'സ്‌പൈഡര്‍ മാന്‍: ബ്രാന്‍ഡ് ന്യൂ ഡേ'യിൽ നിന്ന് ഫോട്ടോകടപ്പാട്-ഐഎംഡിബി
Hollywood

ഇന്ത്യന്‍ ബോക്‌സ്ഓഫീസില്‍ 'സ്‌പൈഡര്‍മാന്‍' തരംഗം; 200 കോടി പിന്നിട്ടു

പപ്പപ്പ ഡസ്‌ക്‌

ലോകമെമ്പാടുമുള്ള സിനിമാപ്രേമികള്‍ കാത്തിരുന്ന മാര്‍വല്‍ സിനിമാറ്റിക് യൂണിവേഴ്‌സിന്റെ പുതിയ വിസ്മയം 'സ്‌പൈഡര്‍മാന്‍: ബ്രാന്‍ഡ് ന്യൂ ഡേ' ഇന്ത്യന്‍ ബോക്‌സ് ഓഫീസില്‍ കൊടുങ്കാറ്റ് സൃഷ്ടിക്കുന്നു. ടോം ഹോളണ്ടും സെന്‍ഡയയും വീണ്ടും ഒന്നിച്ചെത്തിയ ചിത്രം റിലീസ് ചെയ്ത് വെറും മൂന്നു ദിവസത്തിനുള്ളില്‍ ഇന്ത്യയില്‍നിന്ന് മാത്രം 200 കോടിയും കടന്ന് കുതിപ്പ് തുടരുകയാണ്. ജൂലായ് 30-ന് തിയേറ്ററുകളിലെത്തിയ ചിത്രം 216 കോടിയോളം ഗ്രോസ് കളക്ഷന്‍ നേടിയതായി വിതരണക്കാരായ സോണി പിക്‌ചേഴ്‌സ് ഇന്ത്യ വ്യക്തമാക്കുന്നു.

'സ്‌പൈഡര്‍മാന്‍: നോ വേ ഹോം' എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിനുശേഷമുള്ള പീറ്റര്‍ പാര്‍ക്കറുടെ ജീവിതവും അതിജീവനവുമാണ് പുതിയ ചിത്രത്തിന്റെ ഇതിവൃത്തം. മുന്‍ ചിത്രങ്ങളെ അപേക്ഷിച്ച് കൂടുതല്‍ വികാരനിര്‍ഭരവും ആകര്‍ഷകവുമായ കഥപറച്ചിലാണ് സംവിധായകന്‍ ഡെസ്റ്റിന്‍ ഡാനിയല്‍ ക്രെറ്റണ്‍ ഇതില്‍ ഒരുക്കിയിരിക്കുന്നത്.

'സ്‌പൈഡര്‍ മാന്‍: ബ്രാന്‍ഡ് ന്യൂ ഡേ'യിൽ നിന്ന്

ടോം ഹോളണ്ട്, സെന്‍ഡയ എന്നിവരുടെ തകപ്പന്‍ പ്രകടനത്തോടൊപ്പം ജേക്കബ് ബാറ്റലണ്‍, ജോണ്‍ ബെര്‍ന്താള്‍, ഫ്‌ളോറന്‍സ് പ്യൂ, മരീസ ടോമി, മാര്‍ക്ക് റഫാലോ തുടങ്ങിയ വന്‍ താരനിരയുടെ സാന്നിധ്യവും ചിത്രത്തിന് കൂടുതല്‍ തിളക്കമേകുന്നു. പുതിയ റെക്കോര്‍ഡുകള്‍ കുറിക്കുന്ന 'ബ്രാന്‍ഡ് ന്യൂ ഡേ', ഈ വര്‍ഷത്തെ ഏറ്റവും വലിയ വിദേശ ബോക്‌സ് ഓഫീസ് വിജയങ്ങളിലൊന്നായി മാറുമെന്ന ഉറപ്പിലാണ് അണിയറപ്രവര്‍ത്തകര്‍.