ജോഷി ഫോട്ടോ-അറേഞ്ച്ഡ്
Opinion and Analysis

കാത്തിരിക്കുന്നു;ശാന്തസമുദ്രവും സമുദ്രകോപവും ഒന്നിച്ചാവാഹിക്കുന്ന ആ ജോഷിമാജിക്കിന്

ബി.ജയചന്ദ്രൻ

ചരിത്രത്തിനൊപ്പം നിശബ്ദനായി നടക്കുകയാണ് അദ്ദേഹം. 55 വർഷത്തോളമായി അദ്ദേഹം മലയാള സിനിമയുടെ ഭാഗമായിട്ട്. സിനിമയിലെ എല്ലാ മേഖലകളിലെയും തലമുറ മാറ്റങ്ങളും പ്രേക്ഷകന്റെ അഭിരുചി മാറ്റങ്ങളും സാങ്കേതിക വിപ്ലവവുമെ ല്ലാം ഉൾക്കൊണ്ടും സ്വയം നവീകരിച്ചും അദ്ദേഹം മുന്നോട്ട് സഞ്ചരിച്ചു കൊണ്ടേയിരിക്കുന്നു; വിജയകരമായി..

തലപ്പൊക്കത്തിൽ സമീപത്തൊന്നും മറ്റാരുമില്ലാത്ത മലയാളത്തിന്റെ സ്റ്റാർ ഡയറക്ടർ ജോഷിയെക്കുറിച്ചാണ് പറയുന്നത്. അദ്ദേഹത്തിന്റെ അർഥവത്തായ ഒരു അസാന്നിധ്യം ഇപ്പോൾ സിനിമ അനുഭവിക്കുന്നു. മൗനം പാലിക്കേണ്ട ഒരു സർ​ഗക്രിയാശേഷിയല്ല അത്. പിന്നെ എന്താണ് സംഭവിച്ചത് എന്നു പരിശോധിക്കുന്നതിന് മുമ്പ് ചില ചിതറിയ ചിന്തകൾ.

ജോഷിയുടെ ആദ്യചിത്രം 'ടൈഗർ സലിം' 1978- ലാണ് പുറത്തുവരുന്നത്. ഇന്നും ഓർക്കുന്നു; 'തിരക്കഥ, സംവിധാനം-ജോഷി'. ടൈറ്റിൽ കാർഡ് അങ്ങനെയായിരുന്നു. അതെ, ആദ്യ ചിത്രത്തിന്റെ തിരക്കഥ എഴുതിയത് ജോഷി തന്നെയായിരുന്നു. ഇന്ന് എത്രപേർക്ക് അത് ഓർമയുണ്ടെന്നറിയില്ല. എന്നാൽ അതിനു ശേഷം ഇന്നുവരെ അദ്ദേഹത്തിന്റെ ഒരു ചിത്രത്തിലും അങ്ങനെയൊരു ടൈറ്റിൽ സ്ക്രീനിൽ തെളിഞ്ഞിട്ടുമില്ല. ആദ്യ തിരക്കഥയിലൂടെ ജോഷി അവതരിപ്പിച്ച ആശയം പിന്നീട് സിനിമയിൽ വ്യാപകമായി ഉപയോഗിക്കപ്പെട്ടു എന്നറിയുമ്പോഴാണ് അതിന്റെ മൗലികതയെയും കാലത്തിനു മുൻപേ സഞ്ചരിച്ച ആ പ്രതിഭയെയും നാം തിരിച്ചറിയുന്നത്.

'ടൈ​ഗർ സലിം' പോസ്റ്റർ

പകൽ സൗമ്യനും ശാന്തനും നിഷ്കളങ്കനുമായ ഒരു യുവാവ് രാത്രിയിൽ ആക്രമത്തിനും അനീതിക്കുമെതിരേ ആഞ്ഞടിക്കുന്ന കോപാകുലനും കരുത്തനുമായി മാറുന്നു. ഇപ്പോൾ അന്യഭാഷയിലേതുൾപ്പെടെ ഒരുപാട് സിനിമകൾ ഓർമയിലെത്തുന്നുണ്ടെങ്കിൽ അതിന്റെ ക്രെഡിറ്റ് ജോഷിക്കാണ്. ദ്വന്ദ്വ വ്യക്തിത്വം ആദ്യ തിരക്കഥയ്ക്ക് വിഷയമാക്കിയ ജോഷി പിന്നീട് പേന എടുത്തില്ല. എന്നാൽ പ്രതിഭാശാലികളായ അനേകം തിരക്കഥാകൃത്തുക്കളുടെ രചനകൾക്ക് അദ്ദേഹം ഹൃദ്യമായ ദൃശ്യവ്യാഖ്യാനം നൽകി.

