മീനാക്ഷി രവീന്ദ്രൻ ഫോട്ടോ-അറേഞ്ച്ഡ്
Interviews

ഞാൻ ഹാപ്പിസോൾ, വിമർശനങ്ങൾക്ക് മറുപടി പറയാനില്ല

വിമർശനങ്ങൾക്ക് മറുപടി പറയുന്നയാളല്ല. ഞാൻ എപ്പോഴും എന്റെ ജീവിതം സന്തോഷത്തോടെ ജീവിക്കാനാ​ഗ്രഹിക്കുന്നു-മീനാക്ഷി രവീന്ദ്രൻ പറയുന്നു

പപ്പപ്പ റിപ്പോര്‍ട്ടര്‍

ആകാശത്തുകൂടി പോകുമ്പോൾ മീനാക്ഷി രവീന്ദ്രൻ നക്ഷത്രങ്ങളെ ഒരുപാടുതവണ അടുത്തുകണ്ടിട്ടുണ്ട്. കുഞ്ഞുന്നാളിലേ ആ​ഗ്രഹിച്ച് അത്യധ്വാനം ചെയ്ത് സ്വന്തമാക്കിയ കാബിൻക്രൂവിന്റെ കുപ്പായം അഴിച്ചുവച്ച് ഭൂമിയിലേക്കിറങ്ങിവന്ന മീനാക്ഷി ഒടുവിൽ തിളങ്ങുന്ന താരമായി മാറി. ഇപ്പോൾ അഭിനയത്തിലും അവതരണത്തിലും ഒരുപോലെ തിളങ്ങുന്നു. പ്രേമലുവിലെ കഥാപാത്രംമാത്രം മതി മീനാക്ഷിയെ ഓർക്കാൻ. പുതുതലമുറയിലെ അഭിനേത്രിമാരിൽ ഒരുപാട് പ്രത്യേകതകൾ കാഴ്ചപ്പാടുകളിൽ സൂക്ഷിക്കുന്ന മീനാക്ഷി രവീന്ദ്രൻ സംസാരിക്കുന്നു

ഇതുവരെയുള്ള സിനിമാ ജീവിതത്തിൽ സംതൃപ്തയാണോ?

അതെ. പക്ഷേ അതൊരിക്കലും ഒത്തിരി നല്ല കഥാപാത്രങ്ങൾ അഭിനയിച്ചതുകൊണ്ടോ,ആളുകൾ ശ്രദ്ധിച്ചസിനിമകൾ ചെയ്തതുകൊണ്ടോ അല്ല. അങ്ങനെ ചെയ്യാത്തതുകൊണ്ടാണ് എന്നാണ് ഉത്തരം. കാരണം അങ്ങനെയാകാത്തതുകൊണ്ട് ജീവിതത്തിലും സിനിമയിലുമായി ഒരുപാട് പാഠങ്ങൾ പഠിക്കാനായി. വ്യക്തിയെന്ന നിലയിലും പ്രൊഫഷണൽ എന്ന നിലയിലും വളരാനും മാറാനും ഒരുപാട് സഹായിച്ചു. നല്ലരീതിയിൽ ഒരുപാട് മാറ്റങ്ങൾ എനിക്കുണ്ടായി. സ്ട്ര​ഗിൾ ചെയ്തുമുന്നോട്ടുവന്നാലേ നല്ല സമയമുണ്ടാകുമ്പോൾ അതിനോടൊരു കടപ്പാടുണ്ടാകൂ. എന്നെ സംബന്ധിച്ചിടത്തോളം ഈസിയായിട്ട് കിട്ടിയതാണെങ്കിൽ കഷ്ടപ്പാട് വരുമ്പോൾ അതിനെ എളുപ്പം വിട്ടുകളയണോ എന്ന് ചിന്തിക്കും. പക്ഷേ പാടുപെട്ട് കിട്ടിയതാണെങ്കിൽ അങ്ങനെയാകില്ല. എന്റെ പഴയ ജോലിയായ കാബിൻക്രൂവിന്റെ കാര്യത്തിൽ അങ്ങനെയായിരുന്നു. ഞാൻ വിചാരിച്ചതുപോലെയായിരുന്നില്ല അത്. ട്രെയിനിങ്ങിന് ഒത്തിരി കഷ്ടപ്പാടുണ്ടായിരുന്നു. പഠിക്കാനും ഒരുപാടുണ്ടായിരുന്നു അതുകഴിഞ്ഞ് ജോലി തുടങ്ങിയപ്പോൾ അതും നല്ല പ്രയാസമുള്ളതുതന്നെ. പക്ഷേ പഠിച്ചും കഷ്ടപ്പെട്ടും നേടിയ ജോലിയായതുകൊണ്ട് എല്ലാ പ്രയാസങ്ങളും മറന്ന് ആസ്വദിച്ച് ചെയ്യാൻ സാധിച്ചു. ഒരുപാട് കഷ്ടപ്പെട്ട് നേടിയ ജോലിയായതുകൊണ്ട് ഒരിക്കലും അതുപേക്ഷിക്കാനും തോന്നിയില്ല. അതുപോലെ തന്നെയാണ് സിനിമയുടെ കാര്യവും. കഷ്ടപ്പെട്ടശേഷം നാളെയൊരു നല്ലകാലം വരുമ്പോൾ നമുക്കതിനെ ഒരിക്കലും വിട്ടുകളയാൻ തോന്നില്ല.

