നിതീഷ് തിവാരി സംവിധാനം ചെയ്യുന്ന പുതിയ രാമായണം സിനിമയിൽ രൺബീർ കപുറിനെ ശ്രീരാമനായി സങ്കൽപ്പിക്കാൻ സാധിക്കില്ലെന്നു പ്രശസ്ത സംവിധായകൻ രാമാനന്ദ് സാഗറിന്റെ പൗത്രൻ ശിവ് സാഗർ. 'അനിമൽ' എന്ന സിനിമയിലെ റൺബീറിന്റെ പ്രകടനത്തിനുശേഷം അദ്ദേഹത്തെ രാമന്റെ വേഷത്തിൽ കാണാൻ തനിക്ക് വ്യക്തിപരമായി പ്രയാസമുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കുന്നു.
രൺബീർ മികച്ചൊരു നടനാണെന്ന കാര്യത്തിൽ തനിക്കു സംശയമില്ലെന്ന് ശിവ് സാഗർ പറഞ്ഞു. എന്നാൽ അനിമൽ പോലൊരു ചിത്രത്തിലെ അക്രമകാരിയായ കഥാപാത്രത്തെ അവതരിപ്പിച്ചതിനു ശേഷം ഇത്തരമൊരു ദൈവീക കഥാപാത്രത്തിലേക്ക് വരുമ്പോൾ പ്രേക്ഷകർക്ക് അത് പൂർണമായി ഉൾക്കൊള്ളാൻ സാധിച്ചേക്കില്ല. അതുകൊണ്ട് തന്നെ ശ്രീരാമന്റെ വേഷത്തിലേക്ക് ഒരു പുതിയ മുഖത്തെ അവതരിപ്പിക്കുന്നതായിരുന്നു കൂടുതൽ ഉചിതമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ചിത്രത്തിനു വലിയ രീതിയിലുള്ള മാർക്കറ്റിങ് പിന്തുണ ലഭിക്കുന്നതിനു വേണ്ടിയാകാം അണിയറപ്രവർത്തകർ രൺബീറിനെ തിരഞ്ഞെടുത്തതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. എന്നാൽ സിനിമയിലെ മറ്റ് താരനിർണയങ്ങളോട് തനിക്ക് വലിയ സന്തോഷമുണ്ടെന്നും സീതയായി എത്തുന്ന സായ് പല്ലവിയും രാവണനായി എത്തുന്ന യാഷും കഥാപാത്രങ്ങൾക്ക് അനുയോജ്യരാണെന്നും അദ്ദേഹം പറഞ്ഞു. പുതിയ നടന്മാരെ ഇത്തരം വേഷങ്ങളിൽ കൊണ്ടുവരുമ്പോൾ മുൻകാല കഥാപാത്രങ്ങളുടെ യാതൊരുവിധ സ്വാധീനവുമില്ലാതെ പ്രേക്ഷകർക്ക് അവരെ സ്വീകരിക്കാൻ കഴിയും.
അതേസമയം സിനിമ പുറത്തിറങ്ങിയ ശേഷം പ്രേക്ഷകരുടെ പ്രതികരണമായിരിക്കും അന്തിമമെന്നും ജനങ്ങൾ രൺബീറിനെ രാമനായി സ്വീകരിക്കുകയാണെങ്കിൽ തന്റെ വ്യക്തിപരമായ അഭിപ്രായത്തിന് പ്രസക്തിയില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. രണ്ട് ഭാഗങ്ങളായി നിർമിക്കുന്ന ചിത്രത്തിന്റെ ആദ്യഭാഗം ദീപാവലി റിലീസായി തിയേറ്ററുകളിലെത്തും.