ടോം ഹോളണ്ട് 'സ്പൈഡർമാൻ' ഷൂട്ടിങ്ങിനിടെ ഫോട്ടോകടപ്പാട്-ഇൻസ്റ്റ​ഗ്രാം
Hollywood

ഇവനാണ് 'ഉലകനായകന്‍'; ലോകത്തില്‍ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ താരമായി ടോം ഹോളണ്ട്

പപ്പപ്പ റിപ്പോര്‍ട്ടര്‍

ലോക സിനിമയിലെ ഏറ്റവും ഉയര്‍ന്ന ബോക്‌സ് ഓഫീസ് കളക്ഷന്‍ നേടുന്ന താരമെന്ന ചരിത്ര നേട്ടം സ്വന്തമാക്കി ടോം ഹോളണ്ട്. 'ദ് ഒഡീസി', 'സ്‌പൈഡര്‍മാന്‍: ബ്രാന്‍ഡ് ന്യൂ ഡേ' എന്നീ ചിത്രങ്ങളുടെ വമ്പന്‍ വിജയമാണ് ഹോളണ്ടിനെ ഈ റെക്കോഡിലേക്കെത്തിച്ചത്. 'അവഞ്ചേഴ്‌സ്', 'അവതാര്‍' ചിത്രങ്ങളിലൂടെ ഒന്നാമതായിരുന്ന സോയി സല്‍ദാന, സ്‌കാര്‍ലറ്റ് ജൊഹാന്‍സണ്‍ എന്നിവരെ മറികടന്നാണ് ഹോളണ്ടിന്റെ ഈ മുന്നേറ്റം.

റിപ്പോര്‍ട്ടുകള്‍ പ്രകാരം ടോം ഹോളണ്ട് അഭിനയിച്ച ചിത്രങ്ങള്‍ ആകെ 15.5 ബില്യണ്‍ ഡോളറിലധികം (ഏകദേശം 1.29 ലക്ഷം കോടി രൂപ) ബോക്‌സ് ഓഫീസില്‍ നിന്ന് സ്വന്തമാക്കിയിട്ടുണ്ട്. സോയി സല്‍ദാനയുടെ ചിത്രങ്ങള്‍ 15.47 ബില്യണ്‍ ഡോളറും സ്‌കാര്‍ലറ്റ് ജൊഹാന്‍സന്റെ ചിത്രങ്ങള്‍ 15.4 ബില്യണ്‍ ഡോളറുമാണ് മുമ്പ് നേടിയിരുന്നത്. വെറും 30 വയസു മാത്രം പ്രായമുള്ളപ്പോള്‍ തന്നെ ഈ അപൂര്‍വ റെക്കോഡ് കൈവരിക്കാന്‍ സാധിച്ചു എന്നത് താരത്തിന്റെ കരിയറിലെ വലിയൊരു നാഴികക്കല്ലാണ്.

ടോം ഹോളണ്ട് 'ദ് ഒഡീസി'യിൽ

ഈ വര്‍ഷം പുറത്തിറങ്ങിയ ഹോളണ്ടിന്റെ രണ്ട് ചിത്രങ്ങളും ആഗോളതലത്തില്‍ വന്‍ തരംഗമാണ് സൃഷ്ടിച്ചത്. ഡെസ്റ്റിൻ ഡാനിയേൽ ക്രട്ടണ്‍ സംവിധാനം ചെയ്ത 'സ്‌പൈഡര്‍മാന്‍: ബ്രാന്‍ഡ് ന്യൂ ഡേ' ലോകമെമ്പാടുമായി 2.4 ബില്യണ്‍ ഡോളറിലധികം നേടി, 'അവതാര്‍', 'അവഞ്ചേഴ്‌സ് എന്‍ഡ്ഗെയിം' എന്നിവയ്ക്ക് പിന്നില്‍ ലോക സിനിമയില്‍ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടുന്ന മൂന്നാമത്തെ ചിത്രമായി മാറി. നോളന്‍ സംവിധാനം ചെയ്ത ആക്ഷന്‍ എപിക് ചിത്രം 'ദ് ഒഡീസി' 1.6 ബില്യണ്‍ ഡോളറിലധികം നേടുകയും എക്കാലത്തെയും ഉയര്‍ന്ന കളക്ഷന്‍ നേടുന്ന ആര്‍-റേറ്റഡ് ചിത്രമെന്ന റെക്കോര്‍ഡ് സ്ഥാപിക്കുകയും ചെയ്തു.

ടോം ഹോളണ്ട്

'ദ് ഒഡീസി'യുടെ ചരിത്രപരമായ വിജയത്തോടെ വിതരണക്കാരായ യൂണിവേഴ്‌സല്‍ പിക്‌ചേഴ്‌സിന്റെ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടുന്ന സിനിമയായും ഇത് മാറി. 'ജുറാസിക് വേള്‍ഡ് റീബര്‍ത്ത്' സ്ഥാപിച്ച റെക്കോര്‍ഡാണ് ഈ ചിത്രത്തിലൂടെ തകര്‍ന്നത്. സൂപ്പര്‍ഹീറോ പരമ്പരയിലെ അടുത്ത ചിത്രത്തിലും ടോം ഹോളണ്ട് തന്നെ സ്‌പൈഡര്‍മാനായി എത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.