'ബ്ലിങ്ക് ട്വൈസി'ൽ നിന്ന് കടപ്പാട്-ഐഎംഡിബി
Hollywood

'ബ്ലിങ്ക് ട്വൈസ്' സിനിമയും എപ്സ്റ്റീന്‍ ദ്വീപും തമ്മില്‍ ഞെട്ടിക്കുന്ന സമാനതകള്‍

പപ്പപ്പ ഡസ്‌ക്‌

2024-ല്‍ പുറത്തിറങ്ങിയ സൈക്കോളജിക്കല്‍ ത്രില്ലര്‍ 'ബ്ലിങ്ക് ട്വൈസ്' സോഷ്യല്‍ മീഡിയയില്‍ വീണ്ടും വലിയ ചര്‍ച്ചയാകുന്നു. അമേരിക്കന്‍ ലൈംഗിക കുറ്റവാളി ജെഫ്രി എപ്സ്റ്റീന്റെ വിവാദമായ സ്വകാര്യദ്വീപും അവിടെ നടന്ന സ്ത്രീപീഡനങ്ങളും സിനിമയിലെ പ്രമേയവും തമ്മിലുള്ള അവിശ്വസനീയമായ സാമ്യമാണ് സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയാകുന്നത്. സിനിമയിലെ പല രംഗങ്ങളും വെറും ഭാവനയല്ലെന്നും യാഥാര്‍ഥ്യത്തോടു സാദൃശ്യമുള്ളതാണെന്നും ആളുകള്‍ ചൂണ്ടിക്കാണിക്കുന്നു.

സോയി ക്രാവിറ്റ്‌സ് സംവിധാനം ചെയ്ത 'ബ്ലിങ്ക് ട്വൈസ്', ടെക് ശതകോടീശ്വരനായ സ്ലേറ്റര്‍ കിങ്ങിന്റെ സ്വകാര്യ ദ്വീപിലേക്ക് ക്ഷണിക്കപ്പെട്ട ഒരു കൂട്ടം യുവതികളുടെ കഥയാണ് പറയുന്നത്. ആഡംബരവിരുന്ന് ഭയാനകമായി മാറുന്നതും ദ്വീപിലെത്തുന്ന സ്ത്രീകള്‍ പീഡിപ്പിക്കപ്പെടുന്നതും എന്നാല്‍ ലഹരിമരുന്നുകളുടെ സ്വാധീനത്താല്‍ അവര്‍ക്ക് ആ ഓര്‍മകള്‍ നഷ്ടപ്പെടുന്നതുമാണ് സിനിമ കൈകാര്യം ചെയ്യുന്ന വിഷയം.

'ബ്ലിങ്ക് ട്വൈസി'ൽ നിന്ന്

സിനിമയെയും എപ്സ്റ്റീന്‍ കേസുകളെയും ബന്ധിപ്പിക്കുന്ന പ്രധാന കണ്ണി 'ട്രംപറ്റ് പ്ലാന്റുകള്‍' എന്നറിയപ്പെടുന്ന സസ്യങ്ങളാണ്. സിനിമയില്‍, ദ്വീപിലെ പൂക്കളില്‍നിന്ന് ഉത്പാദിപ്പിക്കുന്ന പ്രത്യേക സുഗന്ധദ്രവ്യം ഉപയോഗിച്ചാണ് സ്ത്രീകളുടെ ഓര്‍മശക്തി തകരാറിലാക്കുന്നത്. അതേസമയം, ജെഫ്രി എപ്സ്റ്റീന്‍ ഇത്തരം ചെടികള്‍ വളര്‍ത്തിയിരുന്നതായി 2014-15 കാലഘട്ടത്തിലെ ഇ മെയിലുകള്‍ സൂചിപ്പിക്കുന്നു.

'ബ്ലിങ്ക് ട്വൈസി'ൽ നിന്ന്

ഈ ചെടികളില്‍നിന്ന് വേര്‍തിരിച്ചെടുക്കുന്ന 'സ്‌കോപ്പോളമൈന്‍' എന്ന മരുന്ന് മനുഷ്യന്റെ ഓര്‍മകള്‍ മായ്ക്കാന്‍ ശേഷിയുള്ളതാണെന്നു റിപ്പോര്‍ട്ടുകള്‍ പറയുന്നു. സൗത്ത് അമേരിക്കയില്‍ കാണപ്പെടുന്ന ഈ വിഷച്ചെടികള്‍ ഉപയോഗിച്ചാണോ എപ്സ്റ്റീന്‍ തന്റെ സ്ത്രീകളെ കീഴടക്കിയിരുന്നത് എന്ന സംശയമാണ് സോഷ്യല്‍ മീഡിയ വ്യാപകമായി ഉയര്‍ത്തുന്നത്.

'ബ്ലിങ്ക് ട്വൈസി'ൽ നിന്ന്

സിനിമയിലെ ഓരോ ഭാഗവും എപ്സ്റ്റീന്‍ ദ്വീപിലെ സംഭവങ്ങളുമായി നേരിട്ടു ബന്ധമുള്ളതാണെന്നാണ് വാദം. എപ്സ്റ്റീന്റെ കനേഡിയന്‍ പതിപ്പ് എന്ന് വിശേഷിപ്പിക്കപ്പെടുന്ന പീറ്റര്‍ നൈഗാര്‍ഡിന്റെ ദ്വീപിലും സമാനമായ സംഭവങ്ങള്‍ നടന്നതായി റിപ്പോര്‍ട്ടുകളുണ്ട്. അധികാരവും പണവും ഉപയോഗിച്ച് എങ്ങനെ കുറ്റകൃത്യങ്ങള്‍ മറയ്ക്കാം എന്നതിന്റെ നേര്‍ക്കാഴ്ചയായാണ് ചിത്രം വിലയിരുത്തപ്പെടുന്നത്.

'ബ്ലിങ്ക് ട്വൈസ്' പോസ്റ്റർ

വെറുമൊരു സാങ്കല്‍പ്പിക കഥ എന്നതിലുപരി, വരേണ്യവര്‍ഗത്തിനിടയില്‍ നടക്കുന്ന രഹസ്യങ്ങളിലേക്കാണ് ഈ സിനിമ വിരല്‍ ചൂണ്ടുന്നത്. സിനിമയിലെ ഓരോ നിഗൂഢതയും യാഥാര്‍ഥ്യവുമായി ഇത്രമേല്‍ ഇഴചേര്‍ന്ന് കിടക്കുന്നത് ലോകമെമ്പാടുമുള്ളവരെ അമ്പരപ്പിച്ചിരിക്കുകയാണ്.