വെഞ്ഞാറമ്മൂട് എന്ന നാടിനെ ഇന്ത്യൻ സിനിമയിൽതന്നെ മേൽവിലാസമാക്കി മാറ്റിയ നടനാണ് സുരാജ്. ചിരിയിൽ തുടങ്ങി കൺചിമ്മിത്തുറക്കുന്ന നേരം കൊണ്ട് നായകനിലേക്ക് വളർന്ന നടൻ. ജഗതി ശ്രീകുമാറിന് പകരം വയ്ക്കാവുന്ന അഭിനേതാവ് എന്നുവരെ സുരാജ് വിലയിരുത്തപ്പെട്ടു. ദശമൂലം ദാമുവിൽ നിന്ന് നാഗേന്ദ്രൻ എന്ന വെബ്സീരീസ് നായകനിലേക്കുള്ള വേഷപ്പകർച്ചയിൽ സുരാജിന്റെ വളർച്ചയുടെ ഗ്രാഫ് ഉള്ളടങ്ങുന്നു. ഏറ്റവുമൊടുവിൽ ഇ.ഡിയിലും,എമ്പുരാനിലും പടക്കളത്തിലും നരിവേട്ടയിലും പലതരം കഥാപാത്രങ്ങളായി ഈ നടൻ നിറഞ്ഞുനില്കുന്നത് പ്രേക്ഷകർ കാണുന്നു. സുരാജിനോട് ചില ചോദ്യങ്ങളും അതിനുള്ള മറുപടിയും
ചിരിയുടെ രസക്കൂട്ടുകൾ
കരയിപ്പിക്കാൻ എളുപ്പമാണ്, ഒരാളെ ചിരിപ്പിക്കാനാണ് പ്രയാസം. ചിരിയുടെ രസക്കൂട്ടുകൾ ഇതൊക്കെയായിരിക്കണം എന്നൊന്നും മുൻകൂട്ടി നിർവചിക്കാനാവില്ല. ഷൂട്ടിങ് സമയത്തും ഡബ്ബിങ് സമയത്തും തിയേറ്ററിൽ വൻ കൈയടി ലഭിക്കുമെന്നു കരുതിയ പല സീനുകളും വലിയ ചലനങ്ങൾ സൃഷ്ടിക്കാതെ ആവറേജ് ആയി കടന്നുപോകും. പലപ്പോഴും, നമ്മൾ പ്രതീക്ഷിക്കാത്ത സീനുകൾ പ്രേക്ഷകർ ഏറ്റെടുക്കുകയും ആസ്വദിക്കുകയും ചെയ്യും. തിയേറ്ററുകളിൽ ജനം കൈയടിക്കുന്ന സീനുകൾ മുൻകൂട്ടി പ്രവചിക്കാനാവില്ലല്ലോ.
സിനിമയിൽ സിറ്റുവേഷനനുസരിച്ചാണ് കോമഡി ഉണ്ടാകുന്നത്. കോമഡിക്കു വേണ്ടി എന്തെങ്കിലുമൊക്കെ ചെയ്താൽ ചിലപ്പോൾ അത് ഫലിക്കാതെ വരും അല്ലെങ്കിൽ ഹാസ്യം അസ്ഥാനത്തായിപ്പോകും. സ്റ്റേജ് ഷോയിലാണെങ്കിൽ അതിന്റെ റിസൽറ്റ് അപ്പോൾത്തന്നെ അറിയാം. സിനിമയിൽ അതു പറ്റില്ലല്ലോ. സ്റ്റേജിലായാലും സിനിമയിലായാലും ആർട്ടിസ്റ്റിന്റെ സംഭാവനകൾ ഉണ്ടാകും. എന്നെ സംബന്ധിച്ച് സ്ക്രിപ്റ്റിൽ ഇല്ലാത്തതൊക്കെ ഡയറക്ടറുടെ അനുവാദത്തോടെ ചിത്രീകരണ സമയത്തും ഡബ്ബിങ് സമയത്തും കൂട്ടിച്ചേർക്കാറുണ്ട്.
