ബേല താര്‍ ഫോട്ടോ കടപ്പാട്-വിക്കിപ്പീ‍‍‍ഡിയ
Hollywood

ദൃശ്യകലയുടെ ഇതിഹാസസൂര്യൻ അസ്തമിക്കുമ്പോൾ...

പപ്പപ്പ റിസര്‍ച്ച് ടീം

മനുഷ്യാവസ്ഥയെക്കുറിച്ചുള്ള ഗഹനമായ കാഴ്ചപ്പാടുകളിലൂടെയും സ്ലോ മോഷന്‍ ദൃശ്യങ്ങളിലൂടെയും ചലച്ചിത്രകലയെ ധ്യാനാത്മകമാക്കിയ വിഖ്യാത ഹംഗേറിയന്‍ സംവിധായകന്‍ ബേല താര്‍ വിടപറയുമ്പോള്‍ ദൃശ്യകലയുടെ, പകരം വയ്ക്കാനാകാത്ത ഇതിഹാസസൂര്യനാണ് മറയുന്നത്. കറുപ്പും വെളുപ്പും കലര്‍ന്ന ദൃശ്യവിസ്മയങ്ങളിലൂടെ ലോകസിനിമയുടെ ഭൂപടം മാറ്റിവരച്ച അദ്ദേഹം, അസ്തിത്വപരമായ ചോദ്യങ്ങളും ഏകാന്തതയും പ്രമേയമാക്കി അന്താരാഷ്ട്ര തലത്തില്‍ ശ്രദ്ധേയനായ ചലച്ചിത്രകാരനായിരുന്നു.

കേരളവുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന അദ്ദേഹം 27-ാമത് കേരള അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ അതിഥിയായി എത്തിയിരുന്നു. അന്ന് ലൈഫ് ടൈം അച്ചീവ്മെന്റ് അവാര്‍ഡ് നല്‍കി കേരളം അദ്ദേഹത്തെ ആദരിച്ചു. അദ്ദേഹത്തിന്റെ Satantango (1994) ഉള്‍പ്പെടെയുള്ള ചിത്രങ്ങള്‍ക്ക് കേരളത്തില്‍ വലിയൊരു ആരാധകവൃന്ദം തന്നെയുണ്ട്. മലയാളനാടിനെ അദ്ദേഹം ഒരുപാട് ഇഷ്ടപ്പെട്ടിരുന്നു.

1955 ജൂലൈ 21-ന് ഹംഗറിയിലെ പെക്‌സിലാണ് ബേല താര്‍ ജനിച്ചത്. കലയോടും രാഷ്ട്രീയത്തോടും ആഭിമുഖ്യമുള്ള കുടുംബസാഹചര്യമായിരുന്നു അദ്ദേഹത്തിന്റേത്. കൗമാരകാലത്ത് തന്നെ അദ്ദേഹം തിയേറ്റര്‍ ഗ്രൂപ്പുകളിലും മ്യൂസിക് ബാന്‍ഡുകളിലും സജീവമായി. തൊഴിലാളി സംഘടനകളുമായുള്ള അദ്ദേഹത്തിന്റെ സഹകരണം കമ്യൂണിസ്റ്റ് ഹംഗറിയിലെ സാധാരണക്കാരുടെ ജീവിതം അടുത്തറിയാന്‍ സഹായിച്ചു.

ബേല താര്‍. പഴയ ചിത്രം

14-ാം ജന്മദിനത്തില്‍ പിതാവ് സമ്മാനിച്ച 8 എം.എം ക്യാമറയാണ് ബേല താറിലെ സംവിധായകനെ ഉണര്‍ത്തിയത്. 17-ാം വയസില്‍ ജിപ്‌സി തൊഴിലാളികളെക്കുറിച്ച് 'Guest Workers' (1971) എന്ന ഡോക്യുമെന്ററി നിര്‍മിച്ചു. ഈ ചിത്രം താറിനെ സര്‍ക്കാരിന്റെ നോട്ടപ്പുള്ളിയാക്കി. ഇതേത്തുടര്‍ന്ന് കമ്യൂണിസ്റ്റ് പാര്‍ട്ടി അദ്ദേഹത്തിന് ഉന്നത വിദ്യാഭ്യാസത്തിനുള്ള അനുമതി നിഷേധിച്ചു. പഠനം മുടങ്ങിയതില്‍ തളരാതെ ഷിപ്പ്യാര്‍ഡില്‍ ജോലി ചെയ്ത് അദ്ദേഹം തന്റെ സിനിമാസ്വപ്‌നങ്ങള്‍ക്കായി നിരന്തരം പ്രയത്‌നിച്ചു. ചെറിയ ചിത്രങ്ങളിലൂടെ ശ്രദ്ധിക്കപ്പെട്ട അദ്ദേഹം 20-ാം വയസില്‍ പ്രൊഫഷണല്‍ സിനിമയിലേക്കു പ്രവേശിച്ചു.

അദ്ദേഹത്തിന്റെ കരിയറിനെ പ്രധാനമായും രണ്ട് ഘട്ടങ്ങളായി തിരിക്കാമെന്ന് നിരൂപകര്‍ പറയുന്നു. സാമൂഹിക യാഥാര്‍ഥ്യങ്ങളെ വരച്ചുകാട്ടുന്ന ഡോക്യുമെന്ററി ശൈലിയിലുള്ള സിനിമകളാണ് ആദ്യഘട്ടത്തില്‍ ഉള്‍പ്പെടുന്നത്. രണ്ടാം ഘട്ടത്തില്‍ അസ്തിത്വവാദം, ഏകാന്തത, നിസഹായത എന്നിവ പ്രമേയമാക്കിയ ദീര്‍ഘമായ ദൃശ്യങ്ങളുള്ള ശൈലി. കറുപ്പും വെളുപ്പും ദൃശ്യങ്ങള്‍, പശ്ചാത്തല സംഗീതത്തിന്റെ മിതമായ ഉപയോഗം, സ്ലോ-മോഷന്‍ ശൈലിയിലുള്ള നീണ്ട ഷോട്ടുകള്‍ എന്നിവയായിരുന്നു ബേല താര്‍ സിനിമകളുടെ പ്രത്യേകത. സമയം എന്ന ഘടകത്തെ സിനിമയില്‍ ഇത്രത്തോളം ഫലപ്രദമായി ഉപയോഗിച്ച മറ്റൊരു സംവിധായകനും നമുക്കില്ല! ലോകമെമ്പാടുമുള്ള ഒട്ടേറെ ചലച്ചിത്ര മേളകളില്‍നിന്ന് നിരവധി പുരസ്‌കാരങ്ങള്‍ അദ്ദേഹം നേടിയിട്ടുണ്ട്.