പ്രഭാസ് നായകനാകുന്ന 'സ്പിരിറ്റ്' എന്ന ചിത്രത്തിന്റെ തിരക്കിലാണ് സംവിധായകൻ സന്ദീപ് റെഡ്ഡി വംഗ. പാൻ ഇന്ത്യൻ ആക്ഷൻ ഡ്രാമയായ ചിത്രത്തിന്റെ ജോലികൾ പൂർത്തിയാക്കിയശേഷം സംവിധായകൻ ആരുടെ കൂടെ പ്രവർത്തിക്കുമെന്ന ആകാംക്ഷയിലാണ് ആരാധകർ. മഹേഷ് ബാബുവിനും അല്ലു അർജുനുമൊപ്പം സന്ദീപ് സിനിമ ഒരുക്കിയേക്കുമെന്ന അഭ്യൂഹങ്ങളും നേരത്തെ പ്രചരിച്ചിരുന്നു.
സന്ദീപിന്റെ വൻ വിജയചിത്രമായ 'അനിമലി'ന്റെ രണ്ടാം ഭാഗമായ 'അനിമൽ പാർക്കി'നെക്കുറിച്ചുള്ള അപ്ഡേറ്റുകൾക്കായും ആരാധകർ കാത്തിരിക്കുകയാണ്. ഇപ്പോഴിതാ തന്റെ അടുത്ത ചിത്രത്തെക്കുറിച്ചുള്ള അഭ്യൂഹങ്ങൾക്ക് വിരാമമിട്ട് സന്ദീപ് റെഡ്ഡി വംഗ തന്നെ രംഗത്തെത്തിയിരിക്കുന്നു.
അടുത്തിടെ ബോളിവുഡ് മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ 'അനിമൽ പാർക്കി'ന്റെ രണ്ടാം ഭാഗത്തെക്കുറിച്ച് സംവിധായകനോട് ചോദിച്ചിരുന്നു. ആദ്യ ഭാഗം പ്രേക്ഷകരിൽ വലിയ ആകാംക്ഷ ബാക്കിവെച്ചതിനാൽ രണ്ടാം ഭാഗത്തിനായി നിരവധി പേർ കാത്തിരിക്കുകയാണെന്നായിരുന്നു ചോദ്യത്തിന്റെ പശ്ചാത്തലം. ഇതിന് മറുപടിയായി 'സ്പിരിറ്റി'ന് പിന്നാലെ ഉടൻ തന്നെ 'അനിമൽ പാർക്കി'ന്റെ ജോലികൾ ആരംഭിക്കുമെന്ന് സന്ദീപ് വ്യക്തമാക്കി. 'സ്പിരിറ്റ് കഴിഞ്ഞ ഉടൻ ഞാൻ അതിന്റെ ജോലികൾ തുടങ്ങും' എന്നായിരുന്നു സംവിധായകന്റെ വാക്കുകൾ.
ഇതോടെ 'സ്പിരിറ്റി'ന് ശേഷമുള്ള സന്ദീപിന്റെ അടുത്ത ചിത്രം 'അനിമൽ പാർക്ക്' ആയിരിക്കുമെന്ന് ഉറപ്പായിരിക്കുകയാണ്. മഹേഷ് ബാബുവിനോ അല്ലു അർജുനോ ഒപ്പം ഉടൻ സിനിമയുണ്ടാകുമെന്ന അഭ്യൂഹങ്ങൾക്കും ഇതോടെ വിരാമമായി.
നിലവിൽ പ്രഭാസ് നായകനാകുന്ന 'സ്പിരിറ്റി'ന്റെ ചിത്രീകരണ തിരക്കുകളിലാണ് സന്ദീപ്. പോലീസ് ആക്ഷൻ ഡ്രാമയായി ഒരുങ്ങുന്ന ചിത്രത്തിൽ മോശം ശീലങ്ങളുള്ള ഒരു പോലീസ് ഉദ്യോഗസ്ഥനായാണ് പ്രഭാസ് എത്തുന്നതെന്നാണ് റിപ്പോർട്ടുകൾ. തൃപ്തി ദിമ്രിയാണ് നായിക. വിവേക് ഒബ്റോയ്, ഐശ്വര്യ ദേശായി എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലുണ്ട്. 2026 ഡിസംബർ 15ന് പ്രഭാസ് ചിത്രീകരണം പുനരാരംഭിക്കുമെന്നാണ് റിപ്പോർട്ടുകൾ. ഇതിനിടെ ഹനു രാഘവപുഡി സംവിധാനം ചെയ്യുന്ന 'ഫൗജി'യിലും പ്രഭാസ് അഭിനയിക്കുന്നുണ്ട്.
2027 മാർച്ചിൽ റിലീസ് ചെയ്യാനിരുന്ന 'സ്പിരിറ്റി'ന്റെ തീയതി മാറ്റിയിട്ടുണ്ട്. ചിത്രം 2027 ദീപാവലിക്ക് തിയേറ്ററുകളിലെത്തുമെന്നാണ് പുതിയ പ്രഖ്യാപനം. 'സ്പിരിറ്റ്' പൂർത്തിയാക്കിയശേഷം സന്ദീപ് 'അനിമൽ പാർക്കി'ലേക്ക് കടക്കും. രൺബീർ കപൂർ രണ്ടാം ഭാഗത്തിലും നായകനായി തിരിച്ചെത്തുമെന്നാണ് പ്രതീക്ഷ.