ആക്ഷന്‍ സിനിമകളില്‍ കാറുകള്‍ പറത്തുന്ന സംവിധായകന്‍ രോഹിത് ഷെട്ടി ഇതാ ജീവിതത്തില്‍ ഒരു യഥാര്‍ഥ 'ബീസ്റ്റിനെ' സ്വന്തമാക്കിയിരിക്കുന്നു. തന്റെ ആഡംബര വാഹനശേഖരത്തിലേക്ക് യുഎസ് കരുത്തനായ ജിഎംസി ഹമ്മര്‍ ഇവി ആണ് രോഹിത് പുതുതായി എത്തിച്ചിരിക്കുന്നത്. ഏകദേശം 4.57 കോടി രൂപയാണ് ഈ അത്യാധുനിക ഇലക്ട്രിക് എസ്.യു.വിയുടെ ഇന്ത്യയിലെ വില.
മുംബൈ നഗരത്തിലൂടെ ഓറഞ്ച് നിറത്തിലുള്ള തന്റെ പുത്തന്‍ ഹമ്മര്‍ ഓടിച്ചുപോകുന്ന രോഹിതിന്റെ വീഡിയോ ഇതിനോടകം സോഷ്യല്‍ മീഡിയയില്‍ വൈറലായി. ആക്ഷന്‍ സിനിമകളിലെ ഹീറോ എന്‍ട്രികളെ അനുസ്മരിപ്പിക്കുന്ന വിധം ഗാംഭീര്യമുള്ള ലുക്കാണ് ഈ വാഹനത്തിനുള്ളത്. പരിസ്ഥിതി സൗഹൃദമാണെങ്കിലും കരുത്തിന്റെ കാര്യത്തില്‍ ഹമ്മര്‍ ഇവി ഒട്ടും പിന്നിലല്ല.
വെറും 3.5 സെക്കന്‍ഡില്‍ പൂജ്യത്തില്‍നിന്ന് 100 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ ഈ ഭീമന്‍ വാഹനത്തിന് സാധിക്കും. ഒറ്റത്തവണ ചാര്‍ജ് ചെയ്താല്‍ ഏകദേശം 505 കിലോമീറ്റര്‍ ദൂരം സഞ്ചരിക്കാം. ഏകദേശം 4,500 കിലോ ഭാരമുണ്ടെങ്കിലും റോഡില്‍ മിന്നല്‍ വേഗത്തിലാണ് ഈ ഇലക്ട്രിക് കരുത്തന്‍ പായുന്നത്.
വാഹനങ്ങളോടുള്ള പ്രിയം തന്റെ സിനിമകളിലും ജീവിതത്തിലും രോഹിത് ഷെട്ടി മറച്ചുവയ്ക്കാറില്ല. പുതിയ ഹമ്മറിന് പുറമെ കോടികള്‍ വിലമതിക്കുന്ന വമ്പന്‍ വാഹനനിര തന്നെ രോഹിത്തിനുണ്ട്. ലംബോര്‍ഗിനി ഉറൂസ്, മെഴ്സിഡസ് ബെന്‍സ്, റേഞ്ച് റോവര്‍ സ്‌പോര്‍ട്, ഫോര്‍ഡ് മസ്റ്റാങ് തുടങ്ങിയവയാണ് പ്രധാന കാറുകള്‍.
'സിങ്കം എഗെയ്ന്‍' എന്ന വന്‍ വിജയത്തിന് ശേഷം രോഹിത് ഷെട്ടി തന്റെ അടുത്ത ദൗത്യത്തിലാണ്. മുംബൈ മുന്‍ പോലീസ് കമ്മീഷണര്‍ രാകേഷ് മരിയയുടെ ജീവിതത്തെ ആസ്പദമാക്കി ഒരുക്കുന്ന ആക്ഷന്‍ ചിത്രത്തിന്റെ തിരക്കിലാണദ്ദേഹം. ജോണ്‍ എബ്രഹാം രാകേഷ് മരിയയായി എത്തുമ്പോള്‍ തമന്ന ഭാട്ടിയയാണ് നായികയായി എത്തുന്നത്. 26/11 ഭീകരാക്രമണത്തിന്റെ പശ്ചാത്തലവും പോലീസ് കണ്‍ട്രോള്‍ റൂമിലെ സംഭവങ്ങളും പുനരാവിഷ്‌കരിക്കുന്ന ചിത്രം രോഹിത് ഷെട്ടിയുടെ ആദ്യ ബയോപിക് കൂടിയാണ്.