പോപ്പ് സംഗീത ലോകത്തെ ഇതിഹാസ താരം മഡോണയുടെ ജീവിതം പ്രമേയമാകുന്ന സിനിമ ഉപേക്ഷിക്കപ്പെട്ടിട്ടില്ലെന്നും ചിത്രം ഭാവിയില്‍ യാഥാര്‍ഥ്യമാകാന്‍ സാധ്യതയുണ്ടെന്നും നടി ജൂലിയ ഗാര്‍നര്‍. മഡോണയായി വെള്ളിത്തിരയിലെത്തുന്നത് ജൂലിയയാണ്. അടുത്തിടെ നല്‍കിയ അഭിമുഖത്തിലാണ് ഹോളിവുഡ് താരം ഇക്കാര്യം വെളിപ്പെടുത്തിയത്.
'ആ സിനിമ നിര്‍മിക്കുമെന്നാണ് ഞാന്‍ കരുതുന്നത്' താരം പറഞ്ഞു. വലിയ പ്രതിസന്ധികളിലൂടെയാണ് ഈ പ്രോജക്ട് കടന്നുപോയത്. മഡോണ തന്നെ സംവിധാനം ചെയ്യാനിരുന്ന ചിത്രത്തിന്റെ തിരക്കഥ രചനയ്ക്കായി രണ്ടു വര്‍ഷത്തോളമാണ് ചെലവഴിച്ചത്. എന്നാല്‍ വലിയ ബജറ്റ് ആവശ്യമുള്ള സിനിമയുടെ നിര്‍മാണത്തില്‍ നിന്ന് 2023-ല്‍ യൂണിവേഴ്‌സല്‍ പിക്‌ചേഴ്‌സ് പിന്മാറുകയായിരുന്നു. തുടര്‍ന്ന് സിനിമ താല്‍ക്കാലികമായി നിര്‍ത്തിവെച്ചു.
'ഹു ഈസ് ദാറ്റ് ഗേള്‍' എന്ന താല്‍ക്കാലിക പേരില്‍ മുമ്പ് ചര്‍ച്ച ചെയ്യപ്പെട്ട തിരക്കഥയില്‍ മാറ്റങ്ങള്‍ വരുത്തി മഡോണയുടെ ബയോപിക് വീണ്ടും സജീവമാക്കാനുള്ള സാധ്യതകള്‍ അണിയറയില്‍ നടക്കുന്നുണ്ടെന്നാണ് സൂചന. ജൂലിയ ഗാര്‍നര്‍ പ്രധാന വേഷത്തിലെത്തുന്ന ഈ ചിത്രത്തിനായി ഏറെ പ്രതീക്ഷയോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്.
സിനിമ വൈകുന്നുണ്ടെങ്കിലും മഡോണയുമായുള്ള ജൂലിയ ഗാര്‍നറുടെ സൗഹൃദം ശക്തമായി തുടരുന്നുണ്ട്. അടുത്തിടെ 'ദ് സ്റ്റുഡിയോ' എന്ന ഷോയുടെ രണ്ടാം സീസണില്‍ ഇരുവരും ഒന്നിച്ചെത്തിയിരുന്നു. മഡോണയ്‌ക്കൊമുള്ള അനുഭവങ്ങള്‍ പങ്കുവെച്ച ജൂലിയ, താന്‍ കണ്ടിട്ടുള്ളതില്‍ വെച്ച് ഏറ്റവും ഹാസ്യരൂപേണ കാര്യങ്ങളെ കാണുന്ന വ്യക്തികളില്‍ ഒരാളാണ് മഡോണയെന്നും കൂട്ടിച്ചേര്‍ത്തു.