നിതേഷ് തിവാരി സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രം രാമായണത്തിൽ ശ്രീരാമനായി വേഷമിടാൻ താൻ ആദ്യം ഭയന്നിരുന്നതായി വെളിപ്പെടുത്തി ബി ടൗൺ സൂപ്പർതാരം രൺബീർ കപുർ. വേഷം ചെയ്യാൻ തനിക്ക് മതിയായ യോഗ്യതയില്ലെന്നും കഥാപാത്രത്തോടു പൂർണമായി നീതി പുലർത്താൻ കഴിയില്ലെന്നുമായിരുന്നു തന്റെ ആദ്യ പ്രതികരണമെന്ന് ന്യൂയോർക്കിൽ നടന്ന പ്രമോഷൻ പരിപാടിയിൽ രൺബീർ പറഞ്ഞു. എന്നാൽ ജീവിതത്തിലെ ചില മാറ്റങ്ങളും മകൾ റാഹയുടെ ജനനവുമാണ് തീരുമാനം മാറ്റാൻ കാരണമായതെന്നും താരം കൂട്ടിച്ചേർത്തു.
മകൾ ജനിച്ചതോടെ ജീവിതശൈലിയിൽ വലിയ മാറ്റങ്ങൾ ആവശ്യമാണെന്ന് തോന്നിയ സമയത്താണ് രാമായണം തന്നെ തേടിയെത്തിയത്. ശ്രീരാമനെ അവതരിപ്പിക്കുന്നതും പിതാവായതും ജീവിതത്തിലെ വലിയൊരു വഴിത്തിരിവായി മാറിയെന്ന് രൺബീർ പറഞ്ഞു. നാല് വർഷം മുൻപ് നിർമാതാവ് നമിത് മൽഹോത്ര വേഷം വാഗ്ദാനം ചെയ്തപ്പോൾ തോന്നിയ ഭയം പിന്നീട് നന്ദിയായി മാറിയെന്നും അദ്ദേഹം വ്യക്തമാക്കി. 2022-ലാണ് രൺബീറിനും ആലിയ ഭട്ടിനും മകൾ റാഹ ജനിച്ചത്.
ഇന്ത്യൻ സിനിമ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് 'രാമായണ'. അടുത്തിടെ പുറത്തിറങ്ങിയ ചിത്രത്തിന്റെ ആദ്യ ദൃശ്യങ്ങൾ വലിയ സ്വീകാര്യതയാണ് നേടിയത്. യാഷ് (രാവണൻ), സായ് പല്ലവി (സീത), രവി ദുബെ (ലക്ഷ്മണൻ), സണ്ണി ഡിയോൾ (ഹനുമാൻ) എന്നിങ്ങനെ വൻ താരനിരയാണ് അണിനിരക്കുന്നത്. ഹാൻസ് സിമ്മറും എ.ആർ. റഹ്മാനും ചേർന്നാണ് ചിത്രത്തിനു സംഗീതം ഒരുക്കുന്നത്. രണ്ടു ഭാഗങ്ങളായാണ് ചിത്രം ഒരുങ്ങുന്നത്. ആദ്യ ഭാഗം ഒക്ടോബറിൽ തിയേറ്ററുകളിലെത്തും.