ഉണർവേറിയ യുവത്വം നിറഞ്ഞ കാലമാണിത്. വിചാരങ്ങളിൽ നൂതനത്വവും പ്രവൃത്തിയിൽ ധൈര്യവും സംയോജിപ്പിച്ച് യുവതീയുവാക്കൾ സ്വന്തം വ്യക്തിമുദ്ര ശക്തമായി പതിപ്പിക്കുകയും എല്ലാ രംഗങ്ങളിലും മാറ്റത്തിന്റെ നായികാനായകരാവുകയും ചെയ്യുകയാണ്. എന്നാൽ ഇന്ന് യുവതലമുറ നേരിടുന്ന പ്രശ്നങ്ങൾ വളരെ സങ്കീർണമാണ്. അവരെ മാനസിക ആവശ്യങ്ങളിൽ സഹായിക്കാൻ സമൂഹത്തിന് ബാധ്യതയുണ്ട്.
കേരളത്തിൽ ഇന്ന് യുവാക്കൾക്കിടയിൽ വർധിച്ചുവരുന്ന അക്രമവും ലഹരി ദുരുപയോഗവും വലിയ സാമൂഹ്യചിന്തനത്തിലേക്ക് വിരൽ ചൂണ്ടുന്നു. 2023-ൽ കേരളത്തിൽ രജിസ്റ്റർ ചെയ്ത ലഹരി കേസുകളിൽ 60ശതമാനം പ്രതികളും നിലകൊള്ളുന്നത് 16-30 വയസ്സുള്ള യുവാക്കളാണ്. നമ്മുടെ നാടിന്റെ ശോഭനമായ ഭാവി എന്ന് കരുതുന്ന യുവത്വമാണ് അപകടകരമായ അവസ്ഥയിൽ എത്തി നിൽക്കുന്നത്. സ്കൂൾ-കോളേജ് കാമ്പസുകളിൽ വീണ്ടും ഗുണ്ടാസംഘങ്ങൾ കരുത്താർജിക്കുന്നു എന്ന് പുതിയ കണക്കുകൾ വ്യക്തമാക്കുന്നു.
സംസ്ഥാന പോലീസ് കണക്കുകൾ പ്രകാരം, 2024-ലെ ആദ്യ പകുതിയിൽ മാത്രം കേരളത്തിൽ യുവജന അക്രമ കേസുകൾ 15ശതമാനം വർധിച്ചു. ഇതൊരു മുന്നറിയിപ്പാണ്. കഞ്ചാവും എം.ഡി.എം.എയും ഉൾപ്പെടെയുള്ള ലഹരി ഉപയോഗത്തിലെ റെക്കോർഡ് വർധന, ഈ അവസ്ഥയുടെ ഗുരുതരാവസ്ഥ തെളിയിക്കുന്നു. യുവാക്കൾക്കിടയിലെ ആക്രമണ സ്വഭാവം ഒരു പകർച്ചവ്യാധി എന്ന പോലെ വർധിച്ചിരിക്കുന്നു.
കാരണങ്ങൾ എന്തെല്ലാം?
ഒറ്റപ്പെടലും ഏകാന്തതയും (loneliness & depression), ഒഴിവാക്കപ്പെട്ടു മാറ്റി നിർത്തപ്പെട്ടു എന്ന തോന്നലുകൾ (need for acceptance), ക്രിമിനൽ പ്രവണതകൾ-(antisocial attitude, criminal tendencies),വൈകാരിക അസന്തുലിതാവസ്ഥ (emotional dysregulation), അപക്വത മൂലം സെക്സ് റാക്കറ്റുകൾ പോലുള്ള അപകടങ്ങളിൽ ചെന്നെത്തുക, അപകർഷതാബോധം (inferiority complex), ലക്ഷ്യബോധമില്ലായ്മ, ധാർമിക മൂല്യങ്ങളെ സംബന്ധിച്ച ആശയക്കുഴപ്പവും അവ്യക്തതയും. മദ്യപാനവും മയക്കു മരുന്നിന്റെ ലഭ്യതയും,ദുരുപയോഗവും, ആത്മഹത്യാ പ്രവണതകൾ, വിദ്യാഭ്യാസത്തിലെ മത്സരക്ഷമത, ചെറിയ പ്രായത്തിലെ വലിയ ശമ്പളത്തിൽ ഉള്ള കോർപ്പറേറ്റ് ജോലികൾ കൊടുക്കുന്ന ധാരാളിത്തം, ആസ്വാദന മനോഭാവം, തൊഴിലിടങ്ങളിലെ ടാർഗറ്റ് ഒപ്പിക്കൽ സമ്മർദ്ദങ്ങൾ, ഇലക്ട്രോണിക് മാധ്യമങ്ങളുടെ അമിത സ്വാധീനം, കായികക്ഷമത കുറവ് ഇവയെല്ലാം നമ്മുടെ നാട്ടിലെ ഒരു വലിയ കൂട്ടം യുവാക്കൾക്കിടയിൽ അപകടകരമാം വിധം പൊതു അലസതാമനോഭാവം വർദ്ധിക്കാൻ കാരണമാകുന്നുവെന്ന് പഠനങ്ങൾ കാണിക്കുന്നു.
