'മൈസ'യുടെ പോസ്റ്റര്‍ കടപ്പാട്-ഫേസ്ബുക്ക്
Bollywood

രക്തമൊഴുകുന്ന മുഖവുമായി രശ്മിക മന്ദാന; 'മൈസ' പോസ്റ്റര്‍ പുറത്ത്

പപ്പപ്പ റിപ്പോര്‍ട്ടര്‍

രശ്മിക മന്ദാന പ്രധാനകഥാപാത്രമാകുന്ന, 'മൈസ'യുടെ പോസ്റ്റര്‍ പുറത്തുവിട്ടു. വെള്ളിയാഴ്ചയാണ് രശ്മിക തന്റെ ചിത്രത്തിന്റെ പേരു പ്രഖ്യാപിച്ചത്. രശ്മികയുടെ ഇതുവരെ കാണാത്ത അപ്പിയറന്‍സ് ആണ് ചിത്രത്തിലേത്. രവീന്ദ്ര പുല്ലെ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന പാന്‍-ഇന്ത്യന്‍ ആക്ഷന്‍ എന്റര്‍ടെയ്നറാണ് 'മൈസ'. ദുൽഖർ സൽമാൻ ഉൾപ്പെടെയുള്ളവർ ചിത്രത്തിന്റെ പോസ്റ്റർ സമൂഹമാധ്യമത്തിൽ പങ്കുവെച്ചു. മലയാളം പോസ്റ്ററാണ് ദുൽഖർ ഷെയർ ചെയ്തത്. രശ്മികയുടെ വേഷപ്പകർച്ച ആരാധകര്‍ അദ്ഭുതത്തോടെ ഏറ്റെടുത്തു.

'മൈസ'യുടെ മലയാളം പോസ്റ്റര്‍

ആദ്യം പുറത്തുവിട്ട പോസ്റ്ററില്‍ രശ്മിക തന്റെ അവ്യക്തമായ ചിത്രം കാണിച്ചു പ്രേക്ഷകരെ വിസ്മയിപ്പിച്ചിരുന്നു. പുതിയ പോസ്റ്ററില്‍ രക്തം പുരണ്ട മുഖവുമായി, കൈയിലൊരു വാള്‍ പിടിച്ച് രൂക്ഷമായി നോക്കുന്നതാണ് ഉള്ളടക്കം. കഥാപാത്രത്തെക്കുറിച്ച് താരം ഇങ്ങനെ എഴുതി: 'ഞാന്‍ എപ്പോഴും നിങ്ങള്‍ക്ക് പുതിയതു നല്‍കാന്‍ ശ്രമിക്കാറുണ്ട്...വ്യത്യസ്തമായ എന്തെങ്കിലും...ആവേശകരമായ എന്തെങ്കിലും..ഇതും അത്തരത്തിലുള്ള ഒന്നാണ്...ഞാന്‍ ഇതുവരെ അഭിനയിച്ചിട്ടില്ലാത്ത കഥാപാത്രം...ഞാന്‍ ഒരിക്കലും കടന്നുചെന്നിട്ടില്ലാത്ത ലോകം...ഇതുവരെ ഞാന്‍ കണ്ടിട്ടില്ലാത്ത എന്റെ പതിപ്പ്...ഇത് കഠിനമാണ്.. തീവ്രമാണ്... ഇതൊരു തുടക്കം മാത്രമാണ്...'

അണ്‍ഫോര്‍മുല ഫിലിംസ് നിര്‍മിക്കുന്ന ചിത്രത്തില്‍ രശ്മിക യോദ്ധാവിന്റെ വേഷത്തിലാണ് അഭിനയിക്കുന്നത്. രണ്ടു വര്‍ഷത്തെ കഠിനാധ്വാനത്തിന്റെ ഫലമാണ് 'മൈസ' എന്ന് സംവിധായകന്‍ രവീന്ദ്ര പുല്ലെ പറഞ്ഞു.