'ഒന്നിങ്ങു വന്നെങ്കിൽ' എന്ന സിനിമയുടെ സെറ്റിൽ മമ്മൂട്ടി,നദിയ മൊയ്തു,ശങ്കർ,ലിസി തുടങ്ങിയവർക്കൊപ്പം ജോഷി

തിരക്കഥയാണ് സിനിമയുടെ വിജയത്തിന്റെ അടിസ്ഥാനം എന്ന് വിശ്വസിക്കുന്ന ഒരു സംവിധായകനാണ് ജോഷി എന്നു പറഞ്ഞാൽ അദ്ദേഹം എതിർക്കില്ല. പത്രത്തിലോ ചാനലിലോ സോഷ്യൽമീഡിയയിലോ വന്നിരുന്ന് 'സിനിമ സംവിധായകന്റെ കലയാണ്' എന്ന് അദ്ദേഹം ഇതുവരെ പറഞ്ഞിട്ടില്ല; പറയുകയുമില്ല. പക്ഷേ മലയാള സിനിമയ്ക്കറിയാം ജോഷിയുടെ സിനിമ അദ്ദേഹത്തിന്റെ കലയാണ്.

ജോഷി സംവിധാനം ചെയ്ത 'ജന്മം' എന്ന സിനിമയിൽ സുരേഷ് ​ഗോപിയും കാർത്തികയും

ജോഷിക്കും ചില നിരാശകൾ സമ്മാനിച്ചിട്ടുണ്ട് നമ്മുടെ സിനിമ. ജോഷിയുടെ എല്ലാ ചിത്രങ്ങളും സാമ്പത്തിക വിജയം നേടിയിട്ടില്ല. ചുരുക്കം ചില ചിത്രങ്ങൾ സാമ്പത്തികമായി പരാജയപ്പെട്ടിട്ടുണ്ട്. അതിന് അദ്ദേഹം മറ്റാരെയെങ്കിലും കുറ്റപ്പെടുത്തിയതായുള്ള സൂചന പോലും ഇതുവരെ കേട്ടിട്ടില്ല. എന്നാൽ അത്തരം നിരാശയെപ്പറ്റിയല്ല, മറ്റൊരു കാര്യമാണ് പറയാനുള്ളത്. അക്കാര്യത്തിൽ പ്രേക്ഷകർക്കും ഉണ്ട് നിരാശ.

എസ്.എൻ സ്വാമി- ജോഷി കൂട്ടുകട്ടിൽ പിറന്ന എല്ലാ സിനിമകളും സൂപ്പർഹിറ്റുകളാണ്. 2007-ൽ സുരേഷ് ഗോപി നായകനായി അഭിനയിച്ച 'ജന്മം' എന്ന ഒരു ചിത്രമുണ്ട്. എസ്.എൻ.സ്വാമിക്കും ജോഷിക്കും സുരേഷ് ​ഗോപിക്കും ഏറെ പ്രതീക്ഷകളുണ്ടായിരുന്ന സിനിമയായിരുന്നു അത്. പ്രേക്ഷകരും കാത്തിരുന്നു. ചിത്രം പൂർത്തിയായി. റിലീസ് തീയതി നിശ്ചയിച്ചു. തിയേറ്ററുകളും ബുക്ക് ചെയ്തു. എന്നാൽ റിലീസിന് തൊട്ടുമുമ്പ് അപ്രതീക്ഷിതമായി ചില സാമ്പത്തിക പ്രശ്നങ്ങളുണ്ടാകുന്നു. അതോടെ റിലീസ് മുടങ്ങി. പ്രശ്നങ്ങൾ പരിഹരിക്കാനുള്ള ശ്രമങ്ങളെല്ലാം പരാജയപ്പെട്ടു. ഇന്നിപ്പോൾ ഏകദേശം ഇരുപതോളം വർഷമാരുന്നു. 'ജന്മം' ഇന്നും ഇരുട്ടിൽ തന്നെ. അന്ന് പ്രേക്ഷകർക്കുണ്ടായ നിരാശ ഇന്നും തുടരുന്നു.

