നിതേഷ് തിവാരിയുടെ സ്വപ്‌ന സിനിമയായ 'രാമായണ' ആദ്യ ഭാഗത്തിന്റെ ട്രെയിലര്‍ പുറത്തുവന്നതോടെ സോഷ്യല്‍ മീഡിയയിലും സിനിമാ പ്രേമികള്‍ക്കിടയിലും വലിയൊരു ആവേശ തിരയിളക്കമാണ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. സമാനതകളില്ലാത്ത ബോക്‌സ് ഓഫീസ് തരംഗത്തിനു വഴിയൊരുക്കുന്ന രണ്ടു ധ്രുവങ്ങളിലുള്ള താരങ്ങളുടെ സാന്നിധ്യമാണു ചിത്രത്തിന്റെ ഏറ്റവും വലിയ ഹൈലൈറ്റ്.
ഇന്ത്യന്‍ സിനിമയിലെ തന്നെ രണ്ടു ശക്തികള്‍ സ്‌ക്രീനില്‍ നേര്‍ക്കുനേര്‍ പോരാടാന്‍ ഒരുങ്ങുകയാണ്. ശാന്തവും പ്രഭാമയവുമായ ഭാവത്തില്‍ ശ്രീരാമനായി രണ്‍ബീര്‍ കപുറും, അത്യുഗ്രന്‍ ലുക്കിലും ഗാംഭീര്യത്തിലും മൂന്നു ലോകങ്ങളെയും വിറപ്പിക്കുന്ന രാവണനായി കന്നഡ സൂപ്പര്‍താരം യാഷും എത്തുമ്പോള്‍, തിയേറ്ററുകള്‍ അക്ഷരാര്‍ഥത്തില്‍ ഇളകിമറിയുമെന്ന് ഉറപ്പാണ്.
'ഇതിഹാസം ഇവിടെ ആരംഭിക്കുന്നു' എന്ന കുറിപ്പുകളോടെയാണ് ട്രെയിലറിലെ ഇവരുടെ പോരാട്ടദൃശ്യങ്ങള്‍ ആരാധകര്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമാക്കുന്നത്. രാവണന്റെ ഭീകരമായ സാന്നിധ്യവും അതിനെ പ്രതിരോധിക്കാന്‍ എത്തുന്ന ശ്രീരാമന്റെ അവതാരമഹിമയും കാണിക്കുന്ന ദൃശ്യങ്ങള്‍ക്ക് വന്‍ വരവേല്‍പ്പാണ് ലഭിക്കുന്നത്. ബിഗ് സ്‌ക്രീനില്‍ രണ്ടു വമ്പന്മാരുടെ മാറ്റുരയ്ക്കല്‍ കാണാന്‍ ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്.
നമിത് മല്‍ഹോത്ര ഏകദേശം 4,000 കോടി രൂപ മുതല്‍മുടക്കില്‍ നിര്‍മിക്കുന്ന ഈ ദൃശ്യവിസ്മയത്തിന് ആഗോള നിലവാരത്തിലുള്ള വിഎഫ്എക്‌സ് പശ്ചാത്തലവുമുണ്ട്. ഇന്ത്യന്‍ സിനിമയുടെ അടുത്ത അധ്യായം കുറിക്കുന്ന മഹായുദ്ധത്തിന്റെ ഒന്നാം ഭാഗം ഈ ദീപാവലിക്ക് തിയേറ്ററുകളിലെത്തും.