തലക്കെട്ട് വായിച്ച് ഞെട്ടേണ്ട. ദേശീയ പുരസ്കാരനേട്ടത്തിൽ അഭിനന്ദിച്ച് ശശിതരൂർ സോഷ്യൽമീഡിയ പ്ലാറ്റ്ഫോമായ 'എക്സി'ൽ പങ്കുവെച്ച സന്ദേശത്തിന് ഷാരൂഖ് ഖാൻ നല്കിയ മറുപടിയാണത്. കടിച്ചാൽ പൊട്ടാത്ത ഇംഗ്ലീഷ് വാക്കുകളെടുത്ത് അമ്മാനമാടുന്ന തരൂരിന് ഒരു ഉരുളയ്ക്കുപ്പേരി.
'ദേശീയ നിധിക്ക് ദേശീയപുരസ്കാരം'. അഭിനന്ദനങ്ങൾ-ഇതായിരുന്നു തരൂരിന്റെ അഭിനന്ദനവാചകം. അതിനുള്ള മറുപടി തരൂർസ്റ്റൈലിൽ തന്നെ നല്കി മാസാക്കുകയായിരുന്നു ഷാരൂഖ്. ലളിതമായ പ്രശംസയ്ക്ക് നന്ദി പറഞ്ഞ താരം അതിനൊപ്പം മറ്റൊന്നുകൂടി ചേർത്തു. 'കൂടുതൽ മാഗ്നിലക്വെന്റും(Magniloquent) സെസ്ക്വിപിഡേലിയനും(Sesquipedalian) ആയിരുന്നെങ്കിൽ മനസ്സിലാകില്ലായിരുന്നു' എന്നായിരുന്നു ചിരിയുടെ അകമ്പടിയോടെയുള്ള ഷാരൂഖിന്റെ പ്രതികരണം. ഗംഭീരമായ വാക്കുകളുടെ പ്രയോഗം എന്നാണ് മാഗ്നിലക്വെന്റിന്റെ അർഥം. സെസ്ക്വിപിഡേലിയൻ എന്നാൽ നെടുനീളൻ വാക്ക് എന്നും.
'ജവാൻ' എന്ന ചിത്രത്തിലെ പ്രകടനത്തിനാണ് ഷാരൂഖിന് മികച്ച നടനുള്ള ദേശീയ പുരസ്കാരം ലഭിച്ചത്. ട്വെൽത് ഫെയിൽ നായകൻ വിക്രാന്ത് മാസിക്കൊപ്പം അവാർഡ് പങ്കിടുകയായിരുന്നു കിങ് ഖാൻ. 'ജവാനി'ൽ ഇരട്ടവേഷത്തിലാണ് ഷാരൂഖ് പ്രത്യക്ഷപ്പെട്ടത്.