജെ.പി. പ്രസ്ഥാനത്തിന്റെ ശക്തമായ സ്വാധീനം തനിക്കുണ്ടായിരുന്നുവെന്ന് നേരത്തെ പറഞ്ഞിട്ടുണ്ട്. 2004ൽ ബെംഗളൂരുവിലെ ചാമരാജ്പേട്ട് നിയമസഭാ മണ്ഡലത്തിൽ ജനതാദൾ (സെക്കുലർ) സ്ഥാനാർഥിയായി മത്സരിച്ചെങ്കിലും പരാജയപ്പെട്ടു.

സഹോദരൻ ശങ്കർ നാഗിനെയും സിനിമയിലേക്ക് കൊണ്ടുവന്നത് അനന്ത് നാഗാണ്. 1990ൽ 35ാം വയസ്സിൽ വാഹനാപകടത്തിൽ മരിക്കുന്നതുവരെ ശങ്കർ നാഗ് അനന്ത് നാഗ് അഭിനയിച്ച നിരവധി ചിത്രങ്ങളിൽ നടനായും എഴുത്തുകാരനായും സംവിധായകനായും നിർമാതാവായും പ്രവർത്തിച്ചു.

അനന്ത് നാ​ഗ് സഹോദരൻ ശങ്കർ നാ​ഗിനൊപ്പം

1969ലാണ് ദാദാസാഹേബ് ഫാൽക്കെ പുരസ്കാരം ആദ്യമായി ഏർപ്പെടുത്തിയത്. ഇന്ത്യൻ സിനിമയിലെ പരമോന്നത പുരസ്കാരമായഫാൽക്കെ പുരസ്കാരമാണിത്. 1913ൽ പുറത്തിറങ്ങിയ ‘രാജാ ഹരിശ്ചന്ദ്ര’ എന്ന ചിത്രത്തിലൂടെ ഇന്ത്യൻ സിനിമയുടെ പിതാവായി വിശേഷിപ്പിക്കപ്പെടുന്ന ദാദാസാഹേബ് ഫാൽക്കെയുടെ പേരിലാണ് പുരസ്കാരം നൽകുന്നത്.

അനന്ത് നാ​ഗ്(വലത്) 'മാൽ​ഗുഡി ഡേയ്സി'ൽ

പ്രധാനമന്ത്രി നരേന്ദ്ര മോദി അനന്ത് നാഗിനെ അഭിനന്ദിച്ചു. 'നിരവധി പതിറ്റാണ്ടുകളായി അദ്ദേഹത്തിന്റെ അനായാസമായ അഭിനയവും അസാധാരണമായ വൈവിധ്യവും മികവും ഇന്ത്യൻ സിനിമയിൽ, പ്രത്യേകിച്ച് കന്നഡ സിനിമയിൽ, ശക്തമായ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്. അദ്ദേഹം അവതരിപ്പിച്ച ഓരോ കഥാപാത്രത്തിനും അപൂർവമായ ആഴവും ആധികാരികതയും പകരാൻ അദ്ദേഹത്തിന് കഴിഞ്ഞു'-പ്രധാനമന്ത്രി പറഞ്ഞു. എക്‌സിൽ പങ്കുവെച്ച കുറിപ്പിൽ, 'വേറിട്ടുനിൽക്കുന്ന ഒരു കലാകാരന് അർഹമായ ആദരം' എന്നാണ് മോദി പുരസ്കാരത്തെ വിശേഷിപ്പിച്ചത്.