അമേരിക്കൻ പ്രൊഫഷണൽ ഗുസ്തിയിലെ ഇതിഹാസതാരം ടെറി ജീൻ ബൊളിയ എന്ന ഹൾക്ക് ഹോഗൻ വിടവാങ്ങുമ്പോൾ സിനിമാപ്രേമികളുടെ മനസിൽ അവശേഷിക്കുന്നത് നിറംമങ്ങാത്ത അനേകം ഓർമകളാണ്. എക്കാലത്തെയും മികച്ച പ്രൊഫഷണൽ ഗുസ്തിക്കാരിൽ ഒരാളെന്ന നിലയിൽ ലോകമെമ്പാടുമുള്ളവരെ പ്രചോദിപ്പിച്ച്, കായിക വിനോദത്തിന്റെ ഒരു യുഗത്തെ നിർവചിച്ച ശക്തിയായിരുന്നു ഹോഗാൻ.
നിരവധി സിനിമകളിലും പരസ്യചിത്രങ്ങളിലും ഹൾക്ക് ഹോഗൻ അഭിനയിച്ചിട്ടുണ്ട്. സ്പോർട്സ് ഡ്രാമയായ റോക്കി 3, സബർബൻ കമാൻഡോ,മിസ്റ്റർ നാനി തുടങ്ങിയ സിനിമകൾ ആരാധകർ ഏറ്റെടുത്ത തിരവിസ്മയങ്ങളാണ്. ഹോഗൻ നോസ് ബെസ്റ്റ്, തണ്ടർ ഇൻ പാരഡൈസ് എന്നീ ടെലിവിഷൻ പരമ്പരകളും ഗുസ്തിക്കളത്തിലേതുപോലെയുള്ള ആവേശം പകർന്നു.
റിങ്ങിനുള്ളിലും പുറത്തും
1953 ഓഗസ്റ്റ് 11ന് ജോർജിയയിലെ അഗസ്റ്റയിലാണ് ടെറി ജീൻ ബൊളിയ ജനിച്ചത്. 1970 കളുടെ അവസാനത്തിൽ പ്രൊഫഷണൽ ഗുസ്തി ജീവിതം ആരംഭിച്ച അദ്ദേഹം വർഷങ്ങളോളം ഗുസ്തിലോകത്ത് സജീവമായിരുന്നു. പ്രൊഫഷണൽ ഗുസ്തിയിൽ ലോകത്തിലെ തലയെടുപ്പുള്ളവരിലൊരാളായി ഹൾക്ക് മാറി. ഗുസ്തിയെ മുഖ്യധാരാ വിനോദമായി, ജനപ്രിയമാക്കുന്നതിൽ വലിയ പങ്കുവഹിച്ച വ്യക്തികൂടിയാണ് അദ്ദേഹം.
2005 ലും 2020 ലും ഹൾക്കിനെ ഡബ്ല്യുഡബ്ല്യുഇ ഹോൾ ഓഫ് ഫെയിമിൽ ഉൾപ്പെടുത്തി. വേൾഡ് റെസ്ലിങ് ഫെഡറേഷൻ, വേൾഡ് ചാമ്പ്യൻഷിപ്പ് റെസ്ലിങ് എന്നിവയുൾപ്പെടെ വിവിധ പ്രമോഷനുകളിൽ അദ്ദേഹം മത്സരിച്ചിട്ടുണ്ട്. 12 തവണ ലോക ചാമ്പ്യനായിരുന്നു. പോണ്ടിയാക് സിൽവർഡോമിൽ, അന്നത്തെ റെക്കോർഡ് കാണികൾക്ക് മുന്നിൽ, തന്റെ ഉപദേഷ്ടാവായിരുന്ന ആൻഡ്രെ ദി ജയന്റിനെതിരേയുള്ള കിരീടനേട്ടം ഉൾപ്പെടെ നിരവധി ചരിത്രനിമിഷങ്ങളുടെ ഉടയോൻ ആണ് ഹൾക്ക് ഹോഗൻ.
സ്വകാര്യജീവിതത്തിൽ നിരവധി വിവാദങ്ങളിലും ഹൾക്ക് ഉൾപ്പെട്ടു. 2024 ലെ റിപ്പബ്ലിക്കൻ ദേശീയ കൺവെൻഷനിൽ പങ്കെടുത്തതുൾപ്പെടെ അദ്ദേഹം ഡൊണാൾഡ് ട്രംപിന്റെ ശക്തമായ പിന്തുണക്കാരനായി തുടർന്നു. നേരത്തെ, ബരാക് ഒബാമയെയും പ്രസിഡന്റ് സ്ഥാനത്തേക്ക് പിന്തുണച്ചിട്ടുണ്ട്.