രണ്‍വീര്‍ സിങ് നായകനായ ആഗോളഹിറ്റ് ധുരന്ധറിന്റെ രണ്ടാംഭാഗം, 'ധുരന്ധര്‍: ദി റിവഞ്ച്' റിലീസിന് മുന്‍പേ ബോക്‌സ് ഓഫീസില്‍ ചരിത്രം കുറിക്കുന്നു. ആഗോളതലത്തില്‍ ചിത്രത്തിന്റെ അഡ്വാന്‍സ് ബുക്കിങ് ഇതിനകം 50 കോടി രൂപ പിന്നിട്ടു. വിദേശ വിപണികളില്‍ ബി ടൗണ്‍ ചിത്രത്തിനു വന്‍ സ്വീകാര്യതയാണ് ലഭിക്കുന്നത്.
ചൊവ്വാഴ്ച അവസാനിച്ച കണക്കുകള്‍ പ്രകാരം, വിദേശത്തെ ഓപ്പണിങ് വീക്കെന്‍ഡ് പ്രീ-സെയില്‍സ് ഏകദേശം 32.50 കോടി രൂപയാണ്. ആദ്യ ഭാഗം റിലീസ് വീക്കെന്‍ഡില്‍ വിദേശത്തുനിന്നു നേടിയ കളക്ഷന്‍ റെക്കോര്‍ഡ് രണ്ടാംഭാഗം ഇതിനകം മറികടന്നുകഴിഞ്ഞു. അമേരിക്കയില്‍ ഏകദേശം എട്ടുകോടിയോളം രൂപ നേടി.
പ്രീമിയര്‍ ഷോകളില്‍നിന്നു മാത്രം എട്ടു കോടിയോളം രൂപയാണു നേടിയത്. ഒരു ബോളിവുഡ് ചിത്രത്തിന് വിപണിയില്‍ ലഭിക്കുന്ന എക്കാലത്തെയും ഉയര്‍ന്ന അഡ്വാന്‍സ് ബുക്കിങ് ആണിത്. ഓസ്‌ട്രേലിയയിലും കാനഡയിലും കോടികളാണ് ചിത്രം വാരിക്കൂട്ടുന്നത്. ഷാരൂഖ് ഖാന്‍ ചിത്രങ്ങളായ 'പത്താന്‍', 'ജവാന്‍' എന്നിവയ്ക്ക് സമാനമായ പ്രകടനമാണ് ജര്‍മനിയില്‍ ചിത്രം കാഴ്ചവയ്ക്കുന്നത്.
ഇന്ത്യന്‍ വിപണിയില്‍ നിന്ന് ഏകദേശം 16 കോടി രൂപയിലേറെയാണ് അഡ്വാന്‍സ് ബുക്കിങ് വഴി ലഭിച്ചിരിക്കുന്നത്. ആഗോളതലത്തില്‍ ടിക്കറ്റ് വില്പന 150 കോടി രൂപയിലധികം നേടി അവസാനിക്കുമെന്നാണ് ട്രേഡ് അനലിസ്റ്റുകളുടെ പ്രവചനം. ഇന്ത്യയിലെ വീക്കെന്‍ഡ് ബുക്കിങ് കൂടി തുറക്കുന്നതോടെ ഈ തുക 200 കോടി കടക്കാനും സാധ്യതയുണ്ട്. ആദിത്യ ധര്‍ സംവിധാനം ചെയ്ത ചിത്രം മാര്‍ച്ച് 19-ന് ലോകമെമ്പാടുമുള്ള തിയറ്ററുകളില്‍ റിലീസ് ചെയ്യും. മലയാളത്തിലും ചിത്രം റിലീസ് ചെയ്യുന്നുണ്ട്.