റിനു മാത്യൂസ് എന്ന അഭിനേത്രി ക്യാബിൻ ക്രൂവാണ്. എന്തുകൊണ്ട് അവരെപ്പോലെ ജോലിയും അഭിനയവും ഒന്നിച്ചു കൊണ്ട് പോകാൻ ശ്രമിച്ചില്ല?

തീർച്ചയായും ശ്രമിച്ചിരുന്നു. ആർക്കും അറിയാത്ത ഒരുകാര്യമാണ്. അഭിനയത്തിനിടയ്ക്ക് ഞാൻ കുറേ എയർലൈനുകളിൽ ഇന്റർവ്യൂ അറ്റൻഡ് ചെയ്തിരുന്നു. ഒന്നുരണ്ടെണ്ണത്തിൽ സെലക്ഷനുമായി. അതിൽ ഒരെണ്ണത്തിൽ വിസ പ്രോസസിങ് വരെയെത്തിയതാണ്. പക്ഷേ തുടരെ അഭിനയിക്കാനുള്ള അവസരങ്ങൾ വന്നതുകൊണ്ടും,നേരത്തെയുണ്ടായിരുന്ന ചില കമിറ്റ്മെന്റുകൾ പൂർത്തിയാക്കേണ്ടതുകൊണ്ടും അത് വേണ്ടാന്നുവച്ചു. വളരെ ഹാർഡ് ആയ ഒരു ബി​ഗ് ഡിസിഷൻ ആയിരുന്നു അതെന്ന് പറയാം. പക്ഷേ ഞാൻ അഭിനയവും ജോലിയും ഒരുമിച്ച് കൊണ്ടുപോകാൻ പരമാവധി നോക്കി. ലുഫ്ത്താൻസയിലാണെങ്കിൽ കുറച്ചുനാൾ ജോലി ചെയ്താൽ പിന്നീട് കുറച്ചുനാൾ അവധികിട്ടും. ആ സമയത്ത് അഭിനയിക്കാമെന്നായിരുന്നു ഉദ്ദേശ്യം. അതിനുവേണ്ടി ജർമൻഭാഷയും പഠിച്ചുതുടങ്ങി. പക്ഷേ അപ്പോഴാണ് ഉടൻപണം വന്നത്. പിന്നെ അതിന്റെയൊരു ഒഴുക്കിൽ അങ്ങനെ പോയി. എന്റെ കാര്യത്തിൽ അഭിനയം മാത്രമല്ല ഉള്ളത് അവതരണവും ഉണ്ട്.അതിന്റെ കൂടെ ജോലികൂടിയാകുമ്പോ മൂന്നുകാര്യങ്ങൾ ഒരുമിച്ച് എങ്ങനെ കൊണ്ടുപോകും എന്ന കൺഫ്യൂഷനാണ്. ശ്രമിച്ചെങ്കിലും ഇതുവരെ എനിക്ക് അതിന് സാധിച്ചില്ല. നാളെ സാധിക്കുമോ എന്നും അറിയില്ല.