എം.ജി.സോമൻ,പി.എ.ലത്തീഫ്,മമ്മൂട്ടി,കെ.ജി.ജോർജ് എന്നിവർക്കൊപ്പം ജോഷി

ഓരോ ചിത്രത്തിനും നൽകുന്ന ശാരീരികവും മാനസികവുമായ സമർപ്പണത്തിന്റെ പ്രതിഫലം സംവിധായകർക്ക് തിരിച്ചുകിട്ടുന്നത് തിരശ്ശീലയിൽ ആ ചിത്രം കണ്ട് പ്രേക്ഷകർ ആഹ്ലാദിക്കുമ്പോഴാണ്. അത് നിഷേധിക്കുമ്പോഴുണ്ടാകുന്ന നിരാശ നിസ്സാരമല്ല. ഒന്നിലും വൈകാരികമായി പ്രതികരിക്കാത്ത ജോഷിയുടെ വിഷമം ഊഹിക്കാവുന്നതേയുള്ളൂ. നടൻ മോഹൻലാലിന്റെ പ്രസിദ്ധമായ വാചകം മാത്രം മറുപടിയായി കുറിക്കാം: 'ഓരോ ചിത്രത്തിനും അതിന്റേതായ വിധിയുണ്ട്. അത് തടയാൻ ആർക്കുമാവില്ല...'

ഇനി ജോഷിയുടെ മറ്റൊരു നിരാശയെക്കുറിച്ച് പറയാം. പ്രശസ്ത തിരക്കഥാകൃത്ത് ടി.ദാമോദരൻ ജോഷിക്കു വേണ്ടി ഒറ്റ ചിത്രത്തിനേ തിരക്കഥ എഴുതിയിട്ടുള്ളൂ. അതൊരു അദ്ഭുതമായി എല്ലാവർക്കും തോന്നും. കാരണം രണ്ടുപേരും വിജയക്കൊടി പാറിച്ച പ്രതിഭകൾ. പിന്നെ എന്തുകൊണ്ട് അവർ ഒറ്റച്ചിത്രത്തിൽ ഒതുങ്ങി? ഉത്തരമില്ലാത്ത ചോദ്യമാണ്. ഇതൊക്കെ മലയാള സിനിമയിലെ ചില പ്രഹേളികകളാണ്.

1983-ൽ 'ഹിമം' എന്ന ചിത്രത്തിലാണ് ടി. ദാമോദരനും ജോഷിയും ഒന്നിച്ചത്. 43 വർഷം മുമ്പ്, ജോഷിയുടെ ആദ്യകാല ചിത്രങ്ങളിൽ ഒന്നാണിത്. അത് സാമ്പത്തിക പരാജയമായിരുന്നു എന്നാണ് അറിവ്. വർഷങ്ങൾ കഴിഞ്ഞ് മമ്മൂട്ടി-ജോഷി ടീം മലയാള സിനിമയുടെ വിജയഫോർമുലയായി തുടരുന്ന കാലഘട്ടത്തിൽ ഒരു ചിത്രം പ്രഖ്യാപിക്കുന്നു. മമ്മൂട്ടി നായകൻ, ടി. ദാമോദരൻ തിരക്കഥ, ജോഷി സംവിധായകൻ. ചിത്രം- 'സന്നാഹം' പ്രേക്ഷകർ ഉണർന്നു. പ്രതീക്ഷ വാനോളം ഉയർന്നു. തിരക്കഥ പൂർത്തിയാകുന്നു. മറ്റു ചിട്ടവട്ടങ്ങൾ തകൃതി. ചിത്രീകരണം ആരംഭിക്കാനുള്ള ഒരുക്കങ്ങൾ റെഡി. തീയതിയും നിശ്ചയിച്ചു. പക്ഷേ ഷൂട്ട് തുടങ്ങിയില്ല. പിന്നീടറിയുന്നു ആ പ്രോജക്ട് ഉപേക്ഷിച്ചു. കാരണം ആർക്കും അറിയില്ല.

