'രാമായണ' ട്രെയിലറിൽ മഹാവിഷ്ണുവിന്റെ ദിവ്യധനുസായ 'ശാര്‍ങ്ഗം'കൈമാറുന്ന രം​ഗത്തിൽ പരശുരാമനായും ശ്രീരാമനായും രൺബീർ കപുർ സ്ക്രീൻ​ഗ്രാബ്
Bollywood

ഒരു സ്‌ക്രീനില്‍ രണ്ട് അവതാരങ്ങള്‍; 'രാമായണ'ത്തില്‍ ഇരട്ടവേഷത്തില്‍ രണ്‍ബീര്‍ കപുര്‍

പപ്പപ്പ ഡസ്‌ക്‌

നിതേഷ് തിവാരിയുടെ ബ്രഹ്‌മാണ്ഡ ചിത്രം 'രാമായണ'ത്തിന്റെ ട്രെയിലര്‍ പുറത്തുവന്നതിനു പിന്നാലെ സോഷ്യല്‍ മീഡിയയിലും സിനിമാപ്രേമികള്‍ക്കിടയിലും പുതിയൊരു ആവേശം അലതല്ലുകയാണ്. ചിത്രത്തില്‍ ശ്രീരാമനായി എത്തുന്ന രണ്‍ബീര്‍ കപുര്‍ ഇരട്ടവേഷത്തിലാണ് പ്രത്യക്ഷപ്പെടുന്നത് എന്ന വിവരമാണ് ആരാധകരെ അമ്പരപ്പിച്ചിരിക്കുന്നത്. ശ്രീരാമന് പുറമെ മഹാവിഷ്ണുവിന്റെ ആറാമത്തെ അവതാരമായ പരശുരാമനായും രണ്‍ബീര്‍ തന്നെയാണ് സ്‌ക്രീനിലെത്തുന്നത്.

ട്രെയിലറിലെ ഏറ്റവും വൈകാരികവും ശ്രദ്ധേയവുമായ ഒരു രംഗത്തിലാണ് സസ്‌പെന്‍സ് ഒളിപ്പിച്ചിരിക്കുന്നത്. സന്യാസിവര്യന്റെ ലുക്കിലുള്ള പരശുരാമന്‍ ശ്രീരാമനു മുന്നില്‍ മുട്ടുകുത്തി നിന്ന്, മഹാവിഷ്ണുവിന്റെ ദിവ്യധനുസായ 'ശാര്‍ങ്ഗം' കൈമാറുന്ന രംഗം കാഴ്ചക്കാരില്‍ വലിയ ദൃശ്യാനുഭൂതിയാണ് സൃഷ്ടിക്കുന്നത്. ആരും പെട്ടെന്ന് തിരിച്ചറിയാത്ത വിധത്തിലുള്ള വേഷപ്പകര്‍ച്ചയിലാണ് പരശുരാമനായി രണ്‍ബീര്‍ ഈ രംഗത്ത് തിളങ്ങുന്നത്.

രാമായണ ട്രെയിലറിൽ മഹാവിഷ്ണുവിന്റെ ദിവ്യധനുസായ 'ശാര്‍ങ്ഗം'കൈമാറുന്ന രം​ഗത്തിൽ പരശുരാമനായും ശ്രീരാമനായും രൺബീർ കപുർ

തീര്‍ത്തും വ്യത്യസ്തമായ ഭാവപ്പകര്‍ച്ചകളോടെ രണ്ടു പുരാണ കഥാപാത്രങ്ങളെ ഒരേ സ്‌ക്രീനില്‍ അവതരിപ്പിക്കുന്ന രണ്‍ബീറിന്റെ പ്രകടനത്തെ സോഷ്യല്‍ മീഡിയ ഒന്നടങ്കം ഏറ്റെടുത്തു കഴിഞ്ഞു. ശ്രീരാമന്റെ സാത്വിക ഭാവവും പരശുരാമന്റെ പ്രതാപവും ഒരേപോലെ പ്രതിഫലിപ്പിക്കുന്ന രംഗങ്ങള്‍ തിയേറ്ററുകളില്‍ ഭക്തിയും ആവേശവും വിതറും. ഏകദേശം 4,000 കോടി രൂപ ചെലവഴിച്ച് രണ്ടു ഭാഗങ്ങളായി ഒരുങ്ങുന്ന രാമായണ ഇന്ത്യന്‍ സിനിമയിലെ തന്നെ ഏറ്റവും വലിയ പ്രോജക്ടാണ്.