മീനാക്ഷി രവീന്ദ്രൻ

വസ്ത്രധാരണത്തെക്കുറിച്ചുള്ള വിമർശനങ്ങൾക്ക് മറുപടി ?

ഞാനങ്ങനെ അതിന് മറുപടിയൊന്നും കൊടുത്തിട്ടില്ല. പൊതുവേ അങ്ങനെ വിമർശനങ്ങൾക്ക് മറുപടി പറയുന്നയാളല്ല. ഞാൻ എപ്പോഴും എന്റെ ജീവിതം സന്തോഷത്തോടെ ജീവിക്കാനാ​ഗ്രഹിക്കുന്നയാളാണ്. അതുകൊണ്ട് വിശദീകരിക്കേണ്ടതില്ല എന്നാണ് തോന്നാറുള്ളത്. മാത്രവുമല്ല എന്റെ വസ്ത്രധാരണത്തെക്കുറിച്ചുള്ള മറുപടി ആർക്കും കേൾക്കാൻ താത്പര്യമുണ്ടെന്നും തോന്നുന്നില്ല. അതുകൊണ്ട് പറയേണ്ട ആവശ്യമുണ്ടെന്നും തോന്നുന്നില്ല. ചാനൽ പരിപാടികളൊക്കെ അവതരിപ്പിച്ചതുകൊണ്ട് എനിക്കൊരു ​ഗേൾ നെക്സ്റ്റ് ഡോർ ഇമേജ് ഉണ്ടായിട്ടുണ്ടാകും. എന്റെ വസ്ത്രധാരണരീതി ചിലപ്പോൾ അതിന് വിപരീതമായിട്ട് വന്നതുകൊണ്ടുണ്ടായ വിമർശനങ്ങളാകാം. പക്ഷേ എല്ലാ വിമർശനങ്ങളും ഞാൻ എപ്പോഴും ഈസിയായിട്ടേ എടുക്കാറുള്ളൂ.

കുടുംബത്തിൻ്റെ പിന്തുണ ?

അവരാണ് എപ്പോഴും സപ്പോർട്ട്. ഒരുകാര്യവും ചെയ്യണ്ട എന്ന് ഒരിക്കലും പറഞ്ഞിട്ടില്ല. ജോലിയുടെ കാര്യത്തിലെന്നല്ല പണ്ടുമുതലേ അങ്ങനെ പറഞ്ഞിട്ടില്ല. ജോലി,മാസവരുമാനം,സമ്പാദ്യം അങ്ങന വളരെ സേഫ് ആയ ഒരു സോണിൽ നിന്ന ഒരാളായിരുന്നു ഞാൻ. പക്ഷേ പെട്ടെന്ന് ഒരുസമയത്ത് ഞാൻ ഫീൽഡ് ഡൈവേർട്ട് ചെയ്യുന്നു,എന്റെ ആ​ഗ്രഹങ്ങൾ മാറുന്നു ..അങ്ങനെയൊക്കെ സംഭവിച്ചപ്പോൾ എല്ലാ വീട്ടുകാർക്കുമുണ്ടാകുന്ന ടെൻഷൻ എന്റെ വീട്ടുകാർക്കും ഉണ്ടാകേണ്ടതാണ്. പക്ഷേ ഇതുവരെ അയ്യോ..അതുവേണ്ട എന്നൊന്നും അവർ എന്നോട് പറഞ്ഞിട്ടില്ല. നല്ല ശമ്പളത്തോട് കൂടിയാണ് ഞാൻ ജോലി ചെയ്തിരുന്നത്. അതുവിടാനൊരുങ്ങിയപ്പോൾ അച്ഛൻ പറഞ്ഞത് മോള് ആലോചിച്ചിട്ട് ഇഷ്ടം പോലെ ചെയ്തോളൂ എന്നാണ്. അമ്മയും അതുപോലെ തന്നെയായിരുന്നു. അമ്മയ്ക്കും അച്ഛനും ടെൻഷൻ ഉണ്ടായിരുന്നിരിക്കാം. പക്ഷേ എന്റെയടുത്ത് ആരും അത് കാണിച്ചിട്ടില്ല.

