ഇന്‍സെപ്ഷനിലെ ഡൊമിനിക് കോബിന്റെ വേഷത്തിനായി സംവിധായകൻ ക്രിസ്റ്റഫര്‍ നോളന്‍ തന്നെ സമീപിച്ചതായി ഹോളിവുഡിലെ ശ്രദ്ധേയതാരം വില്‍ സ്മിത്ത് വെളിപ്പെടുത്തി. ഇമാന്‍സിപേഷന്‍, മെന്‍ ഇന്‍ ബ്ലാക്ക്, ദി പര്‍സ്യൂട്ട് ഓഫ് ഹാപ്പിനെസ് തുടങ്ങിയ ചിത്രങ്ങളിലെ അഭിനയത്തിന് പേരുകേട്ട വില്‍ സ്മിത്ത്, ക്രിസ്റ്റഫര്‍ നോളന്റെ ഇന്‍സെപ്ഷന്‍ എന്ന ചിത്രം എന്താണ് പറയാന്‍ ശ്രമിക്കുന്നതെന്ന് മനസിലാകാത്തതുകൊണ്ടാണ് നിരസിച്ചതെന്നും വെളിപ്പെടുത്തി.
2010-ലെ സയന്‍സ് ഫിക്ഷന്‍ സൂപ്പര്‍ഹിറ്റ് ചിത്രമായ ഇന്‍സെപ്ഷനിലെ നായകനായ ഡൊമിനിക് കോബിന്റെ വേഷം വില്‍ സ്മിത്ത് അഭിനയിക്കണമെന്നായിരുന്നു ആദ്യ തീരുമാനം. പിന്നീട്, 'ടൈറ്റാനിക്കി'ലൂടെ സുപരിചിതനായ വിഖ്യാത നടന്‍ ലിയോനാര്‍ഡോ ഡികാപ്രിയോ ആ വേഷം ചെയ്യുകയായിരുന്നു. രഹസ്യങ്ങള്‍ മോഷ്ടിക്കാന്‍ വേണ്ടി ആളുകളുടെ സ്വപ്നങ്ങളില്‍ നുഴഞ്ഞുകയറുന്ന ഡൊമിനിക് കോബ് എന്ന കള്ളനെയാണ് ചിത്രം പിന്തുടരുന്നത്.
യുകെ റേഡിയോ കിസിനു നല്‍കിയ അഭിമുഖത്തിലാണ് വില്‍ സ്മിത്തിന്റെ വെളിപ്പെടുത്തല്‍. 'ഞാന്‍ ഒരിക്കലും അത് പരസ്യമായി പറഞ്ഞിട്ടില്ല. പക്ഷേ ഞങ്ങള്‍ പരസ്പരം മനസുതുറക്കുന്നതിനാല്‍ ഞാന്‍ പറയുന്നു. നോളന്‍ പറഞ്ഞത് എനിക്ക് ആദ്യം മനസിലായില്ല...'
'ദി ഹോളിവുഡ് റിപ്പോര്‍ട്ടര്‍' പറയുന്നതനുസരിച്ച്, ക്രിസ്റ്റഫര്‍ നോളന്‍ ആദ്യം ബ്രാഡ് പിറ്റിനെ സമീപിച്ചു. പിറ്റ് പിന്‍മാറിയപ്പോള്‍ വില്‍ സ്മിത്തിനെ സമീപിച്ചു. വില്‍ സ്മിത്ത് സിനിമ നിരസിച്ചതിനുശേഷം, അദ്ദേഹം ലിയോനാര്‍ഡോ ഡികാപ്രിയോയെ സമീപിച്ചു.
ക്വെന്റിന്‍ ടരാന്റിനോയുടെ 'ജാങ്കോ അണ്‍ചെയിന്‍ഡ്' എന്ന ചിത്രവും വില്‍ സ്മിത്ത് നിരസിച്ചിരുന്നു. അദ്ദേഹത്തെ പ്രധാന വേഷത്തില്‍ അവതരിപ്പിക്കണമെന്ന് സംവിധായകന്‍ ആഗ്രഹിച്ചു. ആ ചിത്രം ഒടുവില്‍ ജാമി ഫോക്‌സിന് ലഭിച്ചു.