കലാഭവൻ മലയാളസിനിമയ്ക്ക് നല്കിയ സംഭാവനകളുടെ മുൻനിരയിലാണ് ഷാജോണിന്റെ സ്ഥാനം. കലാഭവൻ മണിക്ക് ശേഷം ആ കലാകേന്ദ്രത്തിന്റെ പേരിന് വെള്ളിത്തിരയിൽ തിളക്കമേകിയ നടൻ. കോമഡി, വില്ലൻ, ക്യാരക്ടർ വേഷങ്ങളിലൂടെ സിനിമയിൽ സജീവ സാന്നിധ്യമായ ഷാജോൺ സിഐഡി രാമചന്ദ്രൻ തുടങ്ങിയ ചിത്രങ്ങളിലൂടെ നായകനിരയിലേക്കും ഉയർന്നു. 'ദൃശ്യ'ത്തിലെ വില്ലൻ വേഷം ഷാജോണിനു നൽകിയത് പുതിയൊരു ഇമേജാണ്. ഇതിനിടെ 'ബ്രദേഴ്സ് ഡേ'യിലൂടെ സംവിധായകന്റെ തൊപ്പിയുമണിഞ്ഞു. 'ബ്രൊമാൻസി'ലൂടെ പ്രേക്ഷകരെക്കൊണ്ട് കൈയടിപ്പിച്ച ഷാജോണിന്റെ വാക്കുകൾ
ഇപ്പോഴും മിമിക്രിക്കാരൻ
മിമിക്രി ഇപ്പോഴും കൂടെയുണ്ട്. രക്തത്തിൽ അലിഞ്ഞു ചേർന്നതാണത്. അതൊരിക്കലും മറക്കാൻ പറ്റില്ല. ഇപ്പോഴും മുന്നിലും പിന്നിലും ചുറ്റിലും മിമിക്രിയും മിമിക്രി ലോകവുമാണ്. എപ്പോഴും അതിനുള്ളിൽ തന്നെയാണ് നിൽക്കുന്നത്. മിമിക്രി വലിയൊരു ബലമാണ്. സിനിമയിൽ വരുന്നതിനു മുമ്പുതന്നെ എന്നെ ഒരുപാട് പേർക്ക് അറിയാം. ലൊക്കേഷനിൽ പോയാൽ പോലും നിരവധി പരിചയക്കാർ ഉണ്ടായിരുന്നു. മിമിക്രി തരുന്ന ആത്മവിശ്വാസം വളരെ വലുതായിരുന്നു. തിരക്കഥ എഴുതുമ്പോഴോ ഒരു സീൻ ഷൂട്ട് ചെയ്യുമ്പോഴോ സ്റ്റേജിലെ അനുഭവം ഗുണം ചെയ്തിട്ടുണ്ട്. ടൈമിങ്ങിലും ഷോട്ട് കട്ട് ചെയ്യുന്നതിലും പെർഫോം ചെയ്യേണ്ടത് എങ്ങനെയെന്നു പറഞ്ഞുകൊടുക്കുമ്പോഴുമെല്ലാം മിമിക്രി തന്ന പാഠം വളരെ വലുതാണ്. രണ്ടു മണിക്കൂർ ഷോയിൽ മിമിക്രിക്കാരൻ പല വേഷങ്ങളാണ് മാറിമാറി ചെയ്യുന്നത്. അതു നൽകിയ പരിചയം അഭിനയത്തിലും സംവിധാനത്തിലും കരുത്തായി.
