സെപ്റ്റംബര്‍ ആദ്യവാരം വിവിധ ഭാഷകളിലായി നിരവധി വമ്പന്‍ സിനിമകളാണ് തിയേറ്ററുകളില്‍ എത്തുന്നത്. പ്രേക്ഷകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളില്‍ മലയാളത്തില്‍ നിന്നുള്ള ബിഗ് ബജറ്റ് ചിത്രം മുതല്‍ ജനപ്രിയ വെബ് സീരീസിന്റെ സിനിമാ ആവിഷ്‌കാരം വരെ ഉള്‍പ്പെടുന്നു.
മലയാളത്തില്‍ ദുല്‍ഖര്‍ സല്‍മാന്‍ നായകനാകുന്ന 'ഐ ആം ഗെയിം' സെപ്റ്റംബര്‍ വ്യാഴാഴ്ച പ്രദര്‍ശനത്തി. തിയേറ്ററുകളില്‍ മികച്ച പ്രതികരണമാണു ചിത്രത്തിനു ലഭിക്കുന്നത്. നഹാസ് ഹിദായത്ത് സംവിധാനം ചെയ്ത ചിത്രത്തില്‍ കയാദു ലോഹറാണ് നായിക. ഒരു ഗാംബ്ലറുടെ ജീവിതത്തില്‍ അപ്രതീക്ഷിതമായി ഉണ്ടാകുന്ന സംഭവങ്ങളും തുടര്‍ന്നുണ്ടാകുന്ന ആക്ഷനും തമാശയും നിറഞ്ഞ യാത്രയുമാണ് ചിത്രത്തിന്റെ പ്രമേയം.
ബോളിവുഡില്‍ നിന്ന് അര്‍ഷാദ് വാര്‍സിയും സഞ്ജീദ ഷെയ്ഖും ഒന്നിക്കുന്ന 'ജീവന്‍ ഭീമ യോജന'യും സെപ്റ്റംബര്‍ നാലിനു റിലീസ് ചെയ്യും. കടബാധ്യതയിലായ ദമ്പതികള്‍ നടത്തുന്ന ഇന്‍ഷുറന്‍സ് തട്ടിപ്പും അതിനിടയില്‍ വന്നുപെടുന്ന വജ്രക്കടത്ത് സംഘത്തിന്റെ കഥയുമാണ് അഭിഷേക് ദോഗ്ര സംവിധാനം ചെയ്യുന്ന ചിത്രം പറയുന്നത്.
തമിഴില്‍ ജി.വി. പ്രകാശ് കുമാറും കയാദു ലോഹറും അഭിനയിച്ച സൈക്കോളജിക്കല്‍ ത്രില്ലര്‍ ചിത്രം 'ഇമ്മോര്‍ട്ടല്‍', ലിയോ ശിവകുമാര്‍ നായകനായ 'ഡെലിവറി ബോയ്', പെണ്‍കുട്ടിയുടെ അതിജീവന കഥ പറയുന്ന 'പാവൈ' എന്നിവയും സെപ്റ്റംബര്‍ നാലിന് എത്തും. തെലുങ്കില്‍ അല്ലരി നരേഷ് നായകനാകുന്ന സോഷ്യോ-ഫാന്റസി ചിത്രം 'രംഭ ഊര്‍വശി മേനക', സുമന്ത് പ്രഭാസിന്റെ 'രോമാഞ്ചകം', രാഷ്ട്രീയം പ്രമേയമാകുന്ന 'ധര്‍മസ്ഥല' എന്നീ ചിത്രങ്ങളും ഈ ആഴ്ച തിയേറ്ററുകളിലെത്തുന്നുണ്ട്.
അന്താരാഷ്ട്ര തലത്തില്‍ ആഡ്രിയ അര്‍ജോനയും റബേക്ക ഹാളും കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ആക്ഷന്‍ ത്രില്ലര്‍ 'ഓണ്‍സ്ലോട്ട്', ആന്‍ഡ്രൂ ഗാര്‍ഫീല്‍ഡ്, റബേക്ക ഫെര്‍ഗൂസണ്‍ എന്നിവര്‍ വേഷമിടുന്ന ഫാന്റസി ചിത്രം 'ദ് മാജിക് ഫാര്‍എവേ ട്രീ' എന്നീ ഹോളിവുഡ് ചിത്രങ്ങളും സെപ്റ്റംബര്‍ നാലിനു തിയേറ്ററുകളില്‍ എത്തുന്നുണ്ട്.