'ഹിമം' പോസ്റ്റർ

പൂർത്തിയാക്കിയ തിരക്കഥ ‍ദാമോദരൻ മാഷിന്റെ കയ്യിൽ ഭദ്രം. മറ്റു ചിത്രങ്ങളുടെ തിരക്കുകളിലേക്ക് മമ്മൂട്ടിയും ജോഷിയും കടന്നു. പ്രേക്ഷകന്റെ നിരാശ ബാക്കി. ടി.ദാമോദരന്റെ തിരക്കഥയിൽ ഒരു സിനിമ നഷ്ടപ്പെട്ടതിന്റെ നിരാശ തീർച്ചയായും ജോഷിക്കും ഉണ്ടായിരുന്നിരിക്കണം. ആ തിരക്കഥയ്ക്കായി ചില സംവിധായകർ ദാമോദരൻ മാഷിനെ സമീപിച്ചു. നിലപാടുകളിൽ കാരിരുമ്പിന്റെ കാഠിന്യമുള്ള മാഷ് സ്വയം പ്രഖ്യാപിച്ചു: 'ജോഷിക്ക് വേണ്ടി എഴുതിയ തിരക്കഥ ജോഷിക്ക്. മറ്റാർക്കും അത് നൽകുന്നതല്ല. 'സന്നാഹം' ഇന്നും പേപ്പറുകളിലുറങ്ങുന്നു.

ജോഷി,ടി.ദാമോദരൻ

പണം നിയന്ത്രിക്കുന്ന കലാരൂപമാണ് സിനിമ എന്നത് ലളിതമായ സത്യമാണ്. പ്രത്യേകിച്ച് വാണിജ്യ സിനിമകൾ. അവിടെ പ്രോജക്ടുകൾ ഉണ്ടാകുന്നതും ഇല്ലാതാകുന്നതും നിമിഷാർധം കൊണ്ടാണ്. കോടികൾ കൊണ്ടുള്ള കളിയാണ് ഇന്ന് സിനിമ. ജോഷിയെപ്പോലെ താരമൂല്യമുള്ള സംവിധായകന്റെ സിനിമ പ്രേക്ഷകർ പ്രതീക്ഷയോടെ കാത്തിരിക്കുന്നതാണ്. അതിന്റെ പ്രഖ്യാപനം സോഷ്യൽ മീഡിയയിൽ ലക്ഷങ്ങളാണ് കാണുന്നത്.

'റമ്പാൻ' അനൗൺസ്മെന്റ് പോസ്റ്റർ

കുറച്ചുനാൾ മുമ്പ് ഒരു മോഹൻലാൽ-ജോഷി ചിത്രം വലിയ ഒച്ചപ്പാടോടെ പ്രഖ്യാപിക്കപ്പെട്ടു. നടൻ ചെമ്പൻ വിനോദായിരുന്നു തിരക്കഥാകൃത്ത്. ചിത്രത്തിന്റെ പേര് 'റമ്പാൻ'. പ്രേക്ഷകരെ ആകാംക്ഷയുടെ മുൾമുനയിൽ നിർത്തിക്കൊണ്ട് അതിന്റെ വിശദാംശങ്ങൾ പുറത്തുവന്നു. അമേരിക്കയിൽ ഷൂട്ടിങ്. ആക്ഷൻ ത്രില്ലർ. മോഹൻലാൽ മാരകായുധങ്ങളുമായി നിൽക്കുന്ന പോസ്റ്ററും സോഷ്യൽ മീഡിയയിൽ പ്രചരിച്ചു. പുതുമുഖനായികയെ പ്രഖ്യാപിച്ചു. ചടങ്ങ് ​ഗംഭീരമായി. ഏതാനും മാസങ്ങൾ കഴിഞ്ഞു. ഒരു ദിവസം കേൾക്കുന്നു, ആ പ്രോജക്ട് ഉപേക്ഷിച്ചു. ഒരു മോഹൻലാൽ-ജോഷി ചിത്രം കാത്തിരുന്ന പ്രേക്ഷകർ നിരാശരായി.

