നിതേഷ് തിവാരിയുടെ ബ്രഹ്‌മാണ്ഡ ചിത്രം 'രാമായണ'ത്തിന്റെ ട്രെയിലര്‍ പുറത്തുവന്നതോടെ വന്‍ ആവേശത്തിലാണ് സിനിമാലോകം. ഇന്ത്യന്‍ സിനിമ കണ്ടതില്‍ ഏറ്റവും വലിയ ദൃശ്യവിസ്മയത്തിലേക്കു വാതില്‍ തുറക്കുന്നതായി ട്രെയിലര്‍.
സീതാ-രാമ കഥാപാത്രങ്ങളുടെ ദിവ്യത്വവും സൗന്ദര്യവും രണ്‍ബീറിലൂടെയും സായി പല്ലവിയിലൂടെയും തികച്ചും മനോഹരമായാണ് സ്‌ക്രീനില്‍ പുന:സൃഷ്ടിച്ചിരിക്കുന്നത്. ശ്രീരാമന്റെ ശാന്തവും സാത്വികവുമായ ഭാവങ്ങള്‍ രണ്‍ബീര്‍ കപുറില്‍ ഭദ്രമായിരിക്കുമ്പോള്‍, സായി പല്ലവിയുടെ സൗമ്യവും ലളിതവുമായ സാന്നിധ്യം സീതാദേവിയുടെ ഓര്‍മകളെ ഉണര്‍ത്തുന്നു. ഇരുവരും തമ്മിലുള്ള സ്‌ക്രീന്‍ കെമിസ്ട്രി പ്രേക്ഷകരുടെ മനം കവരുന്നതാണ്.
പ്രതാപവും ഗാംഭീര്യവും കൊണ്ട് രാവണനായി എത്തുന്ന കന്നഡ സൂപ്പര്‍ താരം യഷ് ട്രെയിലറിൽ നിറഞ്ഞുനിന്നു. പരമ്പരാഗത വില്ലന്‍ സങ്കല്പങ്ങളെ കാറ്റില്‍പ്പറത്തി, തികച്ചും വ്യത്യസ്തവും ശക്തവുമായ മാസ് പരിവേഷത്തിലാണ് യാഷ് ട്രെയിലറിലെത്തുന്നത്. മൂന്നു ലോകങ്ങളെയും വിറപ്പിക്കുന്ന രാവണന്റെ ഭാവങ്ങള്‍ ആരാധകരെ അക്ഷരാര്‍ഥത്തില്‍ കോരിത്തരിപ്പിക്കുന്നു.
ശ്രീരാമനു പുറമെ മഹാവിഷ്ണുവിന്റെ മറ്റൊരു അവതാരമായ പരശുരാമനായും രണ്‍ബീര്‍ വേഷമിടുന്നു. പരശുരാമന്‍ ശ്രീരാമന് വിഷ്ണുധനുസായ 'ശാര്‍ങ്ഗം' കൈമാറുന്ന രംഗം ചിത്രത്തിന്റെ പ്രധാന ഹൈലൈറ്റാണ്
രവി ദുബെ (ലക്ഷ്മണന്‍), അരുണ്‍ ഗോവില്‍ (ദശരഥന്‍), ലാറ ദത്ത (കൈകേയി), രാകുല്‍ പ്രീത് സിങ് (ശൂര്‍പ്പണഖ), ശോഭന (കൈകേയി), വിവേക് ഒബ്റോയ് (വിദ്യുജിഹ്വന്‍) എന്നിങ്ങനെ വന്‍ താരനിരയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്. സണ്ണി ഡിയോള്‍ അവതരിപ്പിക്കുന്ന ഹനുമാന്‍ കഥാപാത്രത്തെ ആദ്യ ട്രെയിലറില്‍നിന്നു മാറ്റിനിര്‍ത്തിയതു വരും ഭാഗങ്ങള്‍ക്കായുള്ള വലിയൊരു സര്‍പ്രൈസായി കണക്കാക്കപ്പെടുന്നു.
നമിത് മല്‍ഹോത്രയുടെ ദൃശ്യവിസ്മയം രണ്ടു ഭാഗങ്ങളിലായി ഏകദേശം 4,000 കോടി രൂപ ചെലവഴിച്ചാണ് ഒരുക്കുന്നത്. ഇന്ത്യന്‍ സിനിമാചരിത്രത്തിലെ റെക്കോഡ് ബജറ്റ് ആണിത്. ഓസ്‌കാര്‍ ജേതാക്കളായ ഹോളിവുഡ് ലെജന്‍ഡ് ഹാന്‍സ് സിമ്മറും എ.ആര്‍. റഹ്‌മാനും രാമായണത്തിനായി ഒന്നിക്കുന്നു. ഒന്നാം ഭാഗം 2026 ദീപാവലി റിലീസായി തിയേറ്ററുകളില്‍ എത്തും. രണ്ടാം ഭാഗം 2027 ദീപാവലിക്ക് റിലീസ് ചെയ്യും.