'അറബിക്കഥ' എന്ന സിനിമയിൽ അത്തരമൊരു സീനുണ്ട്. ഞാനും ശ്രീനിയേട്ടനും നോമ്പുതുറ സമയത്ത് ഒരു പള്ളിയിൽ എത്തുന്ന രംഗം. ഞങ്ങൾ നോമ്പുപിടിച്ചവരല്ല, വിശപ്പാണ് പ്രശ്നം. ഭക്ഷണം കഴിക്കാൻ നിവൃത്തിയില്ലാതെയാണ് അവിടെ എത്തുന്നത്. വയറു നിറയെ കഴിച്ചതിനു ശേഷം കൈയിൽ കരുതിയിരുന്ന കവറിൽ പഴങ്ങൾ നിറച്ചുകൊണ്ടു പുറത്തേക്കിറങ്ങുന്നു. അപ്പോൾ പറയുന്ന, ’കവറു കൊണ്ടുവന്നത് മോശായോ എന്തോ.... നാളെ മുതൽ ചാക്ക് എടുത്തോണ്ടു വരാം... ’ എന്ന ഡയലോഗ് സ്ക്രിപ്റ്റിൽ ഇല്ലായിരുന്നു. ഡബ്ബിങ് സമയത്ത് കൈയിൽ നിന്നിട്ടതാണ്. തിയേറ്ററിൽ വലിയ കൈയടി കിട്ടിയ രംഗമായി മാറി.
കോംപിനേഷനുകൾ ഇംപ്രവൈസേഷൻ ഉണ്ടാക്കും
ചില ആർട്ടിസ്റ്റുകളോടൊത്തുള്ള കോംപിനേഷനുകൾ ഇംപ്രവൈസേഷൻ ഉണ്ടാക്കും. അതു സിനിമയ്ക്കു ഗുണം ചെയ്യും. ദിലീപ്, ഹരിശ്രീ അശോകൻ, സലിംകുമാർ തുടങ്ങിയവരോടൊപ്പമുള്ള സീനുകൾ ഇംപ്രവൈസേഷനിലൂടെ കൂടുതൽ നന്നാക്കാൻ ശ്രമിച്ചിട്ടുണ്ട്. അപ്പോൾ നമ്മൾ പ്രതീക്ഷിക്കാത്ത റിസൽറ്റ് സീനിനുണ്ടാകും. കാര്യസ്ഥൻ, മിസ്റ്റർ മരുമകൻ, ലൈഫ് ഓഫ് ജോസൂട്ടി, ടു കണ്ട്രീസ്, ഏഴു സുന്ദര രാത്രികൾ അങ്ങനെ പേരെടുത്തു പറഞ്ഞാൽ ഒരുപാടു ചിത്രങ്ങളുണ്ട് ദിലീപേട്ടനോടൊപ്പം. ടൈമിങ്ങും കൗണ്ടറും കറക്ടാകുമ്പോൾ കോമഡി വർക്കൗട്ട് ആകും. എന്നെ സംബന്ധിച്ചടത്തോളം നന്നായി പെർഫോം ചെയ്യാൻ പറ്റും. എക്സ്പീരിയൻസ്ഡ് ആയ ആർട്ടിസ്റ്റുകളോടൊപ്പം അഭിനയിക്കുമ്പോൾ കോമഡി രംഗങ്ങളിൽ മാത്രമല്ല, സിനിമയുടെ ടോട്ടാലിറ്റിയിലും അതിന്റെ പ്രതിഫലനമുണ്ടാകും.
ഏറ്റവും ഇഷ്ടം കോമഡി
കോമഡി ചെയ്യാനാണ് എന്നും ഇഷ്ടം. ഒരു സിറ്റുവേഷൻ കിട്ടിയാൽ, എങ്ങനെയെല്ലാം ഇംപ്രവൈസ് ചെയ്യാം. എന്തെല്ലാം കൂട്ടിച്ചേർക്കാം അങ്ങനെയുള്ള ശ്രമങ്ങൾ ചെയ്യാറുണ്ട്. അതിനർത്ഥം, ക്യാരക്ടർ റോളുകൾ ചെയ്യില്ല എന്നല്ല. മികച്ച വേഷങ്ങൾ ചെയ്യാൻ ആർക്കാണ് ആഗ്രഹമില്ലാത്തത്. കുറേക്കാലം കോമഡി വേഷങ്ങൾ ചെയ്ത്, എന്തെങ്കിലും ഒരു ചെയ്ഞ്ച് വേണമെന്ന് ആഗ്രഹിച്ചിരിക്കുമ്പോഴാണ് ’പേരറിയാത്തവർ’ എന്ന സിനിമയിൽ അഭിനയിക്കുന്നത്. ചിത്രത്തിലെ അഭിനയത്തിന് മികച്ച നടനുള്ള ദേശീയ അവാർഡ് (2013) ലഭിച്ചു. നിരവിധ ദേശീയഅന്തർദേശീയ ഫിലിം ഫെസ്റ്റിവലിൽ പ്രദർശിപ്പിക്കപ്പെടുകയും അംഗീകാരങ്ങൾ ലഭിക്കുകയും ചെയ്തു.
