'രാമായണ' ഫാൻമേഡ് പോസ്റ്റർ സ്ക്രീൻ​ഗ്രാബ്
Bollywood

'രാമായണ'ത്തിന്റെ പ്രീപ്രൊഡക്ഷനിൽ വസിഷ്ഠയോഗശാസ്ത്രപഠനം വരെ

പപ്പപ്പ ഡസ്‌ക്‌

ലോകമെമ്പാടുമുള്ള ആരാധകര്‍ കാത്തിരിക്കുന്ന ചിത്രമാണ് 'രാമായണ'. രണ്‍ബീര്‍ കപുര്‍ ശ്രീരാമനായും സായ് പല്ലവി സീതയായും യാഷ് രാവണനായും വേഷമിടുന്ന ചിത്രത്തിന്റെ ചിത്രീകരണ വിശേഷങ്ങളാണ് ഓരോദിസവും പുറത്തുവരുന്നത്. ഇന്ത്യന്‍ വെള്ളിത്തിര ഇതുവരെ കാണാത്ത വിസ്മയമാണ് ചലച്ചിത്രാസ്വാദകര്‍ക്കായി അണിയറക്കാര്‍ ഒരുക്കുന്നത്. ഇപ്പോള്‍ പുറത്തുവരുന്ന വാര്‍ത്ത, ചിത്രത്തിനുവേണ്ടി സംവിധായകൻ നിതേഷ് തിവാരിയും നിർമാതാവ് നമിത് മല്‍ഹോത്രയും പുരാതന വസിഷ്ഠയോഗാശാസ്ത്രത്തില്‍ ഗവേഷണം നടത്തിയെന്നാണ്.

തിരക്കഥയില്‍ തെറ്റുകളോ പൊരുത്തക്കേടുകളോ ഇല്ലെന്ന് ഉറപ്പാക്കാനാണ് വസിഷ്ഠ യോഗാശാസ്ത്രങ്ങള്‍ ഗ്രഹിക്കാനായി അണിയറയിലെ പ്രമുഖര്‍ പണ്ഡിറ്റുകളെ സമീപിച്ചതും ഗവേഷണം നടത്തുകയും ചെയ്തത്. രാമായണത്തിലൂടെ, ഇതിഹാസകഥയെ വെള്ളിത്തിരയില്‍ അവതരിപ്പിക്കാനും പുരാതന സംസ്‌കാരം ഇന്നത്തെ യുവാക്കള്‍ക്ക് പരിചയപ്പെടുത്താനുമാണ് അണിയറപ്രവര്‍ത്തകര്‍ ലക്ഷ്യമിടുന്നത്.

'രാമായണ' രണ്ട് ഭാഗങ്ങളായാണു പുറത്തിറങ്ങുക. ആദ്യ ഭാഗം 2026 ദീപാവലിക്കും രണ്ടാം ഭാഗം 2027 ദീപാവലിക്കുമാണ് റിലീസ് ചെയ്യാന്‍ പദ്ധതിയിടുന്നത്. രണ്‍ബീര്‍, സായ് പല്ലവി, യാഷ് എന്നിവരെ കൂടാതെ, ഹനുമാനായി സണ്ണി ഡിയോള്‍, ലക്ഷ്മണനായി രവി ദുബെ, ദശരഥനായി അരുണ്‍ ഗോവില്‍, ശൂര്‍പ്പണഖയായി രാകുല്‍ പ്രീത് സിംഗ് എന്നിവരും അഭിനയിക്കുന്നു. ശോഭന,കുനാല്‍ കപുര്‍, ഷീബ ഛദ്ദ, അമിതാഭ് ബച്ചന്‍, ലാറാ ദത്ത, ആദിനാഥ് കൊത്താരെ തുടങ്ങിയവരും ചിത്രത്തില്‍ പ്രധാനവേഷങ്ങള്‍ കൈകാര്യം ചെയ്യുന്നു.

4,000 കോടിയിലേറെ രൂപയുടെ ബജറ്റിലാണ് രാമായണം ഒരുങ്ങുന്നത്. 150 കോടി രൂപയാണ് രണ്‍ബീറിന്റെ പ്രതിഫലമെന്നാണ് റിപ്പോര്‍ട്ട്.