അലെഹാന്ദ്രോ ഗോണ്‍സാലസ് ഇനാരിറ്റു സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ 'ഡിഗ്ഗറി'ലെ ലുക്കിന്റെ പേരില്‍ മലയാളി താരം ഫഹദ് ഫസിലുമായി നടത്തുന്ന താരതമ്യങ്ങളോട് പ്രതികരിച്ച് ബ്രിട്ടീഷ്-പാകിസ്ഥാനി നടന്‍ റിസ് അഹമ്മദ്. ടോം ക്രൂയിസ് പ്രധാന വേഷത്തിലെത്തുന്ന ചിത്രത്തില്‍ ഗണേഷ് എന്ന ശാസ്ത്രജ്ഞന്റെ കഥാപാത്രത്തെയാണ് റിസ് അഹമ്മദ് അവതരിപ്പിക്കുന്നത്. കഥാപാത്രത്തിന്റെ വലിയ കണ്ണടയും നേര്‍ത്ത മീശയും അടങ്ങുന്ന ഫസ്റ്റ് ലുക്ക് പുറത്തുവന്നതോടെയാണ് സോഷ്യല്‍ മീഡിയയില്‍ ഫഹദ് ഫാസിലിന്റെ ലുക്കുമായി സാദൃശ്യമുണ്ടെന്ന ചര്‍ച്ചകള്‍ ഉയര്‍ന്നത്.
ഒരു ദേശീയ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തിലാണ് റിസ് അഹമ്മദ് തന്റെ കഥാപാത്രത്തെക്കുറിച്ചും ഫഹദുമായി ഉയര്‍ന്ന താരതമ്യങ്ങളെക്കുറിച്ചും മനസുതുറന്നത്. ഫഹദ് ഫാസിലിന്റെ സിനിമകള്‍ ഇതുവരെ കണ്ടിട്ടില്ലെന്ന് വെളിപ്പെടുത്തിയ റിസ്, എന്നാല്‍ അദ്ദേഹത്തിന്റെ ചിത്രങ്ങള്‍ കാണാന്‍ ഉറപ്പായും ശ്രമിക്കുമെന്നും വ്യക്തമാക്കി. ദക്ഷിണേന്ത്യന്‍ സിനിമാ വ്യവസായത്തില്‍ വലിയ താരനിരയും മികച്ച ചിത്രങ്ങളുമുണ്ടെന്ന് അറിയാമെന്നും ഇന്ത്യയില്‍ നിന്നുള്ള കൂടുതല്‍ സിനിമകള്‍ കാണാന്‍ ആഗ്രഹിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ചിത്രത്തിലെ ഗണേഷ് എന്ന കഥാപാത്രത്തിന് കേരളവുമായി ബന്ധമുണ്ടെന്നും റിസ് അഹമ്മദ് വെളിപ്പെടുത്തി. പരിസ്ഥിതിയിലും സമുദ്രത്തിലും താല്പര്യമുള്ള കഥാപാത്രത്തിന്റെ പശ്ചാത്തലവും ദക്ഷിണേന്ത്യന്‍ കുടിയേറ്റ വേരുകളും കണക്കിലെടുത്താണ് കേരളത്തെ കഥാപാത്രത്തിന്റെ നാടായി തിരഞ്ഞെടുത്തതെന്ന് അദ്ദേഹം പറഞ്ഞു.
2025-ല്‍ ഇനാരിറ്റു ചിത്രത്തിലെ വേഷത്തിനായി ഫഹദ് ഫാസില്‍ ഓഡിഷനിൽ പങ്കെടുത്തതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. കഥാപാത്രത്തിന്റെ ഇംഗ്ലീഷ് ഉച്ചാരണം ശരിയാക്കുന്നതിനായി ഏതാനും മാസങ്ങള്‍ യുഎസില്‍ തങ്ങാന്‍ നിര്‍ദേശമുണ്ടായിരുന്നെങ്കിലും, സാമ്പത്തികപരമായ കാരണങ്ങളാല്‍ ആ പ്രോജക്ടില്‍ നിന്ന് പിന്മാറുകയായിരുന്നുവെന്ന് മുമ്പ് നല്‍കിയ അഭിമുഖത്തില്‍ ഫഹദ് വ്യക്തമാക്കിയിരുന്നു. ഈ കഥാപാത്രം പിന്നീട് റിസ് അഹമ്മദ് അവതരിപ്പിക്കുകയായിരുന്നുവെന്നും വാർത്തകൾ വന്നു. അത് ശരിവയ്ക്കുന്ന തരത്തിലാണ് ഇപ്പോൾ ഫഹദിനോട് സാമ്യമുള്ള രൂപത്തിൽ റിസ് അഹമ്മദ് ഡിഗ്ഗറിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.