ചുംബനരംഗങ്ങള്‍ കാരണം മുമ്പ് നിരവധി ബോളിവുഡ് സിനിമകള്‍ നിരസിച്ചതായി പഞ്ചാബി നടി സോനം ബജ് വയുടെ വെളിപ്പെടുത്തല്‍. അവസരങ്ങള്‍ നിരസിച്ചതില്‍ ഇപ്പോള്‍ ഖേദമുണ്ടെന്നും സിനിമാ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ സോനം സമ്മതിച്ചു. കുടുംബാംഗങ്ങളും തന്റെ സംസ്ഥാനമായ പഞ്ചാബിലെയും ജനങ്ങള്‍ അത്തരം ഇന്റിമേറ്റ് സീനുകളോട് എങ്ങനെ പ്രതികരിക്കുമെന്ന് ഭയന്നിരുന്നതായും സോനം പറഞ്ഞു.
'പഞ്ചാബിലെ പ്രിയപ്പെട്ടവര്‍ ഇതെങ്ങനെ സ്വീകരിക്കുമെന്ന ചിന്ത ഉണ്ടായിരുന്നു. അന്ന് ഒരു സിനിമയില്‍ ചുംബനരംഗം ചെയ്യാന്‍ എനിക്കു ഭയമായിരുന്നു. കാരണം, എന്നെ ഞാനാക്കിയ ആളുകള്‍ അതിനോട് എങ്ങനെ പ്രതികരിക്കുമെന്ന ചോദ്യം ഞാന്‍ അഭിമുഖീകരിച്ചിരുന്നു. സിനിമയ്ക്കു വേണ്ടിയാണെന്ന് എന്റെ കുടുംബം മനസിലാക്കുമോ... തുടങ്ങിയ ആശങ്കകള്‍ എന്റെ മനസില്‍ ഉണ്ടായിരുന്നു...' സോനം പറഞ്ഞു.
മാതാപിതാക്കള്‍ തന്നെ പിന്തുണച്ചിരുന്നുവെന്ന് സോനം പറഞ്ഞു. 'രണ്ടുവര്‍ഷം മുമ്പ് ഞാന്‍ എന്റെ അമ്മയോടും അച്ഛനോടും ഇതേക്കുറിച്ച് സംസാരിച്ചു. അവര്‍ പറഞ്ഞു, സിനിമ അങ്ങനെയൊരു രംഗം ആവശ്യപ്പെടുന്നുണ്ടെങ്കില്‍ തെറ്റില്ല. അവരുടെ ഉത്തരം കേട്ട് ഞാന്‍ ഞെട്ടിപ്പോയി. എന്തുകൊണ്ടാണ് ഞാന്‍ ആദ്യം അവരോട് ഇക്കാര്യങ്ങള്‍ സംസാരിക്കാതിരുന്നതെന്നു തോന്നി...' സോനം പറഞ്ഞു.
സോനം അഭിനയിക്കുന്ന 'ഏക് ദീവാനി കി ദീവാനിയത്ത്' റിലീസിനായി ഒരുങ്ങുകയാണ്. ഒക്ടോബര്‍ 21 ന് ബോളിവുഡ് ചിത്രം തിയറ്ററുകളില്‍ എത്തും. ടൈഗര്‍ ഷ്രോഫിനൊപ്പം ബാഗി- 4 ലാണ് സോനം അവസാനമായി അഭിനയിച്ചത്. 2013-ല്‍ പുറത്തിറങ്ങിയ 'ബെസ്റ്റ് ഓഫ് ലക്ക്' എന്ന ചിത്രത്തിലൂടെയാണ് സോനം അഭിനയരംഗത്തേക്കു കടന്നുവന്നത്. 'പഞ്ചാബ് 1984' എന്ന ഹിറ്റ് ചിത്രത്തിലൂടെയാണ് സോനം പ്രശസ്തിയിലേക്ക് ഉയര്‍ന്നു. ഈ ചിത്രം നിരൂപക പ്രശംസ നേടി. 'നിക്ക സെയ്ല്‍ദാര്‍', 'കാരി ഓണ്‍ ജട്ട 2', 'അര്‍ദാബ് മുതിയാരന്‍' തുടങ്ങിയവയും താരത്തിന്റെ ഹിറ്റ് ചിത്രങ്ങളാണ്.
തമിഴ്, തെലുങ്ക് ചിത്രങ്ങളിലും സോനം അഭിനയിച്ചിട്ടുണ്ട്. 2019 ല്‍ പുറത്തിറങ്ങിയ ബാല എന്ന ചിത്രത്തിലൂടെയാണ് നടി ബോളിവുഡില്‍ അരങ്ങേറ്റം കുറിച്ചത്. 'സ്ട്രീറ്റ് ഡാന്‍സര്‍ 3ഡി', 'ഹൗസ്ഫുള്‍ 5' തുടങ്ങിയ മറ്റ് ഹിന്ദി ചിത്രങ്ങളിലും അവര്‍ അഭിനയിച്ചിട്ടുണ്ട്.