ഇന്ത്യൻ സിനിമയുടെ ഭാവി ധുരന്ധർ 2 തീരുമാനിക്കും. രൺവീർ സിങ് ആവേശമായി മാറുമ്പോൾ പെയ്ഡ് പ്രിവ്യു ഷോ ആഘോഷമാക്കുകയാണ് ആരാധകർ, ആദ്യദിനം 100 കോടിയിലേക്കാണ് ധുരന്ധറിന്റെ കുതിപ്പ്.
ബി ടൗൺ സൂപ്പർതാരം രൺവീർ സിങ് നായകനാകുന്ന ആക്ഷൻ സ്പൈ ത്രില്ലർ ധുരന്ധർ : ദി റിവഞ്ച്' മാർച്ച് 19ന് ആണ് തിയേറ്ററുകളിലെത്തുന്നത്. മുംബൈയിൽ നടന്ന സിനിമയുടെ പ്രൗഢഗംഭീരമായ മ്യൂസിക് ലോഞ്ച് ചടങ്ങിൽ നായകൻ രൺവീർ സിങ് നടത്തിയ പരാമർശങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമാവുകയാണ്.
'ഇന്ത്യൻ സിനിമയുടെ ഭാവി ഇനി ധുരന്ധർ: ദ് റിവഞ്ച്' തീരുമാനിക്കും...' എന്നാണ് ആരാധകരെ സാക്ഷിയാക്കി രൺവീർ പ്രഖ്യാപിച്ചത്. ആദ്യ ഭാഗത്തിനു പ്രേക്ഷകർ നൽകിയ ചരിത്രപരമായ വിജയത്തിനു താരം നന്ദി പറയുകയും ചെയ്തു. റെക്കോഡ് പ്രതീക്ഷിക്കുന്ന പെയ്ഡ് പ്രിവ്യൂ ആരംഭിച്ചു. പ്രിവ്യൂ ഷോകളിലൂടെ തന്നെ ചിത്രം പല ബോക്സ് ഓഫീസ് റെക്കോർഡുകളും തകർക്കുമെന്നാണ് ട്രേഡ് അനലിസ്റ്റുകളുടെ വിലയിരുത്തൽ.
പെയ്ഡ് പ്രിവ്യൂ ഉൾപ്പെടെ ആദ്യദിനം തന്നെ ഇന്ത്യയിൽനിന്നു മാത്രം 100 കോടി രൂപയിലധികം ചിത്രം കളക്ട് ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്. രൺവീർ സിങ്ങിനൊപ്പം സഞ്ജയ് ദത്ത്, മാധവൻ, അക്ഷയ് ഖന്ന, സാറ അർജുൻ ഉൾപ്പെടെയുള്ള വൻ താരനിര അണിനിരക്കുന്ന ഈ ചിത്രം ആദിത്യ ധർ ആണ് ഒരുക്കിയിരിക്കുന്നത്.