ഒരാളെ ചിരിപ്പിക്കാനാണ് ഏറ്റവും പ്രയാസം. നമ്മുടെ ജീവിത സാഹചര്യങ്ങൾ മാറിയിരിക്കുന്നു. ഫാസ്റ്റ് ലൈഫ് കാലമാണിത്. ഇതിനിടയിൽ സിനിമ കാണാനോ, മറ്റ് കലാരൂപങ്ങൾ കാണാനോ അധികനേരം ആർക്കും കിട്ടിയെന്നു വരില്ല. എല്ലാവരുടെയും പ്രശ്നം അതിയായ തിരക്കുകളും സ്ട്രസുമാണ്. ആളുകളെ അതിൽ നിന്ന് റിലീസ് ചെയ്യിപ്പിക്കണമെങ്കിൽ വലിയ പ്രയത്നം ആവശ്യമാണ്. തിയേറ്ററുകളിൽ എത്തുന്നവരാണെങ്കിലും വൈകിട്ട് ജോലിയൊക്കെ കഴിഞ്ഞ് വീട്ടിലെത്തി ടി.വി കാണാനിരിക്കുന്നവരാണെങ്കിലും അവർക്കിടയിലേക്ക് കോമഡിയുമായി ഇറങ്ങിച്ചെല്ലുമ്പോൾ നമ്മൾ നന്നായി വർക്ക് ചെയ്യേണ്ടതുണ്ട്. ഒരു വിഷയം കൊണ്ടുവരിക, അതിനുള്ള സിറ്റുവേഷൻ കൊണ്ടുവരിക, സ്കിറ്റ് ആക്കുക അതെല്ലാം വളരെ പ്രയാസമേറിയതാണ്. പ്രേക്ഷകരുടെ ഇഷ്ടം കൂടി നാം കണക്കിലെടുക്കണം. പ്രേക്ഷകൻ എല്ലാം മറന്നു ചിരിച്ചാൽ അതു ഒരു കൊമേഡിയന്റെ വിജയമാണ്.
ചിരിപ്പിക്കുന്നവരെ ഇഷ്ടമില്ലാത്തവരുണ്ടോ
ചിരിപ്പിക്കുന്നവർ ജനങ്ങൾക്ക് ഏറെ പ്രിയപ്പെട്ടവരാണ്. നായകനോ, വില്ലനോ അല്ലെങ്കിൽ മറ്റ് ആർക്ക് കിട്ടുന്നതിനേക്കാളും കൂടുതൽ ഇഷ്ടം, സ്വീകാര്യത കോമഡി ആർട്ടിസ്റ്റുകൾക്ക് ലഭിക്കാറുണ്ട്. ഒരാളെ പൊട്ടിച്ചിരിപ്പിക്കുക, രസിപ്പിക്കുക എന്നതു നിസാര കാര്യമല്ല. സിനിമയിൽ മാത്രമല്ല, സീരിയലുകളിലാണെങ്കിലും നാടകത്തിലാണെങ്കിലും കോമഡി ആർട്ടിസ്റ്റുകളോട് ആളുകൾക്ക് എന്നും ഒരിഷ്ടം കൂടുതലുണ്ട്.
കോമഡിയിൽ നിരവധി മാറ്റങ്ങൾ
സിനിമയിലെ കോമഡി രംഗങ്ങൾക്കു മാറ്റം സംഭവിച്ചിട്ടുണ്ട്. തൊട്ടുമുമ്പത്തെ തലമുറയിലെ സിനികളിൽ നിന്നു വ്യത്യസ്തമായാണ് സമകാലിക സിനിമ ഹാസ്യം കൈകാര്യം ചെയ്യുന്നത്. മുൻ തലമുറയിലെ അടൂർ ഭാസി, എസ്.പി. പിള്ള, മാള, പപ്പു, ജഗതി തുടങ്ങിയവരുടെ രീതിയല്ല ഇപ്പോഴുള്ളവർ ചെയ്യുന്നത്.