പുതുസിനിമാ ട്രെൻഡുകൾ ഉള്ളിലെഴുതുന്ന സ്ക്രിപ്റ്റ്
ഒരു കാലത്ത് സിനിമകൾ ജീവിതത്തിന്റെ കണ്ണാടിയായിരുന്നു. ഇന്ന് ഒരു പക്ഷേ നമ്മുടെ യുവതയെ ഏറ്റവും കൂടുതൽ സ്വാധിനിക്കുന്നത് സിനിമയും, റീലുകളും അനുകരണ മനോഭാവവും ആണെന്ന് പറയാതെ വയ്യ. ചില സിനിമകളെങ്കിലും യുവാക്കളുടെ മനസ്സിൽ അക്രമവാസനയുളള ഹീറോകൾക്കും, ലഹരിക്കും സ്ഥാനം ലഭിക്കാൻ കാരണമാകുന്നു. കുടുംബാന്തരീക്ഷത്തിലും സമൂഹത്തിലും അവർ ഉൾപ്പെടുന്ന കൂട്ടായ്മകളിലും ശരിയായ റോൾ മോഡലുകളുടെ അഭാവവും വലിയ വെല്ലുവിളിയാണ്. ഇത് തെറ്റായ റോൾ മോഡലുകളെ പ്രോത്സാഹിപ്പിക്കുന്നു. ലഹരിയും, അക്രമവും ഹീറോയിസം ആയി വാഴ്ത്തുന്ന സാമൂഹ്യ മാധ്യമ സ്വാധീനവും അപകടം സൃഷ്ടിക്കുന്നു.
മലയാള സിനിമയുടെ പുതിയ ട്രെൻഡുകൾ നമ്മുടെ യുവാക്കളുടെ മനസ്സിൽ വളരെ ശക്തമായ 'സ്ക്രിപ്റ്റ്' എഴുതുന്നു. ചലച്ചിത്രങ്ങൾ പേരെടുത്ത് പരാമർശിക്കുന്നില്ല. സിനിമകളിൽ നാം കാണുന്നത് ആക്ഷൻ നിറഞ്ഞ കഥാപാത്രങ്ങൾ, അവരുടെ ആഗ്രഹങ്ങൾ പൂർത്തിയാക്കുന്നതിന് നടത്തുന്ന അക്രമം, ലഹരിപദാർത്ഥങ്ങൾ, സ്ത്രീകൾക്കും, കുട്ടികൾക്കും എതിരായുളള അതിക്രമങ്ങൾ തുടങ്ങിയവയാണ്. ഇതെല്ലാം മറയില്ലാതെ സീനുകളിൽ കുത്തി നിറക്കുന്നു. യുവാക്കൾ ഈ കഥാപാത്രങ്ങളെ അതിരുകളറ്റ് പിന്തുടരുമ്പോൾ, മനശ്ശാസ്ത്രപ്രകാരം 'സാമൂഹിക മാതൃകകളിൽ നിന്നാണ് പല പടപടപ്പുകളും ജനിക്കുന്നത്' എന്ന വസ്തുത ശ്രദ്ധേയമാകുന്നു. എന്നാൽ റിവ്യൂകളും ട്രെൻഡുകളും നോക്കി മാത്രം ഇവ കാണാതെ വിവേചന ബുദ്ധി ഉപയോഗിക്കുവാൻ യുവതക്കും, കുടുംബങ്ങൾക്കും സാധിക്കണം.
അലബർട്ട് ബൻഡൂരയുടെ സോഷ്യൽ ലേണിങ്ങ് തിയറി അനുസരിച്ച്, മനുഷ്യൻ കണ്ടു പഠിക്കുന്നവനും അനുകരിക്കുന്നവനുമാണ്. നായകൻ പ്രശ്നപരിഹാരത്തിന് കയ്യിലായുധം എടുക്കുമ്പോൾ, സ്ക്രീന് മുമ്പിലിരുന്ന് കാണുന്ന കൗമാര പ്രായക്കാരൻ മനസ്സിൽ കുറിക്കുന്നു -'ഇതാണ് വിജയം നേടാനുള്ള വഴി?'
