അമേരിക്കൻ ഗ്ലാമര്‍ റാണി കിം കര്‍ദാഷിയാനും ഫോര്‍മുല വണ്‍ ഇതിഹാസം ലൂയിസ് ഹാമില്‍ട്ടണും തമ്മില്‍ പ്രണയത്തിലാണെന്ന വാര്‍ത്തകള്‍ പാശ്ചാത്യമാധ്യമങ്ങളില്‍ നിറയുന്നു. കഴിഞ്ഞ വാരാന്ത്യത്തില്‍ യുകെയിലെ ഓക്‌സ്‌ഫോര്‍ഡ്‌ഷെയറിലുള്ള ആഡംബര റിസോര്‍ട്ടില്‍ ഇരുവരും ഒന്നിച്ച് സമയം ചെലവഴിച്ചതാണ് പുതിയ ചര്‍ച്ചകള്‍ക്ക് തുടക്കമിട്ടത്.
ലോസ് ഏഞ്ചല്‍സില്‍നിന്ന് തന്റെ സ്വകാര്യ ജെറ്റിലാണ് കിം യുകെയില്‍ എത്തിയത്. ഓക്‌സ്‌ഫോര്‍ഡ്‌ഷെയറിലെ അതീവ രഹസ്യസ്വഭാവമുള്ള 'എസ്റ്റെല്‍ മാനര്‍' എന്ന കണ്‍ട്രി ക്ലബ്ബിലായിരുന്നു ഇവരുടെ കൂടിക്കാഴ്ച. ശനിയാഴ്ച ഉച്ചയോടെ കിം വിമാനമിറങ്ങിയതിനു പിന്നാലെ, ലണ്ടനില്‍നിന്ന് ഹെലികോപ്റ്ററില്‍ ഹാമില്‍ട്ടണും അവിടെയെത്തി. മറ്റ് അതിഥികളുടെ കണ്ണില്‍പ്പെടാതെ അതീവ സുരക്ഷയോടെയായിരുന്നു ഇരുവരുടെയും നീക്കങ്ങള്‍. സ്വകാര്യ ഡിന്നറും കപ്പിള്‍ മസാജും ഉള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ ഇരുവരും ആസ്വദിച്ചതായി ദൃക്‌സാക്ഷികളെ ഉദ്ധരിച്ചുള്ള റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. കിമ്മിനൊപ്പം രണ്ട് ബോഡിഗാര്‍ഡുകളും ഹാമില്‍ട്ടണൊപ്പം ഒരു സുരക്ഷാ ഉദ്യോഗസ്ഥനും ഉണ്ടായിരുന്നുവെങ്കിലും അവര്‍ അകലം പാലിച്ചാണ് നിന്നത്.
ഇന്നോ ഇന്നലെയോ തുടങ്ങിയ അടുപ്പമല്ല ഇരുവരും തമ്മിലുള്ളത്. 2014-ല്‍ ലണ്ടനില്‍ നടന്ന ജിക്യു മെൻ ഓഫ് ദ് ഇയർ അവാര്‍ഡ് വേദിയിലാണ് ഇരുവരും ആദ്യമായി പൊതുവേദിയില്‍ പ്രത്യക്ഷപ്പെട്ടത്. അന്ന് കിമ്മിനൊപ്പം മുന്‍ ഭര്‍ത്താവ് കാനി വെസ്റ്റും ഹാമില്‍ട്ടണൊപ്പം മുന്‍ കാമുകി നിക്കോള്‍ ഷെര്‍സിംഗറും ഉണ്ടായിരുന്നു. പിന്നീടങ്ങോട്ട് കര്‍ദാഷിയാന്‍ കുടുംബവുമായി ലൂയിസ് ഹാമില്‍ട്ടണ്‍ അടുത്ത ബന്ധം പുലര്‍ത്തിയിരുന്നു. കിമ്മിന്റെ അനിയത്തി കെന്‍ഡല്‍ ജെന്നറുമായി ഹാമില്‍ട്ടണ്‍ നല്ല സൗഹൃദത്തിലാണ്. 2026ന്റെ തുടക്കത്തില്‍ ആസ്പനില്‍ നടന്ന കേറ്റ് ഹഡ്‌സണിന്റെ പുതുവത്സര പാര്‍ട്ടിയിലും ഇരുവരും പങ്കെടുത്തിരുന്നു.
കാനി വെസ്റ്റുമായുള്ള വിവാഹമോചനത്തിനു ശേഷം കിമ്മിന്റെ പ്രണയജീവിതം എന്നും വാര്‍ത്തകളില്‍ ഇടംപിടിക്കാറുണ്ട്. 2024-ല്‍ താന്‍ ആഗ്രഹിക്കുന്ന പങ്കാളിക്ക് ഉണ്ടായിരിക്കേണ്ട 52 ഗുണങ്ങളുടെ ഒരു പട്ടിക കിം തുറന്നുപറഞ്ഞിരുന്നു. 'നല്ല മൂല്യങ്ങളുള്ള, ശാന്തസ്വഭാവമുള്ള, ഉത്തരവാദിത്തബോധമുള്ള ഒരാളെയാണ് എനിക്ക് വേണ്ടത്...'എന്നായിരുന്നു കിം പറഞ്ഞത്.
2025-ല്‍ പഠനത്തിരക്കുകള്‍ കാരണം താന്‍ ഡേറ്റിങ്ങിന് സമയം കണ്ടെത്തിയിരുന്നില്ലെന്ന് കിം വെളിപ്പെടുത്തിയിരുന്നു. എന്നാല്‍ 2026-ന്റെ തുടക്കത്തില്‍ ഹാമില്‍ട്ടണുമായുള്ള ഈ കൂടിക്കാഴ്ച പുതിയൊരു ബന്ധത്തിന്റെ തുടക്കമാണോ എന്നാണ് പപ്പരാസികള്‍ ചോദിക്കുന്നത്. ഇതുവരെ ഇരുവരും തങ്ങളുടെ സോഷ്യല്‍ മീഡിയ പേജുകളില്‍ ഈ കൂടിക്കാഴ്ചയെക്കുറിച്ച് മൗനം പാലിക്കുകയാണ്.