2012-ൽ പുറത്തിറങ്ങി വലിയ വിജയം നേടിയ 'കോക്ടെയിൽ' എന്ന ചിത്രത്തിൽ താൻ അവതരിപ്പിച്ച 'ഗൗതം' എന്ന കഥാപാത്രത്തെക്കുറിച്ച് തുറന്നുപറഞ്ഞ് ബോളിവുഡ് താരം സെയ്ഫ് അലി ഖാൻ. ആ കഥാപാത്രം തെറ്റായ തെരഞ്ഞെടുപ്പായിരുന്നുവെന്നും പിന്നാക്ക ചിന്താഗതി പുലർത്തുന്ന ഒന്നായിരുന്നുവെന്നും താരം അഭിപ്രായപ്പെട്ടു.
ചിത്രത്തിൽ ദീപിക പദുകോൺ അവതരിപ്പിച്ച 'വെറോണിക്ക', ഡയാന പെന്റി അവതരിപ്പിച്ച 'മീര' എന്നീ രണ്ട് സ്ത്രീ കഥാപാത്രങ്ങൾക്കിടയിൽ നിലപാടുകളിൽ പതറുന്ന ഗൗതം എന്ന കഥാപാത്രമായാണ് സെയ്ഫ് അഭിനയിച്ചത്. ആധുനിക രീതിയിൽ ജീവിക്കുന്ന വെറോണിക്കയെക്കാൾ പരമ്പരാഗത വേഷവും ശൈലിയുമുള്ള മീരയോട് ഗൗതം പ്രണയം തോന്നി അടുക്കുന്നതാണ് കഥാതന്തു. എന്നാൽ ഒരു പുരുഷൻ തന്റെ പങ്കാളിയെ അളക്കുന്ന ഇത്തരം കാഴ്ചപ്പാടുകൾ അല്പം പിന്നാക്ക ചിന്താഗതി നിറഞ്ഞതാണെന്നാണ് സെയ്ഫ് ഇപ്പോൾ ചൂണ്ടിക്കാണിക്കുന്നത്.
ചിത്രം വലിയ വാണിജ്യ വിജയം നേടിയിരുന്നെങ്കിലും, അന്നത്തെ തന്റെ പ്രായത്തിനും ചിന്തകൾക്കും ആ കഥാപാത്രം പൂർണമായി അനുയോജ്യമായിരുന്നില്ലെന്ന് താരം കൂട്ടിച്ചേർത്തു. അത്തരം കഥാപാത്രങ്ങൾ ചെയ്യുന്നതിനേക്കാൾ മികച്ചതും കാമ്പുള്ളതുമായ വേഷങ്ങൾ തെരഞ്ഞെടുക്കേണ്ടിയിരുന്നുവെന്നാണ് സെയ്ഫിന്റെ പുതിയ തുറന്നുപറച്ചിൽ.
ഹോമി അദജാനിയ സംവിധാനം ചെയ്ത 'കോക്ടെയിൽ' അക്കാലത്ത് യുവജനങ്ങൾക്കിടയിൽ തരംഗമായ ചിത്രങ്ങളിൽ ഒന്നായിരുന്നു. എങ്കിലും വർഷങ്ങൾക്കിപ്പുറം സ്വന്തം കഥാപാത്രത്തിലെ നിലപാടുകളിലെ പോരായ്മകൾ പരസ്യമായി സമ്മതിച്ച സെയ്ഫ് അലി ഖാന്റെ വിലയിരുത്തൽ ചലച്ചിത്ര ലോകത്ത് വലിയ ശ്രദ്ധ നേടുകയാണ്.