ഇതുവരെ ചെയ്തതിൽ സ്വന്തം സ്വഭാവത്തോട് ഏറ്റവും അടുത്ത് നിൽക്കുന്ന കഥാപാത്രം ?

പ്രേമലുവിലെ നീഹാരിക. കാരണം അതേപോലെ ലേശം വിചിത്രസ്വഭാവമുള്ളയാളാണ് ഞാൻ. കുറച്ച് ഔട്ട്സ്പോക്കണുമാണ്. അതുകൊണ്ടുതന്നെ ആസ്വദിച്ചാണ് ആ കഥാപാത്രം ചെയ്തത്.

മീനാക്ഷി രവീന്ദ്രൻ

സ്വഭാവത്തിലെ ഏറ്റവും വലിയ പോസിറ്റീവും നെഗറ്റീവുമായ കാര്യങ്ങൾ

പോസിറ്റീവ് ആയി കരുതുന്നത് ശുഭാപ്തിവിശ്വാസമാണ്. ഞാൻ ശുഭാപ്തിവിശ്വാസിയാണ്. മുന്നോട്ടുള്ള ജീവിതത്തിൽ വളരെ പോസിറ്റീവായിട്ടുള്ള ഒരാൾ. ഞാൻ വളരെ ഉറച്ചതീരുമാനങ്ങളുള്ളയാളും ആത്മവിശ്വാസമുള്ളയാളുമാണ്. എനിക്ക് എന്നിൽ നല്ല വിശ്വാസമുള്ളയാളാണ്. നെ​ഗറ്റീവ് എന്നുപറഞ്ഞാൽ....എന്റെ ഈ പ്രായത്തിൽ സോഷ്യൽമീഡിയ ഫലപ്രദമായി കൈകാര്യം ചെയ്യുക എന്നത് വളരെ പ്രധാനപ്പെട്ട ഒരുകാര്യമാണ്. സോഷ്യൽമീഡിയയിലൂടെ അവസരങ്ങൾ കിട്ടുന്ന ധാരാളം പേരുണ്ട്. അത് ഏതൊരാൾക്കും പ്രധാനപ്പെട്ട ഒരു കാര്യമാണ്. സോഷ്യൽമീഡിയ കൈകാര്യം ചെയ്യുന്നതിൽ പിന്നോട്ടാണ് എന്നതാണ് നെ​ഗറ്റീവായി പറയാവുന്നത്. എന്റെ പേജ് ആക്ടീവാക്കി വയ്ക്കാനൊന്നും എനിക്ക് കഴിയാറില്ല. അതുപോലെ തന്നെയാണ് കോൺടാക്ടുകൾ സൂക്ഷിക്കുന്നതും എനിക്കറിയാത്ത കാര്യമാണ്. ആളുകളുമായി കോൺടാക്ട് വയ്ക്കുന്നതിൽ ഞാൻ പിന്നോട്ടാണ്. അതും ഒരു നെ​ഗറ്റീവായി പറയാം.

ജീവിതത്തിൽ ഏറ്റവും കൂടുതൽ സന്തോഷിച്ചതും സങ്കടപ്പെട്ടതുമായ നിമിഷം ?

