ബോളിവുഡിന്റെ മസിൽമാൻ സല്‍മാന്‍ ഖാന്റെ 'ബാറ്റില്‍ ഓഫ് ഗാല്‍വാന്‍' എന്ന ചിത്രത്തിലെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ റിലീസ് ചെയ്തു. സല്‍മാനെ തിരിച്ചറിയാന്‍ കഴിയാത്ത ലുക്കിലാണ് അവതരിപ്പിച്ചിരിക്കുന്നത്. ധീരനായ സൈനികനായാണ് സൽമാൻ പോസ്റ്ററില്‍. ശത്രുക്കള്‍ക്കെതിരേ പോരാടാനുള്ള ചങ്കൂറ്റം തുടിക്കുന്ന മുഖഭാവമാണ് താരത്തിന്റേത്. 'സിക്കന്ദറി'ന്റെ ബോക്‌സ് ഓഫീസ് പരാജയത്തിനു മാസങ്ങള്‍ക്കുശേഷമാണ് സൽമാന്റെ പുതിയ ചിത്രം 'ബാറ്റില്‍ ഓഫ് ഗാല്‍വാ'ന്റെ ആദ്യ പോസ്റ്റര്‍ പുറത്തുവന്നത്. ജൂലായ് നാലിന് താരത്തിന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളിലൂടെയാണ് പോസ്റ്റര്‍ പുറത്തുവിട്ടത്. മിനിറ്റുകള്‍ക്കുള്ളില്‍ ബോളിവുഡ്‌ലോകവും ആരാധകരും പോസ്റ്റര്‍ ഏറ്റെടുത്തു.
പോസ്റ്ററില്‍ സല്‍മാന്‍ മുഖമാകെ രക്തം പുരണ്ടും മുറിവേറ്റും കോപാകുലനായും ആയുധം പിടിച്ചിരിക്കുന്നതായും കാണാം. മഞ്ഞുമൂടിയ യൂണിഫോമും മീശയും 'സുല്‍ത്താ'ന്റെ ഓര്‍മകള്‍ ഉണര്‍ത്തുന്നു. സൽമാന്റെ പരുക്കനും യുദ്ധസജ്ജനുമായ അവതാരം ആരാധകരെ അക്ഷരാര്‍ഥത്തില്‍ അമ്പരപ്പിച്ചു. വന്‍ പ്രതീക്ഷയോടെയാണ് അവർ ചിത്രത്തിനായി കാത്തിരിക്കുന്നത്.
'സമുദ്രനിരപ്പില്‍ നിന്ന് 15,000 അടിയില്‍ക്കൂടുതല്‍ ഉയരത്തില്‍. ഒരു വെടിയുണ്ട പോലും പ്രയോഗിക്കാതെ ഇന്ത്യ അതിന്റെ ഏറ്റവും ക്രൂരമായ യുദ്ധം നടത്തി' എന്ന ശക്തമായ വാക്കുകളും പോസ്റ്ററിനൊപ്പമുണ്ട്. 2020-ലെ ഗാല്‍വാന്‍ വാലി സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തിലാണ് 'ബാറ്റില്‍ ഓഫ് ഗാല്‍വാന്‍' ഒരുങ്ങുന്നത്. അപൂര്‍വ ലഖിയയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ബെസ്റ്റ് സെല്ലര്‍ നോവലായ 'ഇന്ത്യാസ് മോസ്റ്റ് ഫിയര്‍ലെസ്' അടിസ്ഥാനമാക്കിയാണ് ചിത്രം ഒരുങ്ങുന്നത്. സെയ്ന്‍ ഷാ, അങ്കുര്‍ ഭാട്ടിയ, ഹര്‍ഷില്‍ ഷാ, ഹീര സോഹാള്‍, അഭിലാഷ് ചൗധരി, വിപിന്‍ ഭരദ്വാജ് തുടങ്ങിയ താരനിര ചിത്രത്തിലുണ്ട്.
പുറത്തുവരുന്ന റിപ്പോര്‍ട്ട് അനുസരിച്ച് ഈമാസം ചിത്രീകരണം ആരംഭിക്കും. ലഡാക്കില്‍ 25 ദിവസത്തെ ഷെഡ്യൂള്‍ പ്ലാന്‍ ചെയ്തിരിക്കുന്നു. തുടര്‍ന്ന് മുംബൈയിലെ സ്റ്റുഡിയോയില്‍ ചിത്രീകരണം നടക്കും. ലഡാക്കിലെ ലൊക്കേഷനുകളില്‍ ധാരാളം ആക്ഷന്‍ സീക്വന്‍സുകള്‍ ചിത്രീകരിക്കും. തുടര്‍ന്ന് മുംബൈയിലെ സ്റ്റുഡിയോയിലും ഷൂട്ടിങ്ങുണ്ടാകും. നവംബറോടെ ചിത്രം പൂര്‍ത്തിയാക്കാനാണ് ഉദ്ദേശിക്കുന്നത്. നിര്‍മാതാക്കള്‍ ഇതുവരെ ചിത്രത്തിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചിട്ടില്ല.