'രാമായണ'പ്രീ-റിലീസ് പരിപാടിയിൽ യഷ് ഫോട്ടോകടപ്പാട്-ഫേസ്ബുക്ക്
Bollywood

'ചെറിയ പോരായ്മകൾ തിരയരുത്,വർഷങ്ങൾ പിന്നോട്ടുപോകും': 'രാമായണ'വിവാദത്തിൽ യഷ്

പപ്പപ്പ റിപ്പോര്‍ട്ടര്‍

'രാമായണ' സിനിമയുടെ വിഷ്വൽ എഫക്ട്സിനെച്ചൊല്ലിയുള്ള വിമർശനങ്ങളിൽ പ്രതികരണവുമായി നടൻ യഷ്. ഹൈദ്രാബാദിൽ ചിത്രത്തിന്റെ തെലുങ്ക് പ്രീ-റിലീസ് പരിപാടിയിൽ സംസാരിക്കവേ, ചെറിയ പോരായ്മകൾ കണ്ടെത്തുന്നതിനു പകരം തുറന്ന മനസ്സോടെ സിനിമയെ സമീപിക്കണമെന്ന് താരം പ്രേക്ഷകരോട് അഭ്യർഥിച്ചു.

'രാമായണയിലെ വിഎഫ്എക്സ് പോലുള്ള ചെറിയ കാര്യങ്ങളിലെ പോരായ്മകൾ മാത്രം തിരയരുത്. നമിത് മൽഹോത്രയെപ്പോലുള്ളവരെ നമുക്ക് നഷ്ടപ്പെട്ടാൽ വർഷങ്ങളോളം പിന്നോട്ടുപോകേണ്ടിവരും' എന്നാണ് യഷ് പറഞ്ഞത്. ഇന്ത്യൻ സിനിമയെ കൂടുതൽ ഉയരങ്ങളിലെത്തിക്കാൻ ശ്രമിക്കുന്നവരെ പിന്തുണയ്ക്കേണ്ടതിന്റെ പ്രാധാന്യവും താരം ചൂണ്ടിക്കാട്ടി.

'രാമായണ'പ്രീ-റിലീസ് പരിപാടിയിൽ രൺബീർ കപുറും യഷും

ചിത്രത്തിന്റെ ആദ്യ ദൃശ്യങ്ങളും ട്രെയിലറും പുറത്തുവന്നതിനു പിന്നാലെയാണ് വിഷ്വൽ എഫക്ട്സിനെക്കുറിച്ച് വിമർശനങ്ങൾ ഉയർന്നത്. വൻ ബജറ്റിലും പുരാണകഥയെ ആസ്പദമാക്കിയുള്ള ചിത്രത്തെക്കുറിച്ചുള്ള വലിയ പ്രതീക്ഷകളിലും ഊന്നിയായിരുന്നു പലരുടെയും വിമർശനം. ചില ദൃശ്യങ്ങളിലെ വിഎഫ്എക്സിന്റെ നിലവാരത്തെക്കുറിച്ച് പ്രേക്ഷകർ സംശയങ്ങൾ ഉന്നയിച്ചിരുന്നു.

'രാമായണ'പ്രീ-റിലീസ് പരിപാടിയിൽ അഭിനേതാക്കളും അണിയറപ്രവർത്തകരും

എന്നാൽ, ഒക്ടോബർ 15ന് പുറത്തിറങ്ങിയ അന്താരാഷ്ട്ര ട്രെയിലറിന് താരതമ്യേന മികച്ച പ്രതികരണമാണ് ലഭിച്ചത്. ചിത്രത്തിന്റെ ദൃശ്യവിസ്മയങ്ങളെയും രാവണനായി എത്തുന്ന യഷിന്റെ പ്രകടനത്തെയും ചിലർ പ്രശംസിച്ചപ്പോൾ, ചില വിഎഫ്എക്സ് രംഗങ്ങളിലെ പോരായ്മകൾ ചൂണ്ടിക്കാട്ടിയവരുമുണ്ട്.

'രാമായണ'പ്രീ-റിലീസ് പരിപാടിയിൽ സായ് പല്ലവി

ഇന്ത്യൻ സിനിമയ്ക്ക് ആഗോളതലത്തിൽ കൂടുതൽ സ്വാധീനം നേടണമെങ്കിൽ വിവിധ സിനിമാ മേഖലകളിലുള്ളവർ ഒരുമിച്ചുനിൽക്കണമെന്നും ചെറിയ പോരായ്മകളിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കരുതെന്നുമാണ് യഷിന്റെ നിലപാട്. വൻതോതിൽ പണം മുടക്കി ഈ പ്രോജക്ടിന് പിന്തുണ നൽകുന്ന നിർമാതാവ് നമിത് മൽഹോത്രയെപ്പോലുള്ളവരുടെ ശ്രമങ്ങളെ നിരുത്സാഹപ്പെടുത്തുന്നതിനു പകരം പ്രോത്സാഹിപ്പിക്കുകയാണ് വേണ്ടതെന്നും താരത്തിന്റെ വാക്കുകൾ വ്യക്തമാക്കുന്നു.

'രാമായണ'പ്രീ-റിലീസ് പരിപാടിയിൽ രാകുൽ പ്രീത് സിങ്

നിതേഷ് തിവാരി സംവിധാനം ചെയ്യുന്ന 'രാമായണ'യിൽ ഭഗവാൻ രാമനായി രൺബീർ കപൂറും സീതയായി സായ് പല്ലവിയും രാവണനായി യഷുമാണ് എത്തുന്നത്. ചിത്രത്തിന്റെ ആദ്യഭാഗം 2026 നവംബർ അഞ്ചിന് ലോകമെമ്പാടുമുള്ള തിയറ്ററുകളിൽ റിലീസ് ചെയ്യാനാണ് നിശ്ചയിച്ചിരിക്കുന്നത്.