ഒറ്റനിമിഷം എന്നരീതിയിൽ പറയാനാകില്ല. ഒരുപാട് നിമിഷങ്ങളുണ്ടായിട്ടുണ്ട്. എന്റെ പത്തൊമ്പതാം ജന്മദിനത്തിലാണ് ജോലിയുടെ ഓഫർലെറ്റർ കിട്ടിയത്. ഹൈദ്രാബാദിലായിരുന്നു ഇന്റർവ്യൂ. അച്ഛനായിരുന്നു കൂടെ വന്നത്. പിറന്നാളായതുകൊണ്ട് അച്ഛൻ രാവിലെ എന്നെ അവിടെയുള്ളൊരു അമ്പലത്തിലൊക്കെ കൊണ്ടുപോയി. അതുകഴിഞ്ഞ് രാവിലെതന്നെ ഇന്റർവ്യൂനടക്കുന്ന സ്ഥലത്തെത്തി. പക്ഷേ ഏറ്റവും അവസാനമായിരുന്നു എന്റെ ഊഴം. അച്ഛൻ പുറത്ത് കാത്തിരിക്കുകയാണ്. അച്ഛൻ അന്ന് ജോലിയിൽ നിന്ന് റിട്ടയറായിട്ട് ഒരുമാസമായിട്ടുണ്ടായിരുന്നു. റിട്ടയർ ചെയ്ത അച്ഛൻമാർ മക്കളിലാർക്കെങ്കിലും ജോലികിട്ടിയിരുന്നെങ്കിൽ എന്ന് ആ​ഗ്രഹിക്കുമല്ലോ. ഞാൻ ഇപ്പോഴും ഓർക്കുന്നു,അച്ഛനാണ് രാവിലെ എനിക്ക് ഷൂവൊക്കെ പോളിഷ് ചെയ്ത് തന്നത്. ഇന്റർവ്യൂ കഴിഞ്ഞ് ഞാൻ അച്ഛന് മുന്നിൽചെന്ന നിമിഷം ഒരിക്കലും മറക്കില്ല. അച്ഛാ..എനിക്ക് കിട്ടി എന്ന് പറഞ്ഞപ്പോൾ അച്ഛന്റെ കണ്ണുനിറയുന്നതു ഞാൻ കണ്ടു. അന്നേവരെ അച്ഛനെ അത്രയും സന്തോഷത്തിൽ ഞാനൊരിക്കലും കണ്ടിട്ടില്ല. അതൊരു വല്ലാത്ത മൊമന്റ് ആയിരുന്നു. ഇന്നാലോചിച്ച് നോക്കുമ്പോൾ അതായിരിക്കണം എനിക്ക് ഏറ്റവും സന്തോഷം തോന്നിയ നിമിഷം. സങ്കടപ്പെട്ട നിമിഷങ്ങൾ ഒരുപാടുണ്ട്. എങ്കിലും ഒരുപക്ഷേ കൂടുതൽ സങ്കടപ്പെട്ടത് ജോലി രാജിവയ്ക്കാൻ തീരുമാനിച്ച നിമിഷമായിരിക്കണം. നേരത്തെ പറഞ്ഞതുപോലെ അതൊരു ബി​ഗ് ഹാർഡ് ഡിസിഷൻ ആയിരുന്നു. മൂന്നാംക്ലാസിൽ മുതൽ ആ​ഗ്രഹിച്ച് കിട്ടിയ ജോലി ഉപേക്ഷിച്ചുകൊണ്ട് തീരുമാനിച്ച് രാജിക്കത്ത് എഴുതിയപ്പോൾ വലിയ വിഷമമുണ്ടായിരുന്നു.

മീനാക്ഷി രവീന്ദ്രൻ

അവതരണമോ അഭിനയമോ? ഏതാണ് കൂടുതൽ എളുപ്പം?

എന്നെ സംബന്ധിച്ച് അഭിനയമാണ് എളുപ്പം. അവതരണത്തിലാണെങ്കിൽ നൈസർ​ഗികത വേണം. സ്പൊണ്ടേനിയസ് ആയി ഒരുപാട് കാര്യങ്ങൾ ചെയ്യേണ്ടിവരും. അവതരിപ്പിക്കുന്ന പരിപാടിയെക്കുറിച്ച് വ്യക്തമായ ധാരണവേണം. എന്തുപറയണമെന്നും എന്തുപറയരുത് എന്നും കൃത്യമായി അറിഞ്ഞിരിക്കണം. വാക്കുകൾ രൂക്ഷമാകാൻ പാടില്ല. അപ്പുറത്തുനില്കുന്നയാളെക്കുറിച്ച് അറിഞ്ഞിരിക്കണം. പെട്ടെന്ന് പെട്ടെന്ന് വാക്കുകൾ നാവിൽവരണം. അഭിനയം എളുപ്പമാണ് എന്നല്ല ഇതിനർഥം. അതിൽപക്ഷേ നമുക്ക് ഒരു സ്ക്രിപ്റ്റ് ഫോളോ ചെയ്ത് പോകാം. കഥാപാത്രത്തെ മനസ്സിലാക്കിയാൽ സ്ക്രിപ്റ്റിനനുസരിച്ച് അഭിനയിക്കാം. പക്ഷേ അവതരണം ഡിഫറന്റാണ്.