സിനിമയിലെ 'ഹീറോ'യും മനസ്സിലെ 'ഹീറോ'യും
ചില സിനിമകളിൽ കടുകട്ടി മനോഭാവവും, കോപവും, നിയമത്തിനപ്പുറം നീതിയെ കയ്യിലെടുക്കുന്ന ആക്ഷനുമാണ് വിജയത്തിലേക്കുള്ള വഴി എന്ന് പറയാതെ പറയുന്നു. ഇതുകാണുന്ന യുവാക്കൾക്കിടയിൽ 'ചതിക്ക് ചതി' എന്ന ചിന്ത വളർന്ന് പ്രശ്നങ്ങൾ പരിഹരിക്കാൻ ഏതു വഴിയും സ്വീകരിക്കാം എന്ന നിലവരുന്നു. വാട്സാപ്പ് സ്റ്റാറ്റസ്സുകളിൽ ഈ പുതിയ ശൈലിയെ പുകഴ്ത്തുന്ന ശീലം കൗമാരക്കാരുടെ ഇടയിൽ കൂടി വരുന്നുണ്ട്.
ഗ്യാങ്സ്റ്റർ ലൈഫ് സ്റ്റൈലായി കാണിക്കുന്നത്, അതിരുകൾ തകർക്കുന്നവനായി ഹീറോയെ ചിത്രീകരിക്കൽ, നിയമ ലംഘനത്തിനു പോലും വീരപരിവേഷം നല്കൽ തുടങ്ങി ആവർത്തിച്ച് കാണിക്കുന്ന ആക്ഷൻ സീനുകൾ കൂടുതൽ സ്വീകാര്യത നേടുന്നു. അങ്ങനെ തലമുറയുടെ ട്രെൻഡ് മാറുന്നു. കൂട്ടുകാരുടെ ഇടയിൽ 'ഹീറോയെ' പോലെയുള്ള ഭാഷ, ബോഡി ലാംഗ്വേജ്, ലഹരി ഉപയോഗം എന്നിവയ്ക്ക് അമിത പ്രോത്സാഹനം ലഭിക്കുന്നു. സാമൂിഹിക മനശാസ്ത്രത്തിെന്റെ വെളിച്ചത്തിൽ: Normative Social Influence എന്നതിന്റെ ഉദാഹരണം തന്നെയാണ് ഇന്ന് നമ്മുടെ യുവാക്കളുടെ സിനിമാനിരീക്ഷണം.
റീലുകൾ ജീവിതത്തിൽ ഉണ്ടാക്കുന്ന സ്വാധീനം ചെറുതല്ല. റീൽ(Reel) ലോകം കുടുംബത്തിൽ തന്നെ റിയൽ (Real) അഥവാ യാഥാർഥ്യത്തിന്റെ സ്വാധീനം ചെലുത്തുന്നു. സിനിമയിലെ ആക്രമണ രംഗങ്ങൾ, ലഹരി ഉപയോഗം തുടങ്ങിയവയെ 'ഫാഷൻ' ആയി കാണുന്നതാണ് പുതുരീതി. അതുപോലെതന്നെ ഇത്തരം സിനിമകൾ കുട്ടികളോടൊപ്പം കാണുന്നത് മറ്റൊരു പ്രശ്നം കൂടിയാണ്. കുട്ടികൾക്ക് മനസ്സിലാകുന്നത് ഇതാണ് 'നോർമൽ', അല്ലെങ്കിൽ സാധാരണ പെരുമാറ്റം എന്നാണ്.
ചില കുടുംബങ്ങൾ കുട്ടികളുമായി ഇത്തരം സിനിമക്ക് പോകുന്നതും, കാണാൻ പാടില്ലാത്ത സീൻ വരുമ്പോൾ കുട്ടികളുടെ കണ്ണ് മൂടുന്നതും വിരോധാഭാസമായി തോന്നുന്നു.
എങ്ങനെ മാറാം? പ്രശ്നങ്ങളെ മറികടക്കാനുള്ള ചില നിർദ്ദേശങ്ങൾ
● കോപം ഒരു പൊതുജനാരോഗ്യ പ്രശ്നമായി വളരുന്ന കാലമാണിത്. ശാന്തമായി പ്രതിഷേധിക്കാം. മൂക്കിൽ ശുണ്ഠി ഉള്ളവരെ ഈ ദേഷ്യ കോലാഹലം കൊണ്ട് ആ വ്യക്തിയുടെ തലച്ചോറിന്റെ അവസ്ഥയും മറ്റുള്ളവരുടെ കൂടെ സമാധാനവും നഷ്ടമാകുന്നു എന്ന് ബോധ്യപ്പെടുത്തണം.
