'ഉദയ്പുര്‍ ഫയല്‍സൽ നിന്ന് ഫോട്ടോ-അറേഞ്ച്ഡ്
Bollywood

'ഉദയ്പുര്‍ ഫയല്‍സ്' റിലീസ് തടയണമെന്ന ആവശ്യം സുപ്രീംകോടതി തള്ളി

പപ്പപ്പ റിപ്പോര്‍ട്ടര്‍

'ഉദയ്പുര്‍ ഫയല്‍സ്' എന്ന ചിത്രത്തിന്റെ റിലീസ് സ്റ്റേ ചെയ്യണമെന്ന ആവശ്യം സുപ്രീംകോടതി തള്ളി. ഇതോടെ ചിത്രം നേരത്തെ നിശ്ചയിച്ചപോലെ ജൂലായ് 11ന് റിലീസ് ചെയ്യാൻ വഴിയൊരുങ്ങി. ഉദയ്പുരിലെ തയ്യല്‍ക്കാരനായ കനയ്യ ലാലിന്റെ കൊലപാതകത്തെ ആസ്പദമാക്കിയുള്ള സിനിമ തടയണമെന്നാവശ്യപ്പെട്ട് കേസിലെ പ്രതികളിലൊരാളായ മുഹമ്മദ് ജാവേദ് ആണ് സുപ്രീം കോടതിയെ സമീപിച്ചത്. സിനിമ പുറത്തിറങ്ങുന്നത് കേസിന്റെ വാദത്തിൽ സ്വാധീനം ചെലുത്തുമെന്നായിരുന്നു വാദം.

എന്നാൽ ചിത്രം റിലീസ് ചെയ്യട്ടെ എന്ന് ഉത്തരവിട്ട ജസ്റ്റിസുമാരായ സുധാംശു ധുലിയ,ജോയ്മല്യ ഭാ​ഗ്ചി എന്നിവരടങ്ങിയ ബഞ്ച് വേനലവധിക്കുശേഷം കോടതി തുറക്കുമ്പോൾ റ​ഗുലർ ബഞ്ചിനെ സമീപിക്കാനും ഹർജിക്കാരനോട് നിർദേശിച്ചു.

ചിത്രം നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് ജാമിയത്ത് ഉലമ ഇ ഹിന്ദ് പ്രസിഡന്റ് മൗലാന അര്‍ഷാദ് മദനിയും ഡൽഹി ഹൈക്കോടതിയിൽ പൊതുതാത്പര്യ ഹർജി നല്കിയിരുന്നു. ഇത് പരി​ഗണിക്കുന്നതിനിടെ ചിത്രത്തിലെ ചില ഭാഗങ്ങള്‍ നീക്കിയതായി സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഫിലിം സര്‍ട്ടിഫിക്കേഷന്‍ (സിബിഎഫ്‌സി) അറിയിച്ചു. ചീഫ് ജസ്റ്റിസ് ദേവേന്ദ്ര കുമാര്‍ ഉപാധ്യായ, ജസ്റ്റിസ് അനീഷ് ദയാല്‍ എന്നിവരടങ്ങുന്ന ഡിവിഷന്‍ ബെഞ്ചാണ് കേസ് പരിഗണിച്ചത്.

സിനിമയ്ക്ക് സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതിന് മുമ്പ് ചില രംഗങ്ങള്‍ നീക്കണമെന്ന് നിര്‍ദ്ദേശിച്ചിരുന്നതായും അതു നടപ്പിലാക്കിയിട്ടുണ്ടെന്നും സിബിഎഫ്‌സി കോടതയില്‍ അറിയിച്ചു. ആവശ്യമായ മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ടെന്ന് നിര്‍മാതാവിന്റെ അഭിഭാഷകനും സ്ഥിരീകരിച്ചു.

മൗലാന അര്‍ഷാദ് മദനിക്കുവേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ കപില്‍ സിബല്‍, സിബിഎഫ്‌സിയെ പ്രതിനിധീകരിച്ച അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ (എഎസ്ജി) ചേതന്‍ ശര്‍മ എന്നിവര്‍ക്കായി സിനിമയുടെയും ട്രെയിലറിന്റെയും പ്രത്യേക പ്രദര്‍ശനം ക്രമീകരിക്കാന്‍ കോടതി ചിത്രത്തിന്റെ നിര്‍മാതാവിനോട് നിര്‍ദ്ദേശിക്കുകയും ചെയ്തു.

2022 ജൂണ്‍ 28ന് രാജസ്ഥാനിലെ ഉദയ്പുറിലാണ് 40കാരനായ തയ്യല്‍ക്കാരന്‍ കനയ്യലാൽ കൊല്ലപ്പെട്ടത്. ടിവി ചര്‍ച്ചയ്ക്കിടെ പ്രവാചകന്‍ മുഹമ്മദ് നബിയെക്കുറിച്ച് ബിജെപി വക്താവ് നൂപുര്‍ ശര്‍മ നടത്തിയ വിവാദപ്രസ്താവനയെ പിന്തുണച്ചുള്ള സോഷ്യല്‍ മീഡിയ പോസ്റ്റ് പങ്കുവച്ചതിനെത്തുടർന്ന് ഒരുസംഘമാളുകള്‍ കനയ്യയുടെ കടയ്ക്കുള്ളില്‍ അതിക്രമിച്ചുകയറി ക്രൂരമായി കൊലപ്പെടുത്തുകയായിരുന്നു. ഇതിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തുകയും പ്രചരിപ്പിക്കുകയും ചെയ്തിരുന്നു അക്രമികള്‍. കേസിൽ എൻ.ഐ.എ നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.