ജനപ്രിയ ടെലിവിഷന്‍ നടിയും കേന്ദ്രമന്ത്രിയുമായിരുന്ന സ്മൃതി ഇറാനി വീണ്ടും ആരാധകരുടെ ശ്രദ്ധ പിടിച്ചുപറ്റി. ഇത്തവണ രാഷ്ട്രീയത്തിലോ മിനിസ്‌ക്രീനിലോ അല്ല! ഫാഷന്‍ റണ്‍വേയിലാണ് താരം സ്വപ്‌നതുല്യമായി തിളങ്ങിയത്. 26വർഷത്തിനുശേഷം മുംബൈ ഫാഷന്‍ വീക്കിലൂടെ മോഡലിങ് ലോകത്തേക്കുള്ള അവരുടെ തിരിച്ചുവരവ് ആഘോഷത്തോടെയാണ് ആരാധകരും സ്മൃതിയെ സ്‌നേഹിക്കുന്നവരും ഏറ്റെടുത്തത്.
റാമ്പില്‍ നഗ്നപാദയായാണ് സ്മൃതി നടന്നത്. സ്മൃതിയുടെ റാമ്പ് വീഡിയോ സമൂഹമാധ്യമങ്ങളില്‍ വന്‍ തരംഗമായി മാറുകയും ചെയ്തു. സെലിബ്രിറ്റികളും ആരാധകരും താരത്തിന്റെ ആത്മവിശ്വാസത്തെ പ്രശംസിച്ചു. നെക്ലേസും കണ്ണടയുമണിഞ്ഞ് അതിമനോഹരമായ പര്‍പ്പിള്‍ സാരിയിലായിരുന്നു സ്മൃതി റാമ്പിൽ ചുവടുവെച്ചത്. നഗ്‌നപാദയായി റാമ്പിലൂടെ നടക്കാനുള്ള താരത്തിന്റെ തീരുമാനമാണ് എല്ലാവരുടെയും ശ്രദ്ധ പിടിച്ചുപറ്റിയത്.
1990കളില്‍ മോഡലായാണ് സ്മൃതി ഇറാനി കരിയര്‍ ആരംഭിച്ചത്. ഫാഷന്‍ രംഗത്തെ തിളക്കമാര്‍ന്ന പ്രകടനം, ടെലിവിഷനിലേക്കുള്ള അവരുടെ യാത്രയ്ക്ക് വഴിയൊരുക്കി. 'ക്യുംകി സാസ് ഭി കഭി ബഹു തി'യിലെ തുളസി വിരാനി എന്ന കഥാപാത്രത്തിലൂടെ സ്മൃതി രാജ്യവ്യാപകമായി പ്രശസ്തി നേടി. ഇന്ത്യന്‍ ടെലിവിഷനിലെ ഏറ്റവും അവിസ്മരണീയമായ കഥാപാത്രങ്ങളിലൊന്നാണിത്. വിനോദവ്യവസായലോകത്തെ വിജയത്തെത്തുടര്‍ന്ന്, സ്മൃതി രാഷ്ട്രീയത്തിലേക്കു മാറി. ഇന്ത്യയിലെ ആദരണീയരായ നേതാക്കളില്‍ ഒരാളായി മാറി. ബിജെപിയുടെ പ്രധാന മുഖങ്ങളിലൊന്നായി. കേന്ദ്രമന്ത്രിസഭയിലും അംഗമായി. ഇപ്പോള്‍, 'ക്യുംകി സാസ് ഭി കഭി ബഹു തി 2'ന്റെ തിരക്കുകളിലാണ് സ്മൃതി ഇറാനി.