ഉണ്ണി മുകുന്ദനെ നായകനാക്കിയൊരുക്കുന്ന ചിത്രത്തിന്റെ പൂജാ ചടങ്ങിൽ സംവിധായകൻ ജോഷി

വീണ്ടും നിശബ്ദമായ ഒരു ഇടവേള. അപ്പോൾ അതാ മറ്റൊരു ജോഷിച്ചിത്രത്തിന്റെ പ്രഖ്യാപനം. നായകൻ ഉണ്ണി മുകുന്ദൻ. ഹൈവോൾട്ടേജ് ആക്ഷൻ ചിത്രം. പതിവുചടങ്ങുകൾ അരങ്ങേറുന്നു. ചിത്രത്തിനുവേണ്ടി ഉണ്ണി മുകുന്ദൻ ​ഗൾഫിൽ കായികപരിശീലനം നടത്തുന്നു തുടങ്ങിയ വാർത്തകൾ സോഷ്യൽ മീഡിയയിൽ നിറഞ്ഞു. ഷൂട്ടിങ് തുടങ്ങുന്ന തീയതി പ്രഖ്യാപിച്ചു. എല്ലാം സെറ്റ്. തീയതി അടുത്തുവന്നു. അപ്പോൾ അശുഭകരമായ വാർത്ത വരുന്നു. ഷൂട്ട് മാറ്റിവച്ചു. കുറച്ചുദിവസം കഴിഞ്ഞ് അതും അറിഞ്ഞു; പ്രോജക്ട് ഉപേക്ഷിച്ചു. പ്രേക്ഷകന്റെ നിരാശ പിന്നെയും ബാക്കി.

ജോഷി

ആരുടെ ഭാഗത്താണ് തെറ്റ്? ജോഷിയെപ്പോലെ മലയാള സിനിമയുടെ നെടുംതൂണായ സംവിധായകനെ വച്ച് ഒരു പ്രോജക്ട് തുടങ്ങുമ്പോൾ, അത് ഇൻഡസ്ട്രിയിലുണ്ടാക്കുന്ന ഹൈപ്പിനെക്കുറിച്ചും പ്രേക്ഷകർക്ക് നൽകുന്ന പ്രതീക്ഷയെക്കുറിച്ചും ഒരു ധാരണ വേണം. പിന്നെ ജോഷി എന്ന ലെജൻഡിനെക്കുറിച്ച് എന്തെങ്കിലും ഒരു വിവരം വേണം.

കലൂർ സ്റ്റേഡിയത്തിന്റെ ചുറ്റുമുള്ള കോഫിഷോപ്പുകളിലിരുന്ന് സിനിമ ചർച്ച ചെയ്യുന്ന ആളല്ല ജോഷി. അദ്ദേഹം നിൽക്കുന്ന തലത്തിലെത്താൻ 'ഇച്ചിരി' പണിയുണ്ട് പുത്തൻകൂറ്റുകാരായ നിർമാതാക്കൾ അത് മനസ്സിലാക്കണം. അല്ലെങ്കിൽ കോടികൾ അഡ്വാൻസ് വാങ്ങുന്ന താരങ്ങൾ അത് നിർമാതാക്കൾക്ക് പറഞ്ഞുകൊടുക്കണം. തീപാറുന്ന തിരക്കഥയെ തീ​ഗോളമാക്കി മാറ്റാൻ കഴിയുന്ന സംവിധായകനാണ് ജോഷി. ഇനിയുമൊരു അങ്കത്തിന് തിളച്ചുമറിയുന്ന യൗവനവുമായി ജോഷി കാത്തിരിക്കുന്നു...തന്റെ പ്രതിഭയെ വെല്ലുവിളിക്കുന്ന തിരക്കഥയ്ക്കാണ് ആ കാത്തിരിപ്പ്..

ജോഷിയുടെ മാസ്മരിക സ്പർശമുള്ള ഒരു തിയേറ്റർ അനുഭവത്തിനായി പ്രേക്ഷകരും കാത്തിരിക്കുന്നു.. ശാന്തസമുദ്രവും സമുദ്രകോപവും ഒന്നിച്ച് ആവാഹിക്കാൻ കഴിയുന്ന ജോഷിമാജിക് തിരശ്ശീലയിൽ കാണാനാണ് ആ കാത്തിരിപ്പ്...