● വ്യക്തിസ്വാതന്ത്ര്യത്തെ മാനിക്കുക. നല്ല വ്യക്തിബന്ധം വികസിപ്പിക്കുക
● പലപ്പോഴും മാതാപിതാക്കൾ തങ്ങളുടെ കുട്ടികളെ മുതിർന്നവരായി കാണാൻ ഇഷ്ടപ്പെടുന്നില്ല. ആശയങ്ങളിൽ കടുംപിടുത്തം ഒഴിവാക്കലും ബഹുമാനത്തോടെ ഉള്ള ചർച്ചകളും നമ്മുടെ യുവത ആഗ്രഹിക്കുന്നുണ്ട്.
● സങ്കടങ്ങളും സമ്മർദ്ദങ്ങളും സുഹൃത്തുക്കളുമായി പങ്കിടുന്നത് ഉത്കണ്ഠയും വിഷമവും തരണം ചെയ്യാനുള്ള എളുപ്പമാർഗ്ഗമായിരിക്കും.
● ജീവിതത്തിൽ പോസിറ്റീവ് സ്വാധീനം ചെലുത്താൻ സാധിക്കുന്ന നല്ല മെന്റർമാർ ഉണ്ടാവട്ടെ ഓരോരുത്തർക്കും.
● അതിജീവന കല പഠിച്ച് ജീവിത സാഹചര്യങ്ങളിൽ പോരാടുകയാണ് മാതൃകാ പരമായ രീതി.
● 'നോ' പറയേണ്ടിടത്ത് അത് പറയുവാനുള്ള പരിശീലനവും ആർജിക്കണം.
● ഉല്ലാസത്തിന് ലഹരി പദാർത്ഥം വേണ്ടെന്ന പ്രഖ്യാപനം യൂവത ഏറ്റെടുക്കട്ടെ.
● തല്ലിയും ആക്രമിച്ചുമൊക്കെ അങ്ങ് പോകുന്നത് ആണ് യുവത്വത്തിന്റെ സ്റ്റൈൽ എന്ന അബദ്ധ ധാരണ മാറ്റിയെ പറ്റൂ.
● മാനസികവും കായികവുമായ ആരോഗ്യം നിലനിർത്താൻ വിനോദ വ്യായാമങ്ങൾക്കും നല്ല പങ്കുണ്ട്.
● വേണ്ടിടത്ത് കൗൺസിലിങ്ങും മാർഗനിർദേശവും സൈക്കോതെറാപ്പിയും സ്വീകരിക്കുവാൻ ഉള്ള പ്രോത്സാഹനം കൊടുക്കേണ്ടത് ആവശ്യമാണ്.
● സ്കൂളുകളിലും കോളേജുകളിലും വികാര നിയന്ത്രണത്തിന് വേണ്ട പരിശീലനം, anger management പരിശീലനം, mindfulness training,psychological first aid, assertiveness training, personal safety ക്ലാസുകളും തുടർച്ചയായി നടക്കട്ടെ.
● ക്യാമ്പസ് ക്ലബുകൾ വഴി പൊസിറ്റീവ് പിയർ ഗ്രൂപ്പുകൾ സൃഷ്ടിക്കുക. യുവത്വം തന്നെ നയിക്കുന്ന 'നമുക്ക് തന്നെ മാറാം' എന്ന തരത്തിലുള്ള പ്രചാരണങ്ങൾ പ്രോത്സാഹിപ്പിക്കാം.
● കുറ്റകരമായ ഗൂഢാലോചനകളും ക്രൈമും പരിശീലിപ്പിക്കാൻ വേണ്ടിയാകരുത് യുവ ജന സംഘടനകളുടെ പ്രവർത്തനം. സ്വതന്ത്ര ചിന്തയും സമൂഹിക പ്രതിബദ്ധതയുമുള്ള ചെറുപ്പക്കാരെ വാർത്തെടുക്കണം സംഘടനകൾ.
● കമ്മ്യൂണിറ്റി അധിഷ്ഠിത സംഘടനകളുടെ പങ്കാളിത്തത്തിലൂടെ, ആവശ്യമുള്ള യുവാക്കൾക്ക് ആക്സസ് ചെയ്യാവുന്നതും സാംസ്കാരികമായി സെൻസിറ്റീവുമായ പിന്തുണാ സേവനങ്ങൾ സ്ഥാപിക്കാൻ കഴിയും. ഈ സേവനങ്ങളിൽ നമ്മുടെ യുവാക്കളുടെ തനതായ ആവശ്യങ്ങൾ അഭിസംബോധന ചെയ്യുന്ന ഔട്ട്റീച്ച് പ്രോഗ്രാമുകൾ എന്നിവ ഉൾപ്പെടുത്താം.
