ജെയിംസ് ഗണ്‍ ഫോട്ടോ-അറേഞ്ച്ഡ്
Hollywood

അയാള്‍ കഥയെഴുതട്ടെ; ബാറ്റ്മാന്‍-2 വൈകുന്നതിനെക്കുറിച്ച് ജയിംസ് ഗണ്‍

പപ്പപ്പ റിപ്പോര്‍ട്ടര്‍

'ലെറ്റ് ദി ഗൈ റൈറ്റ് ദി സ്‌ക്രീന്‍പ്ലേ...' ബാറ്റ്മാന്‍-2 ന്റെ കാലതാമസത്തെക്കുറിച്ച് ഡി.സി സ്റ്റുഡിയോസ് സഹ സി.ഇ.ഒ ജെയിംസ് ഗണ്‍ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. മാറ്റ് റീവ്‌സ് തിരക്കഥ എഴുതുകയാണെന്നും അതിനുള്ള സാവകാശം അദ്ദേഹത്തിനു കൊടുക്കണമെന്നും ഗണ്‍ പറയുന്നു. വൈകാതെ സിനിമ ചിത്രീകരണം ആരംഭിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്നും ഡിസി സ്റ്റുഡിയോസ് സഹ സിഇഒ പറഞ്ഞു.

തിരക്കഥ തയാറാക്കാന്‍ റീവ്‌സിന് ആവശ്യമായ സമയം നല്‍കേണ്ടതിന്റെ പ്രാധാന്യവും തന്റെ കുറിപ്പില്‍ അദ്ദേഹം എടുത്തുപറയുന്നു. ഈമാസം തിരക്കഥ ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും ഗണ്‍ പറഞ്ഞു. 'ജൂണില്‍ സ്‌ക്രിപ്റ്റ് ലഭിക്കുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു. അതു സംഭവിക്കുമെന്നു ഞാന്‍ പ്രതീക്ഷിക്കുന്നു. ഞങ്ങള്‍ ശരിക്കും സന്തോഷത്തിലാണ്. മാറ്റ് റീവ്‌സ് ആവേശത്തിലാണ്. ഞാന്‍ എപ്പോഴും മാറ്റിനോട് സംസാരിക്കാറുണ്ട്. ഞാന്‍ പൂര്‍ണമായും ആവേശത്തിലാണ്' ഗണ്‍ പറഞ്ഞു.

ബാറ്റ്മാൻ വേഷത്തിൽ റോബര്‍ട്ട് പാറ്റിന്‍സണ്‍

റീവ്‌സിനെ സമ്മര്‍ദ്ദത്തിലാക്കാതെ ആരാധകര്‍ ക്ഷമയോടെ കാത്തിരിക്കണമെന്ന് ഗണ്‍ തുറന്നുപറഞ്ഞു. ദി ബാറ്റ്മാന്‍ 2 ഈ വര്‍ഷം ചിത്രീകരണം ആരംഭിക്കുമെന്ന് റീവ്‌സ് സ്ഥിരീകരിച്ചു. റോബര്‍ട്ട് പാറ്റിന്‍സണ്‍ ബാറ്റ്മാന്റെ വേഷം വീണ്ടും അവതരിപ്പിക്കും. കാലതാമസം ഉണ്ടായിട്ടും, 2027 ഒക്ടോബര്‍ ഒന്നിന് പ്രീമിയര്‍ ചെയ്യാന്‍ തീരുമാനിച്ചിരിക്കുന്ന തുടര്‍ഭാഗത്തിനായി ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്.