ലോകചരിത്രത്തിലെ ഏറ്റവും വലിയ സമുദ്രദുരന്തം സംഭവിച്ചിട്ട് 114 വർഷം പിന്നിട്ടു. ജലരാജൻ എന്നു വിശേഷിപ്പിക്കപ്പെട്ട ടൈറ്റാനിക് തകർന്നടിഞ്ഞ ഏപ്രിൽ 15, ഇന്നും ഞെട്ടലോടെ ലോകം ഓർക്കുന്നു. 1912 ഏപ്രിൽ 15ന് പുലർച്ചെ 2.20-ാടെയാണ് സൗതാംപ്ടണിൽനിന്ന് ന്യൂയോർക്കിലേക്കുള്ള കന്നിയാത്രയ്ക്കിടെ കൂറ്റൻ മഞ്ഞുമലയിലിടിച്ച് ടൈറ്റാനിക് അറ്റ്ലാന്റിക് സമുദ്രത്തിൽ തടകർന്നടിഞ്ഞത്. 1,500-ലധികം ജീവനുകൾ പൊലിഞ്ഞ ആ ദിനം ഇന്നും 'ടൈറ്റാനിക് റിമംബറൻസ് ഡേ' ആയി ആചരിക്കുന്നു.
പതിറ്റാണ്ടുകൾക്കു മുമ്പു നടന്ന ദുരന്തത്തെ ആധുനിക ജനതയുടെ ഹൃദയത്തോടു ചേർത്തുനിർത്തിയത് 1997-ൽ ജെയിംസ് കാമറൂൺ സംവിധാനം ചെയ്ത 'ടൈറ്റാനിക്' എന്ന ചിത്രമാണ്. യഥാർഥ ദുരന്തത്തെ ഒരു പ്രണയകഥയുമായി കോർത്തിണക്കിയപ്പോൾ അതു ചരിത്രത്തോടൊപ്പം വൈകാരികമായ ഒരു അനുഭവം കൂടിയായി മാറി. കപ്പൽ മുങ്ങുന്ന നിമിഷം കാണിക്കുമ്പോൾ അതിലെ ക്ലോക്കിൽ സമയം കൃത്യം 2.20 എന്നു രേഖപ്പെടുത്തിയത് ചരിത്രപരമായ കൃത്യതയുടെ അടയാളമായി ഇന്നും വിലയിരുത്തപ്പെടുന്നു.
ചിത്രത്തിന്റെ ക്ലൈമാക്സിൽ റോസ് ഒഴുകി നടക്കുന്ന ഒരു മരക്കഷണത്തിൽ അഭയം പ്രാപിക്കുന്നതും ജാക്ക് തണുത്തുറഞ്ഞ വെള്ളത്തിൽ മരിക്കുന്നതും ലോകമെമ്പാടുമുള്ള സിനിമാപ്രേമികളെ കണ്ണീരിലാഴ്ത്തിയ രംഗമാണ്. പതിറ്റാണ്ടുകളായി ഈ ഒരു രംഗം വലിയ ചർച്ചകൾക്കു വഴിതെളിച്ചു. ആ മരക്കഷണത്തിൽ ജാക്കിന് കൂടി കയറിയിരിക്കാൻ സ്ഥലമുണ്ടായിരുന്നില്ലേ എന്ന ചോദ്യം ഇന്നും സോഷ്യൽ മീഡിയയിൽ തുടരുന്നു.
എന്നാൽ, അടുത്തിടെ ഒരു അഭിമുഖത്തിൽ നടി കേറ്റ് വിൻസ്ലെറ്റ് ഇതിനെക്കുറിച്ച് രസകരമായ വെളിപ്പെടുത്തൽ നടത്തി. സിനിമയിൽ കണ്ട ആ വസ്തു യഥാർഥത്തിൽ 'വാതിൽ' ആയിരുന്നില്ല, മറിച്ച് കപ്പലിലെ ഗോവണിയുടെ ഭാഗമായിരുന്ന വുഡൻ പാനൽ ആയിരുന്നു അത്. അതിൽ ജാക്കിന് സ്ഥലം ഉണ്ടോ ഇല്ലയോ എന്നത് ഇപ്പോഴും നിഗൂഢതയായി തുടരുന്നു.
ചിത്രത്തിന്റെ അവസാനം പ്രായമായ റോസ് സ്വപ്നാടനത്തിലെന്നപോലെ, കപ്പലിലേക്കു തിരികെ പോകുന്നതും, മരിച്ചുപോയ എല്ലാവരുടെയും സാന്നിധ്യത്തിൽ ജാക്കിനെ വീണ്ടും കണ്ടുമുട്ടുന്നതും മനോഹരമായ ഒരു കാഴ്ചയായിരുന്നു. ദുരന്തത്തിന്റെ ഭീകരതയിലല്ല, മറിച്ച് ജീവൻ നഷ്ടപ്പെട്ടവരുടെ ഓർമകൾക്കും അന്തസിനും പ്രാധാന്യം നൽകിക്കൊണ്ടാണ് ചിത്രം അവസാനിക്കുന്നത്. 114 വർഷങ്ങൾക്കിപ്പുറവും ടൈറ്റാനിക്കിന്റെ കഥ ലോകം ചർച്ച ചെയ്യുന്നതിൽ ജെയിംസ് കാമറൂൺ വഹിച്ച പങ്ക് വളരെ വലുതാണ്.