റാസ മുറാദ്,ഷാരൂഖ് ഖാൻ  ഫോട്ടോകടപ്പാട്-ഐഎംഡിബി,No Smoking poster, Dabboo Ratnani/Facebook
Bollywood

'സ്മോക്കിങ് ഈസ് നോട്ട് ഇൻജൂറിയസ് ടു ഷാരൂഖ്': അമ്പരന്ന് റാസ മുറാദ്

പപ്പപ്പ റിപ്പോര്‍ട്ടര്‍

ദിവസവും എൺപതോളം സിഗരറ്റുകള്‍ വലിച്ചിട്ടും സൂപ്പര്‍താരം ഷാരൂഖ് ഖാന്‍ എങ്ങനെ ഇത്രയും ഊര്‍ജസ്വലനായി നിലനില്‍ക്കുന്നു എന്നതില്‍ തനിക്ക് അമ്പരപ്പുണ്ടെന്ന് മുതിര്‍ന്ന നടന്‍ റാസ മുറാദ്. ഷാരൂഖ് ഖാനൊപ്പം അഭിനയിച്ചിട്ടുള്ള റാസ മുറാദ് ഒരു അഭിമുഖത്തിലാണ് ഷാരൂഖിനെക്കുറിച്ച് ചില വെളിപ്പെടുത്തലുകള്‍ നടത്തിയത്.

ഷാരൂഖ് ഖാന്‍ അതുല്യ പ്രതിഭയാണെന്ന് അഭിനയിക്കുമ്പോള്‍ തോന്നാറുണ്ടെന്ന് റാസ മുറാദ് പറഞ്ഞു. ആരോഗ്യത്തിന് അതീവ ഹാനികരവും ശരീരത്തിന്റെ കരുത്ത് ചോര്‍ത്തിക്കളയുന്നതുമായ സിഗരറ്റുകള്‍ ധാരാളം വലിച്ചിട്ടും അദ്ദേഹം എങ്ങനെ ഇത്ര ഊര്‍ജസ്വലനായിരിക്കുന്നു എന്നത് മനസിലാക്കാന്‍ കഴിയുന്നില്ലെന്നും, ഇത്രയധികം ഊര്‍ജം എവിടെ നിന്നാണ് ഉണ്ടാക്കുന്നതെന്ന് ആശ്ചര്യപ്പെടുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഷാരൂഖ് ഖാൻ

അമിതാഭ് ബച്ചനു ശേഷം ഇത്രയധികം കരുത്തുള്ള മറ്റൊരു നടനെ താന്‍ കണ്ടിട്ടില്ലെന്ന് റാസ മുറാദ് വ്യക്തമാക്കി. ഇതു ദൈവദത്തമായ കഴിവായിട്ടാണ് അദ്ദേഹം വിശേഷിപ്പിച്ചത്. പുതുതലമുറയിലെ അഭിനേതാക്കളില്‍ ആര്‍ക്കെങ്കിലും ഷാരൂഖിനൊപ്പം എത്താനാകുമോ എന്ന ചോദ്യത്തിന്, ഒരൊറ്റ ഹിറ്റ് സിനിമ മാത്രം നല്‍കിയവര്‍ക്ക് സൂപ്പര്‍താരത്തിന്റെ അടുത്തെത്താന്‍ കഴിയുമെന്ന് കരുതുന്നില്ലെന്ന് അദ്ദേഹം മറുപടി നല്‍കി. എന്നാല്‍ രണ്‍വീര്‍ സിങ്ങിന് അത്തരമൊരു സൂപ്പര്‍താരമായി വളരാനുള്ള കഴിവ് ഉണ്ടെന്നും റാസ മുറാദ് അഭിപ്രായപ്പെട്ടു.

ഷാരൂഖ് ഖാൻ

അതേസമയം, തന്റെ പുകവലി ശീലത്തെക്കുറിച്ച് ഷാരൂഖ് ഖാന്‍ മുമ്പ് പലപ്പോഴും തുറന്നുപറഞ്ഞിട്ടുണ്ട്. 2011-ലെ ഒരു അഭിമുഖത്തില്‍ ദിവസവും ഏകദേശം 100 സിഗരറ്റുകള്‍ വരെ വലിക്കാറുണ്ടെന്നും, ഭക്ഷണവും വെള്ളവും മറന്നുപോകാറുണ്ടെന്നും, 30 കപ്പ് ബ്ലാക്ക് കോഫി കുടിക്കാറുണ്ടെന്നും അദ്ദേഹം വെളിപ്പെടുത്തിയിരുന്നു. എന്നാല്‍ 2024 നവംബറില്‍ 59-ാം ജന്മദിനത്തോടനുബന്ധിച്ച് ഏകദേശം 30 വര്‍ഷത്തെ പുകവലി ശീലം അവസാനിപ്പിച്ചതായി ഷാരൂഖ് അറിയിച്ചിരുന്നു. പുകവലി നിര്‍ത്തിയ ശേഷവും ശ്വാസതടസം അനുഭവപ്പെടുന്നുണ്ടെന്നും, വര്‍ഷങ്ങളോളം പുകവലിച്ചതിനാല്‍ മറ്റുള്ളവര്‍ക്ക് ഉപദേശം നല്‍കാനോ സ്വയം മാതൃകയാകാനോ ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം അന്ന് വ്യക്തമാക്കിയിരുന്നു.