യാഷ് എന്ന രാവണന്റെ സംഘട്ടനങ്ങളൊരുക്കാൻ ഹോളിവുഡിന്റെ ഇതിഹാസ സ്റ്റണ്ട് ഡയറക്ടർ ഗൈ നോറിസ്. ഇതോടെ ഇന്ത്യൻസിനിമ ആകാംക്ഷയോടെ കാത്തിരിക്കുന്ന 'രാമായണം' വമ്പൻ ആക്ഷൻ രംഗങ്ങളുമായി സമ്പന്നമാകുമെന്ന് ഉറപ്പായി. നമിത് മൽഹോത്ര നിർമിക്കുന്ന ബ്രഹ്മാണ്ഡ ചലച്ചിത്രം നിതീഷ് തിവാരിയാണ് സംവിധാനം ചെയ്യുന്നത്.
മാഡ് മാക്സ്: ഫ്യൂറി റോഡ്, ദി സൂയിസൈഡ് സ്ക്വാഡ് എന്നിവയിലെ ആക്ഷൻ മികവിനാൽ പ്രസിദ്ധനായ ഗൈ നോറിസിനൊപ്പം റോക്കിങ് സ്റ്റാർ യാഷ് കൂടി ചേർന്നതോടെ ആരാധകരുടെ ആവേശം ഇരട്ടിയായി. ആക്ഷൻരംഗങ്ങളുടെ ചിത്രീകരണത്തിനിടയിലെ ചിത്രങ്ങൾ അണിയറപ്രവർത്തകർ പുറത്തുവിട്ടിട്ടുണ്ട്.
ചിത്രത്തിൽ യാഷ് രാവണനാകുമ്പോൾ രൺബീർ കപൂറാണ് രാമനെ അവതരിപ്പിക്കുന്നത്. പുറത്തുവന്ന വിവരങ്ങളനുസരിച്ച് സായി പല്ലവി സീതയുടെയും സണ്ണിഡിയോൾ ഹനുമാന്റെയും ലാറ ദത്ത കൈകേയിയുടെയും രവി ദുബെ ലക്ഷ്മണന്റെയും രാകുൽ പ്രീത് സിങ് ശൂർപ്പണഖയുടെയും കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
'രാമായണത്തിലെ വേറെ ഏതെങ്കിലും കഥാപാത്രത്തെ അവതരിപ്പിക്കുന്നോ എന്ന് എന്നോട് ചോദിച്ചിരുന്നെങ്കിൽ ഞാൻ ഇല്ല എന്നേ പറയുമായിരുന്നുള്ളൂ. എന്നെ സംബന്ധിച്ചിടത്തോളം നടനെന്ന നിലയിൽ ഏറ്റവും ആവേശം കൊള്ളിക്കുന്ന കഥാപാത്രമാണ് രാവണന്റേത്. എനിക്ക് ആ കഥാപാത്രത്തിന്റെ ഷേഡുകളും സൂക്ഷ്മാംശങ്ങളും ഏറെയിഷ്ടമാണ്. വ്യത്യസ്തമായ രീതിയിൽ അതിനെ അവതരിപ്പിക്കാനുള്ള വലിയ സാധ്യതയാണുള്ളത്. ഞാൻ വളരെ ആവേശത്തിലാണ്.'-യാഷ് ഹോളിവുഡ് റിപ്പോർട്ടർ ഇന്ത്യയ്ക്ക് നല്കിയ അഭിമുഖത്തിൽ രാവണനെക്കുറിച്ച് പറഞ്ഞതിങ്ങനെ. 60-70 ദിവസങ്ങളാണ് യാഷ് ഈ ചിത്രത്തിനുവേണ്ടി നീക്കിവെച്ചിട്ടുള്ളത്.
അതിനൂതന സാങ്കേതികത്തികവോടെയും പുരാണത്തിന്റെ അംശങ്ങൾ ചോർന്നുപോകാതെയും 'രാമായണ'ത്തെ ഒരു മാസ്മരിക ദൃശ്യാവിഷ്കാരമാക്കുകയാണ് നിതീഷ് തിവാരിയും സംഘവും. മികച്ച സാങ്കേതികവിദഗ്ദ്ധർ, ലോകോത്തര വി.എഫ്.എക്സ് ടീം, ഗംഭീരമായ സെറ്റുകൾ, അതിനെല്ലാമുപരി കഥയ്ക്ക് ജീവൻ നൽകുന്ന അതുല്യരായ പ്രതിഭകളുടെ സാന്നിധ്യം-ഇവയെല്ലാം കൊണ്ട് ഇന്ത്യൻ ചലച്ചിത്രനിർമാണത്തിലെ നാഴികക്കല്ലായിരിക്കും 'രാമായണ'.
ഇപ്പോൾ നടക്കുന്ന ഷെഡ്യൂൾ യാഷിന്റെ കഥാപാത്രത്തെ കേന്ദ്രീകരിച്ചുള്ളതാണ്. തന്റെ പ്രോജക്റ്റുകളുടെ എല്ലാ വശങ്ങളിലും നേരിട്ട് ഭാഗമാകാറുള്ള യാഷ്, 'രാമായണ'ത്തിലൂടെ ഇന്ത്യൻ ആക്ഷൻ സിനിമയുടെ പരിധികൾ തന്നെ ഭേദിക്കുന്ന ദൃശ്യാനുഭവം രൂപപ്പെടുത്താനുള്ള തീവ്രശ്രമത്തിലാണ്.
നമിത് മൽഹോത്രയുടെ പ്രൈം ഫോക്കസ് സ്റ്റുഡിയോസും യാഷിന്റെ മോൺസ്റ്റർ മൈൻഡ് ക്രിയേഷൻസും ചേർന്ന് നിർമിക്കുന്ന 'രാമായണ' പാർട്ട് വൺ 2026 ദീപാവലിക്കും രണ്ടാം ഭാഗം 2027 ദീപാവലിക്കും തിയറ്ററുകളിലെത്തും.