2013ല്‍ തിയേറ്ററുകളിലെത്തി ലോകമെമ്പാടും വലിയ തരംഗമായി മാറിയ ഹോളിവുഡ് സോംബി ത്രില്ലര്‍ 'വേള്‍ഡ് വാര്‍ സി'യുടെ രണ്ടാം ഭാഗം (World War Z) പ്രഖ്യാപിച്ച് നിര്‍മാണക്കമ്പനി. ഹോളിവുഡ് സൂപ്പര്‍താരം ബ്രാഡ് പിറ്റ് വീണ്ടും കേന്ദ്ര കഥാപാത്രമായി എത്തുമ്പോള്‍, 'ഓള്‍ ക്വയറ്റ് ഓണ്‍ ദ് വെസ്റ്റേണ്‍ ഫ്രണ്ട്', 'കോണ്‍ക്ലേവ്' എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ ഓസ്‌കാര്‍ ജേതാവ് എഡ്വേര്‍ഡ് ബെര്‍ഗര്‍ ആണ് സംവിധാനം നിര്‍വഹിക്കുന്നത്.
പാരമൗണ്ട് പിക്‌ചേഴ്‌സ് ഒരുക്കുന്ന ചിത്രത്തില്‍ താരം എന്നതിനുപുറമെ തന്റെ പ്ലാന്‍ ബി എന്റര്‍ടെയ്ന്‍മെന്റിന്റെ ബാനറില്‍ ഡെഡെ ഗാര്‍ഡ്‌നര്‍, ജെറമി ക്ലെനര്‍ എന്നിവര്‍ക്കൊപ്പം ബ്രാഡ് പിറ്റ് നിര്‍മാണ പങ്കാളിയാകുന്നുമുണ്ട്. ഡെനിസ് കെല്ലിയാണ് രണ്ടാം ഭാഗത്തിന്റെ തിരക്കഥ രചിക്കുന്നത്. മാക്‌സ് ബ്രൂക്‌സിന്റെ പ്രശസ്തമായ നോവലിനെ ആസ്പദമാക്കി നിര്‍മിച്ച ആദ്യ ഭാഗം ലോകമെമ്പാടുമുള്ള ബോക്‌സ് ഓഫീസില്‍ നിന്ന് 540 മില്യണ്‍ ഡോളറിലധികം കളക്ഷന്‍ നേടിയിരുന്നു.
ചിത്രത്തിന്റെ രണ്ടാം ഭാഗത്തിനായി ശ്രമങ്ങള്‍ നടക്കുന്നുണ്ടായിരുന്നു. മുന്‍പ് പ്രശസ്ത സംവിധായകന്‍ ഡേവിഡ് ഫിഞ്ചറിന്റെ നേതൃത്വത്തില്‍ പ്രോജക്ട് മുന്നോട്ടുപോയെങ്കിലും ബജറ്റ് പ്രശ്‌നങ്ങള്‍ കാരണം ഉപേക്ഷിക്കുകയായിരുന്നു. അടുത്തിടെ ബ്രാഡ് പിറ്റും എഡ്വേര്‍ഡ് ബെര്‍ഗറും ചേര്‍ന്നൊരുക്കിയ 'ദ് റൈഡേഴ്‌സ്' എന്ന ചിത്രത്തിന്റെ ചിത്രീകരണത്തിനിടെയാണ് 'വേള്‍ഡ് വാര്‍ സി 2' വിഭാവനം ചെയ്തതും, ബെര്‍ഗര്‍ സംവിധായകനായി പ്രോജക്ടിലേക്ക് എത്തുന്നതും. സിനിമയുടെ കഥാതന്തുവും റിലീസ് തീയതിയും അണിയറപ്രവര്‍ത്തകര്‍ ഇതുവരെ പുറത്തുവിട്ടിട്ടില്ല.