● മീഡിയാ ലിറ്ററസി പരിശീലനം: സിനിമയിലെ ഫിക്ഷൻ-റിയാലിറ്റി വിഭജിക്കാൻ സ്കൂളുകളിൽ പരിശീലനം വേണം.
● നല്ല സിനിമകളും ഉണ്ട്! നല്ല സിനിമകൾ സമൂഹ മനസ്സിനെ ഉന്നതതയിലേക്ക് നയിക്കുന്നു. പ്രളയസമയത്തെ കൂട്ടായ്മയും മാനുഷികതയും മനോഹരമായി കാണിച്ച ചലച്ചിത്രവും കുടുംബ ബന്ധങ്ങളുടെ കഥ പറയുന്ന നല്ല ചിത്രങ്ങളും നമുക്ക് ഉണ്ടല്ലോ.
● റോൾമോഡൽ മാറ്റം: യഥാർത്ഥ ജീവിതത്തിലെ താരങ്ങളെ തിരഞ്ഞെടുക്കേണ്ടത് കുറച്ചു കൂടി ശ്രദ്ധിച്ചാകട്ടെ.
● ആത്മീയ വളർച്ചയിൽ അവനവന്റെ മതവും ആത്മീയ നേതൃത്വവും മത ചിന്ത വളർത്താതെ ആത്മീയ വളർച്ചക്ക് വേണ്ടി ചെയ്യുന്ന യുവജന ശുശ്രൂഷയ്ക്ക് വലിയ പങ്കുണ്ട്.
● മതപരമായഭിന്നതകൾക്കതീതമായി സഹാനുഭൂതിയുടെയും മനസ്സിലാക്കലിൻ്റെയും സംസ്കാരം വളർത്തിയെടുക്കുന്ന മതാന്തര സംവാദവും സഹകരണവും പ്രോത്സാഹിപ്പിക്കണം.
യുവതയുടെ കോപവും, ആവേശവും അക്രമവും, ലഹരിയും യുവാക്കൾ തെരുവിൽ മരിക്കുന്നതും സങ്കീർണ്ണവും ബഹുമുഖവുമായ ഒരു പ്രശ്നമാണ്. നമ്മുടെ യുവജനങ്ങൾ ജീവിതത്തിൻ്റെ വെല്ലുവിളികളെ നേരിടുമ്പോൾ നിശ്ശബ്ദത വെടിഞ്ഞ് ഒരു നിലപാടെടുക്കേണ്ട സമയമാണിത്. ഇന്നത്തെ യുവാക്കൾ റീൽ ലഹരിയിൽ മാത്രം കുടുങ്ങാതെ,യഥാർത്ഥ ജീവിത വിജയങ്ങളിലേക്കാണ് വഴിമാറേണ്ടത്. അതിനായി കുടുംബവും സമൂഹവും ചേർന്നുപോരേണ്ട കാലമാണ് ഇത്. യഥാർത്ഥ ഹീറോയിസം, സ്ക്രീനിലെ സംഘർഷങ്ങളല്ല, കൊല്ലലും കൊടുക്കലും അല്ല, പുകമറയല്ല പകരം, അത് ഒരാളുടെ അകത്തെ മൂല്യങ്ങളിലും ജീവിതത്തോട് ഉള്ള പ്രതിബദ്ധതയിലും ആഴപ്പെടുന്നു എന്ന ബോധം കുട്ടികളിലും യുവാക്കളിലും വളർത്തേണ്ടത് ആദ്യമേ കുടുംബം തന്നെയാകണം. അവർക്ക് പ്രത്യാശയുടെയും പ്രതീക്ഷയുടെയും കൈ നീട്ടി നമുക്ക് അവർക്കൊപ്പം ഒരുമിച്ച് നില്ക്കാം.നമുക്ക് ഒരുമിച്ച് ഉത്തരവാദിത്തം ആവശ്യപ്പെടാം, മാറ്റത്തിന് വേണ്ടി വാദിക്കാം, എല്ലാവർക്കും സുരക്ഷിതവും ആരോഗ്യകരവുമായ കമ്മ്യൂണിറ്റികൾ സൃഷ്ടിക്കാം.
(ആലുവ രാജഗിരി ആശുപത്രിയിലെ കൺസൾട്ടന്റ്-ക്ലിനിക്കൽ സൈക്കോളജിസ്റ്റാണ് ലേഖിക)