പഴയ സിനിമകളിലെല്ലാം കോമഡി ആർട്ടിസ്റ്റുകൾ ഒരു പ്രത്യേക ട്രാക്കിലൂടെയാണ് പോയിരുന്നത്. കോമഡിക്കു വേണ്ടി സീനുകൾ മാറ്റിവച്ചിട്ടുള്ളതായും കാണാം. അവർ സ്ക്രീനിലേക്ക് വരുമ്പോഴേ ആളുകൾ ചിരിക്കാൻ തുടങ്ങും. അമ്പിളിച്ചേട്ടന്റെ (ജഗതി ശ്രീകുമാർ) ഒരു നോട്ടം മതി ആളുകളെ ചിരിപ്പിക്കാൻ. കോമഡിക്കു ഡബിൾ മീനിങ് ഉപയോഗിച്ചിട്ടുണ്ട്. എന്നാൽ, ആ രീതികൾക്കൊക്കെ മാറ്റം വന്നുകൊണ്ടിരിക്കുന്നതായാണ് പുതിയ സിനിമ അഥവാ ന്യൂജെൻ സിനിമ വ്യക്തമാക്കുന്നത്.
സിറ്റുവേഷൻ കോമഡിയാണ് ഇപ്പോഴത്തെ സിനിമകളധികവും കൈകാര്യം ചെയ്യുന്നത്. കറക്ട് സിറ്റുവേഷൻ ആണെങ്കിൽ, സിറ്റുവേഷനിൽ നമ്മൾ ചെയ്തത് ഓകെയായെങ്കിൽ ജനം ചിരിക്കും, കൈയടിക്കും ഇഷ്ടപ്പെടും. ജനം ചിരിക്കാൻ ഇഷ്ടപ്പെടുന്നവരാണ്. സിറ്റുവേഷനിൽ കറക്ട് സമയത്ത് ഓവറാകാതെ ചെയ്താൽ ജനം സ്വീകരിക്കും.
ന്യൂജെൻ സിനിമ
അങ്ങനെയൊരു വേർതിരിവു വേണോ എന്നെനിക്കറിയില്ല. എല്ലാക്കാലത്തും പുതിയ സിനിമകൾ ഉണ്ടായിട്ടുണ്ട്. കാലോചിതമായ മാറ്റങ്ങളും പരിഷ്കാരങ്ങളും കലാസാഹിത്യ രംഗത്ത് ഉണ്ടാകും. പത്മരാജൻ, ഭരതൻ, ഐ.വി. ശശി, ബാലചന്ദ്ര മേനോൻ തുടങ്ങിയവർ നിലനിന്നിരുന്ന സിനിമാ സങ്കല്പങ്ങളെ മാറ്റി എഴുതിയവരാണ്. തിരക്കഥകളിലെ പുതുമ, ചിത്രീകരണത്തിലെ പുതുമ, മികച്ച രീതിയിൽ ടെക്നോളജിയുടെ ഉപയോഗം ഇതെല്ലാം അവരും പരീക്ഷിച്ചിരുന്നു. ഇക്കാലത്തും പുതിയ രീതിയിൽ സിനിമകളുണ്ടാകുന്നു. ടെക്നോളജി മാറിയിരിക്കുന്നു. സിനിമ ഡിജിറ്റലായി മാറിയിരിക്കുന്നു. പുതിയ തലമുറ അവരുടെ ശബ്ദം കേൾപ്പിക്കാൻ ശ്രമിക്കുന്നു. ചിലതു സാമ്പത്തികമായി വിജയിക്കുന്നു. ചിലതു പരാജയപ്പെടുന്നു.
സിനിമയുമായി ബന്ധപ്പെട്ട ടെക്നിക്കൽ കോഴ്സുകൾ കഴിഞ്ഞ് നിരവധി പുതിയ ചെറുപ്പക്കാരാണ് ഈ രംഗത്തേക്കു കടന്നുവരുന്നത്. അവരെല്ലാം ടാലന്റ് ഉള്ളവരാണ്. ലോകം നിങ്ങളുടെ വിരൽത്തുമ്പിൽ എന്ന പോലെ സിനിമയും നിങ്ങളുടെ വിരൽത്തുമ്പിൽ എത്തിയിരിക്കുന്നു. മലയാള സിനിമയിൽ മാത്രമല്ല, ലോക സിനിമയിലും മലയാളികൾ പരിജ്ഞാനം നേടിയിരിക്കുന്നു. മാറ്റം കാലാനുസൃതമാണ്. അത് ഉണ്ടായിക്കൊണ്ടേയിരിക്കും. നമ്മുടെ ചില സംവിധായകർ എടുക്കുന്ന ഷോട്ടുകൾ ലോകസിനിമയുടെ നിലവാരത്തിലുള്ളവയാണ്. ഇങ്ങനെതന്നെ വേണം സിനിമ എന്ന വാശിയൊന്നും ഇപ്പോഴത്തെ ചെറുപ്പക്കാർക്കില്ല. അവർ പരീക്ഷണങ്ങൾ തുടർന്നുകൊണ്ടേയിരിക്കുന്നു. ഇനി വരുന്ന തലമുറ ഇതിലും വലിയ പരീക്ഷണങ്ങളായിരിക്കും നടത്തുക. ചിലപ്പോൾ സങ്കല്പിക്കാനാകാത്ത വിസ്മയങ്ങളായിരിക്കും ഭാവിയിലെ സിനിമകളിൽ സംഭവിക്കുന്നത്.
