ഹുമാ ഖുറേഷി കേന്ദ്രകഥാപാത്രമായി എത്തിയ ബേബി ഡു ഡൈ ഡു(Baby Do Die Do) തിയേറ്ററുകളില്‍ റിലീസ് ചെയ്തതിന് പിന്നാലെ ചിത്രത്തെയും ഹുമയുടെ പ്രകടനത്തെയും പ്രശംസിച്ച് കന്നഡ സൂപ്പര്‍താരം യാഷ്. ചിത്രത്തിന്റെ സഹനിർമാതാവ് കൂടിയാണ് ഹുമ. മലയാള നടി ഗീതു മോഹന്‍ദാസ് സംവിധാനം ചെയ്ത 'ടോക്‌സിക്' എന്ന വരാനിരിക്കുന്ന ചിത്രത്തില്‍ യാഷിനൊപ്പം ഹുമ ഖുറേഷിയും പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. തന്റെ സഹതാരത്തിന്റെ പുതിയ ചിത്രത്തിനു പിന്തുണയുമായാണ് യാഷ് എത്തിയിരിക്കുന്നത്.
ചിത്രത്തിന്റെ പോസ്റ്റര്‍ പങ്കുവെച്ചുകൊണ്ട് ഹുമയുടെ കഠിനാധ്വാനത്തെ യാഷ് അഭിനന്ദിച്ചു. എളുപ്പമുള്ള വിജയവഴികള്‍ തെരഞ്ഞെടുക്കുന്നതിനു പകരം കഠിനമായ പാതയാണ് ഹുമ തെരഞ്ഞെടുത്തതെന്ന് യാഷ് തന്റെ ഇന്‍സ്റ്റഗ്രാം സ്റ്റോറിയില്‍ കുറിച്ചു.
ഒരു സിനിമ നിര്‍മിക്കുക എന്നത് അത്ര ഗ്ലാമറസായ ജോലിയല്ലെന്നും ബജറ്റുകളെക്കുറിച്ചുള്ള ആശങ്കകളും മറ്റാരും വിശ്വസിക്കാത്ത തിരക്കഥയ്ക്കുവേണ്ടിയുള്ള പോരാട്ടങ്ങളും നിറഞ്ഞതാണെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു. ചിത്രത്തിന്റെ നിര്‍മാതാവും നായികയുമായി ഇരട്ട ഉത്തരവാദിത്തം ഭംഗിയായി നിറവേറ്റിയ ഹുമയുടെ ധൈര്യം പ്രശംസനീയമാണെന്നും തനിക്ക് ഏറെ അഭിമാനം തോന്നുന്നുവെന്നും യാഷ് കൂട്ടിച്ചേര്‍ത്തു.
സാക്വിബ് സലിമിനൊപ്പം ചേർന്നാണ് ഹുമ ഖുറേഷി ബേബി ഡു ഡൈ ഡു നിർമിച്ചത്. നചികേത് സാമന്ത് സംവിധാനം ചെയ്ത ചിത്രത്തിൽ സിക്കന്ദര്‍ ഖേര്‍, ചുങ്കി പാണ്ഡെ, സീമ പഹ്വ, രചിത് സിങ് എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.