ഡ്യൂപ്പിൽനിന്നു തുടക്കം
ഇരുപത് വർഷം മുമ്പ് 'മൈ ഡിയർ കരടി'യിൽ കലാഭവൻ മണിച്ചേട്ടന്റെ ഡ്യൂപ്പായിട്ടാണ് ഞാൻ സിനിമയിൽ വന്നത്. മണിച്ചേട്ടൻ ഒരേ സമയം നിരവധി സിനിമയിൽ ഓടിനടന്ന് അഭിനയിക്കുന്ന സമയമായിരുന്നു അത്. കരടിയുടെ മാസ്കിനുള്ളിൽ ആരാണെന്ന് അറിയില്ലല്ലോ. അങ്ങനെയാണ് കലാഭവൻ മണിയുടെ ബോഡി ലാംഗ്വേജുള്ള ഒരാളെ അന്വേഷിക്കുന്നത്. സിബി കെ തോമസ് - ഉദയ് കൃഷ്ണ ടീമിന്റെ സിനിമയാണ്. 'മൈ ഡിയർ കരടി'യിൽ കോട്ടയം നസീറിക്കയും അഭിനയിക്കുന്നുണ്ട്. നസീറിക്കയാണ് മണിച്ചേട്ടന്റെ ഡ്യൂപ്പായി എന്നെ നിർദ്ദേശിച്ചത്. അന്ന് ഞാൻ സ്റ്റേജിൽ മണിച്ചേട്ടനെ അനുകരിക്കുമായിരുന്നു. നസീറിക്ക എന്നെ വിളിച്ചിട്ടുപറഞ്ഞു: 'ഒരു അവസരമുണ്ട്, പക്ഷേ നിന്റെ മുഖം കാണില്ല, നിനക്ക് സമ്മതമാണോ?' തല പോയാലും എങ്ങനെയും സിനിമയിൽ അഭിനയിക്കണം എന്നു ചിന്തിച്ചുനടക്കുന്ന സമയമാണ്. ഞാൻ പറഞ്ഞു: 'നസീറിക്ക, ഒരു കുഴപ്പവുമില്ല, ഞാൻ വരാം'
അങ്ങനെ ഞാൻ ഡ്യൂപ്പായി, കരടിയായി അഭിനയിച്ചുതുടങ്ങി. മുഖം കാണുന്ന ഒരു വേഷത്തിലും ഞാൻ ആ സിനിമയിൽ അഭിനയിച്ചു. സർക്കസ് ക്യാംപിലെ മാനേജരുടെ വേഷം. സംഭാഷണമൊക്കെയുള്ള കഥാപാത്രമായിരുന്നു. 'മൈ ഡിയർ കരടി'യുടെ തിരക്കഥ എഴുതിയ സിബി ചേട്ടനും ഉദയ് ചേട്ടനും അവരുടെ പിന്നീടുള്ള ചിത്രങ്ങളിൽ ഒരു സീനിലെങ്കിലും എന്നെ ഉൾപ്പെടുത്തുമായിരുന്നു. അങ്ങനെ ഒരുപാട് സിനിമകളിൽ ഞാൻ അഭിനയിച്ചു. അങ്ങനെയാണ് ദിലീപേട്ടനുമായിട്ടൊക്കെ ബന്ധമുണ്ടാകുന്നതും നല്ല വേഷങ്ങൾ കിട്ടുന്നതും. 'മൈ ഡിയർ കരടി'യിൽ മണിച്ചേട്ടന്റെ ഡ്യൂപ്പായി വന്ന എന്റെ കരിയറിൽ വഴിത്തിരിവായ കഥാപാത്രം 'ദൃശ്യ'ത്തിലെ സഹദേവനെ തമിഴിൽ അവതരിപ്പിച്ചത് മണിച്ചേട്ടനാണ്. 'ദൃശ്യ'ത്തിന്റെ തമിഴ് പതിപ്പായ 'പാപനാശ'ത്തിന്റെ ഷൂട്ടിങ് തുടങ്ങുന്ന ദിവസം രാവിലെ മണിച്ചേട്ടൻ എന്നെ വിളിച്ചു: 'മോനേ ഇന്ന് സ്റ്റാർട്ട് ചെയ്യാണ്.. ടോ...' ഞാൻ പറഞ്ഞു, 'മണിച്ചേട്ടാ ഗംഭീരമായി ചെയ്യൂ.'
ഞാൻ സിനിമയെ സമീപിക്കുന്നത് അങ്ങനെയല്ല
'ദൃശ്യം' ചെയ്തു കഴിഞ്ഞപ്പോൾ പലരും എന്നോട് പറഞ്ഞത്, ഷാജോണ് ഇനി വില്ലൻ വേഷം ചെയ്യരുത് എന്നാണ്. കാരണം കോമഡിയിൽ നിന്ന് ഔട്ടായി പോകും. വില്ലൻ പിന്നീട് എപ്പോൾ വേണമെങ്കിലും ചെയ്യാം. പക്ഷേ, കോമഡി വേഷങ്ങൾക്ക് ഒരു സമയമുണ്ട്. ആ സമയത്ത് നമ്മൾ വില്ലൻ വേഷങ്ങൾ ചെയ്യരുതെന്നും പറഞ്ഞു. എനിക്കത് കാര്യമായിട്ടുതോന്നി. പക്ഷേ, ഞാൻ സിനിമയെ സമീപിക്കുന്നത് അങ്ങനെയല്ല. എന്നെ ഒരു സിനിമയിലേക്കു വിളിക്കുമ്പോൾ ഞാൻ അവതരിപ്പിക്കുന്ന കഥാപാത്രത്തിന് എത്രത്തോളം സ്പേസ് ഉണ്ടെന്നു മാത്രമേ നോക്കൂ. കോമഡിയാണോ വില്ലനാണോ സൈഡ് റോളാണോ ക്യാരക്ടർ റോളാണോ ഇതൊന്നും ഞാൻ നോക്കാറില്ല. കഥയിൽ കഥാപാത്രത്തിന്റെ പ്രാധാന്യം മാത്രമേ നോക്കാറുള്ളൂ. അങ്ങനെയാണ് ഞാൻ സിനിമകൾ തെരഞ്ഞെടുക്കുന്നത്.