സ്റ്റേജ് ഷോയിൽ ലൈവായി പ്രേക്ഷകരോടു സംവദിക്കാം
സ്റ്റേജ് ഷോ അന്നും ഇന്നും എനിക്കിഷ്ടമാണ്. കാരണം ലൈവായി പ്രേക്ഷകരോടു സംവദിക്കാം എന്നുള്ളതാണ് സ്റ്റേജ് ഷോയുടെ പ്രത്യേകത. ഒരു സ്കിറ്റിന്റെ റിസൽറ്റ് അപ്പോൾത്തന്നെ നമുക്കറിയാം. കൂട്ടിച്ചേർക്കലുകൾ വേണമെങ്കിൽ അടുത്ത സ്റ്റേജിൽ നടത്തുകയും ചെയ്യാം.
ഞങ്ങളുടെ ട്രൂപ്പ് നാലും അഞ്ചും സ്റ്റേജുകൾ ചെയ്തിരുന്നു ഒരു ദിവസം. രാവിലെ കോളേജ് മുതൽ തുടങ്ങും. വൈകിട്ട് ഉത്സവപ്പറമ്പുകളിലും. ആറു മാസം കൊണ്ട് 350ാളം സ്റ്റേജുകൾ കളിക്കും. ഇന്ന് സ്റ്റേജ് പരിപാടികൾ കുറവാണ്. കാരണം ആദ്യം പറഞ്ഞതു തന്നെ, എല്ലാം വിരൽത്തുമ്പിൽ എത്തി. വൈകിട്ട് ടിവിയിൽ വിവിധ തരം ഷോകളുടെ തിരക്കാണ്. അതുകൊണ്ട് ഉത്സപ്പറമ്പുകളിലെ തിരക്കുകൾ കുറഞ്ഞു. പ്രേക്ഷകർക്ക് ഇഷ്ടം പോലെ ഓപ്ഷൻസ് ഉണ്ട്.
സിനിമയ്ക്കെന്തിന് വലിയ ക്യാൻവാസ്
സിനിമയ്ക്ക് വലിയ ക്യാൻവാസ് വേണമെന്നില്ല. കനമുള്ള കഥയോ, സന്ദർഭങ്ങളോ, ഫൈറ്റോ ഒന്നും വേണമെന്നില്ല. ചെറിയ ക്യാൻവാസിൽ ചെയ്ത എത്രയോ സിനിമകളാണ് അടുത്തകാലത്ത് വിജയിച്ചത്. ആളുകൾക്ക് രസിച്ചാൽ മതി. ഒരു ചെറിയ സബ്ജക്ട് മതി. സ്റ്റാർ കാസ്റ്റ് വേണമെന്നു പോലുമില്ല.
അഭിനേതാവ് എന്ന നിലയിൽ സന്തോഷവാൻ
അഭിനേതാവ് എന്ന നിലയിൽ നൂറു ശതമാനവും ഞാൻ സന്തോഷവാനാണ്. ഇന്ത്യയിലെ തന്നെ മുൻ നിര താരങ്ങളോടൊപ്പം അഭിനയിക്കാൻ കഴിഞ്ഞുവെന്നത് മഹാഭാഗ്യമായി കരുതുന്നു. മമ്മൂക്ക, ലാലേട്ടൻ, ദിലീപേട്ടൻ, നെടുമുടി വേണുച്ചേട്ടൻ, അമ്പിളിച്ചേട്ടൻ, പൃഥ്വിരാജ്, ജയസൂര്യ, നിവൻ പോളി തുടങ്ങിയ എല്ലാവരുടെയും കൂടെ അഭിനയിച്ചു. ഇനിയും പ്രോജക്ടുകൾ ചെയ്യാനുണ്ട്. ഒരു കലാകാരനെന്ന നിലയിൽ പ്രേക്ഷകരുടെ സ്നേഹവും പ്രോത്സാഹനവുമാണ് എന്റെ വിജയം.