പൃഥ്വിരാജും കജോളും കേന്ദ്രകഥാപാത്രമാകുന്ന ബോളിവുഡ് ചിത്രം 'സര്‍സമീന്‍'-ന്റെ ടീസര്‍ റിലീസ് ചെയ്ത് അണിയറപ്രവര്‍ത്തകര്‍. നടന്‍ ബൊമന്‍ ഇറാനിയുടെ മകന്‍ കയോസ് ഇറാനി സംവിധാനം ചെയ്ത ചിത്രം ജൂലായ് 25ന് പ്രേക്ഷകരുടെ മുന്നിലെത്തും. ജിയോ ഹോട്ട്സ്റ്റാറിലൂടെ നേരിട്ട് ഒടിടി റിലീസായാണ് പ്രദര്‍ശനം. കരണ്‍ ജോഹറാണ് നിര്‍മാണം. സൗമിന്‍ ശുക്ല, അരുണ്‍ സിംഗ് എന്നിവരുടേതാണ് തിരക്കഥ.
'സര്‍സമീനി'ല്‍ പൃഥ്വിരാജിന്റെ ഭാര്യയുടെ വേഷത്തിലാണ് കജോള്‍ എത്തുന്നത്. സെയ്ഫ് അലി ഖാന്റെ മകന്‍ ഇബ്രാഹിം അലി ഖാനും സിനിമയിലുണ്ട്. വില്ലന്‍ വേഷമാണ് ഇബ്രാഹിം അലി ഖാന്‍ കൈകാര്യം ചെയ്യുന്നത്. ഒന്നര മിനിറ്റ് ദൈര്‍ഘ്യമുള്ള ടീസര്‍ ചിത്രത്തിന്റെ റിലീസിനായുള്ള ആരാധകരുടെ ആകാംക്ഷ ഇരട്ടിപ്പിക്കുന്നതാണ്.
കര്‍ക്കശക്കാരനും സത്യസന്ധനുമായ സൈനിക ഉദ്യോഗസ്ഥന്റെ കഥാപാത്രമാണ് പൃഥ്വിരാജിന്റേത്. ജന്മനാടിന്റെ സുരക്ഷയേക്കാള്‍ വലുതായി തനിക്ക് മറ്റൊന്നുമില്ലെന്ന പൃഥ്വിരാജിന്റെ ഡയലോഗും ടീസറിലുണ്ട്. ഇതിനു വന്‍ കൈയടിയാണ് ലഭിച്ചത്. പ്രത്യേകിച്ചും പഹല്‍ഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍. സിനിമയുടെ ടീസര്‍ പൃഥ്വിരാജും സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചു. ടീസറിനൊപ്പം ചിത്രത്തിന്റെ പുത്തന്‍ പോസ്റ്ററും പുറത്തുവിട്ടു. 'കടമയും കുടുംബവും കൂട്ടിമുട്ടുന്നിടത്ത്, സര്‍സമീന്റെ കഥ ആരംഭിക്കുന്നത് അവിടെ നിന്നാണ്. ഔദ്യോഗിക പ്രഖ്യാപനം പുറത്ത്' -പോസ്റ്റര്‍ പങ്കുവച്ച് പ്രിയതാരം പൃഥ്വിരാജ് കുറിച്ചു. പൃഥ്വിരാജ് അഭിനയിക്കുന്ന അഞ്ചാമത്തെ ബോളിവുഡ് ചിത്രമാണ് 'സര്‍സമീന്‍'.