ആ വില്ലൻ എല്ലാവരെയും വെറുപ്പിച്ചു
'ദൃശ്യ'ത്തിലെ വില്ലൻ എല്ലാവരെയും വെറുപ്പിച്ച കഥാപാത്രമാണ്. സിനിമ കാണുമ്പോൾ ഷാജോണിന്റെ കഥാപാത്രത്തോട് വെറുപ്പ് തോന്നിയെന്നു പറഞ്ഞവരുണ്ട്. പക്ഷേ, ഭാഗ്യത്തിന് വില്ലന്റെ പരിവേഷമൊന്നും എനിക്കുണ്ടായില്ല. എനിക്കു തോന്നുന്നത്, മിമിക്രി തന്ന വലിയൊരു ഭാഗ്യമാണ് അതെന്നാണ്. മിമിക്രിയിലൂടെ അവരെ ഒരുപാട് ചിരിപ്പിച്ചിട്ടുള്ളതു കൊണ്ടാവാം, അത്. അങ്ങനെ അവർ സ്നേഹിക്കുന്നതുകൊണ്ടാവാം അവർക്ക് എന്നോടുള്ള അടുപ്പം കുറയാത്തത്. ഒരു പക്ഷേ, തമിഴ്നാട്ടിലൊക്കെ ആയിരുന്നെങ്കിൽ അടിയൊക്കെ കിട്ടിയേനെ. പക്ഷേ, മലയാളികൾ സിനിമയെ സിനിമയായിത്തന്നെ കാണുന്നവരാണ്. അതുകൊണ്ട് അത്തരം അനുഭവങ്ങളൊന്നും ഉണ്ടായില്ല. എന്നാലും പലരും എന്നോട് പറഞ്ഞു, 'അന്ന് ഷാജോണിനെ കിട്ടിയിരുന്നെങ്കിൽ ഞങ്ങൾ തല്ലുമായിരുന്നു കേട്ടോ...'
സംവിധായകന്റെ കുപ്പായമിട്ടപ്പോൾ
ക്യാമറയ്ക്കു മുന്നിൽ നിന്ന് പിന്നിൽ വന്നപ്പോൾ എനിക്കങ്ങനെ പ്രത്യേകിച്ചൊന്നും തോന്നിയിട്ടില്ല. എല്ലാവരും പരിചയമുള്ളവരും ഒപ്പം പ്രവർത്തിച്ചിട്ടുള്ളവരുമായിരുന്നു. മുന്നിൽ നിന്ന് അഭിനയിക്കുന്നു, ഇത് പിന്നിൽ നിന്ന് അഭിനയിപ്പിക്കുന്നു എന്നതല്ലാതെ മറ്റൊന്നിനെപ്പറ്റിയും ചിന്തിച്ചതേയില്ല.
സിനിമ രസിപ്പിക്കണം
രസിപ്പിക്കുന്ന സിനിമകൾ ഒരുക്കണം എന്നാണ് ആഗ്രഹം. രസിപ്പിക്കുക എന്നു പറയുമ്പോൾ ഏതു രീതിയിലുമാകാം. നല്ല സിനിമ എന്ന് പ്രേക്ഷകർ പറയണം. ഇതാണ് സിനിമയോടുള്ള എന്റെ സമീപനം. തമാശ സിനിമകൾ മാത്രമല്ലല്ലോ നല്ല സിനിമ. ഹൊറർ സിനിമയെടുക്കാം. ജനങ്ങളെ പേടിപ്പിച്ചിരുത്താൻ കഴിഞ്ഞാൽ അതൊരു നല്ല സിനിമയാണ്. അതുപോലെ തന്നെയാണ് ആക്ഷൻ ചിത്രങ്ങളും. സിനിമ പ്രേക്ഷകരെ രസിപ്പിക്കുന്നതാകണം.