മീനാക്ഷി എന്ന് പേരിൽ ഒരു പാട് അഭിനേത്രി മാരുള്ളത് ആശയക്കുഴപ്പമുണ്ടാക്കാറുണ്ടോ? അവസരങ്ങൾ നഷ്ടപ്പെട്ടിട്ടുണ്ടോ?

ആശയക്കുഴപ്പം അഭിനയത്തിലെ അവസരങ്ങളുടെ കാര്യത്തിൽ ഉണ്ടായിട്ടില്ല. പക്ഷേ ഉദ്ഘാടനങ്ങളുടെ കാര്യത്തിലുണ്ടായിട്ടുണ്ട്. ഒപ്പം സിനിമയിലെ മീനാക്ഷിയുമായി ഒന്നോരണ്ടോ തവണ മാറിപ്പോയിട്ടുണ്ട്. മറ്റ് മീനാക്ഷിമാരുമായി പ്രായത്തിന്റെയും അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെയും കാര്യത്തിലുള്ള വ്യത്യാസം കൊണ്ടാകാം അവസരങ്ങളൊന്നും നഷ്ടപ്പെട്ടിട്ടില്ല.

അഭിനയിക്കുന്ന പുതിയ ചിത്രങ്ങൾ, റിലീസ് ചെയ്യാനുള്ളവ ?

ഷൂട്ടിങ് തുടങ്ങുന്ന പുതിയ സിനിമ ഉർവ്വശിച്ചേച്ചിക്കൊപ്പമുള്ളതാണ്. പ്ലാബ്ലോപാർട്ടി എന്നാണ് പേര്. തിരക്കഥാകൃത്ത് അഭിലാഷ്പിള്ളയുടെ നിർമാണക്കമ്പനിയുടെ ആദ്യചിത്രമാണിത്. കഴിഞ്ഞവർഷം ഷൂട്ടിങ് കഴിഞ്ഞ സിം​ഗ എന്ന തമിഴ്സിനിമ ഉടൻ റിലീസ് ചെയ്യും. രണ്ടുതമിഴ്സിനിമകളിലും അഭിനയിക്കുന്നുണ്ട്. ഒരെണ്ണം ആ​ഗസ്റ്റിൽ ഷൂട്ടിങ് തുടങ്ങും.

മീനാക്ഷി രവീന്ദ്രൻ

പ്രണയം, വിവാഹം

പറയത്തക്കപോലെ ഒന്നും ആയിട്ടില്ല. എന്തെങ്കിലുമായാൽ അത് എല്ലാവരെയും തീർച്ചയായും അറിയിക്കും.

ജെൻ-സീ തലമുറയുടെ കാഴ്ചപ്പാടുകൾ, അവരുടെ ലോകം?

അതേക്കുറിച്ച് അറിയില്ല. കാരണം അതുമനസ്സിലാക്കണമെങ്കിൽ ആ തലമുറയിലൂടെ കടന്നുവരണം. ഞാൻ മില്ലേനിയൽസിൽപെട്ടയാളാണ്. എന്റെ ജനറേഷനും ജെൻ-സീയും വളരെ ഡിഫറന്റാണ്.

ഇനിയുള്ള ആഗ്രഹം ?

നല്ല കഥാപാത്രങ്ങൾ ചെയ്യണം. ക്യാരക്ടർ റോളുകൾ ചെയ്യാനാ​ഗ്രഹമുള്ളയാളാണ് ഞാൻ. വ്യത്യസ്തതയുള്ള ഒത്തിരി കഥാപാത്രങ്ങൾ അഭിനയിക്കണം.

ആരാണ് മീനാക്ഷി എന്ന് ചോദിച്ചാൽ ഒറ്റവാക്കിൽ ഉത്തരം ?

ഒറ്റവാക്കിൽ പറയാനാകില്ലെങ്കിലും ഒരുപാട് ആ​ഗ്രഹങ്ങളുള്ള കഠിനാധ്വാനം ചെയ്യുന്ന ഹാപ്പിയായിട്ടുള്ള ഒരു സോൾ എന്നുവേണമെങ്കിൽ പറയാം.