ആരാധകരെയും ഇന്ത്യന്‍ ചലച്ചിത്രലോകത്തെയും ഞെട്ടിച്ച് ഇന്ത്യന്‍ ഇതിഹാസചിത്രം 'രാമായണ'ത്തിന്റെ ആദ്യദൃശ്യങ്ങള്‍ പുറത്തുവന്നു. അതിഗംഭീര പ്രൊമോ ലോഞ്ച് ആണ് നടന്നത്. ആദ്യ ദൃശ്യങ്ങള്‍ കണ്ട് ബോളിവുഡ് അക്ഷരാര്‍ഥത്തില്‍ ഞെട്ടി! മുംബൈ, ഡല്‍ഹി, ചെന്നൈ, ഹൈദരാബാദ്, കൊല്‍ക്കത്ത, ബംഗളൂരു തുടങ്ങി ഇന്ത്യയിലെ ഏറ്റവും പ്രധാനപ്പെട്ട ഒമ്പത് നഗരങ്ങളില്‍ രാമായണത്തിന്റെ ഫസ്റ്റ് ഗ്ലിംപ്സ് റിലീസ് ചെയ്തു. 850 കോടി രൂപയോളമാണ് ചിത്രത്തിന്റെ മുതല്‍മുടക്ക്!
രണ്‍ബീര്‍ കപുറും യാഷും ആദ്യമായി ഒന്നിക്കുന്ന ദൃശ്യകാവ്യം മികച്ച ക്യാന്‍വാസില്‍ അണിയിച്ചൊരുക്കാനാണ് സംവിധായകന്‍ നിതീഷ് തിവാരിയും നിര്‍മാതാക്കളും ശ്രമിക്കുന്നത്. പുരാണത്തിലെ വലിയ ശക്തികളായ ശ്രീരാമനും രാവണനും തമ്മിലുള്ള ഐതിഹാസിക യുദ്ധങ്ങളും ഏറ്റുമുട്ടലുകളും പുത്തന്‍ കാഴ്ചകളിലൂടെ മറക്കാനാകാത്ത ദൃശ്യാനുഭവമായി പ്രേക്ഷകരിലേക്ക് എത്തിക്കാനാണ് ശ്രമം. ദീര്‍ഘവീക്ഷണമുള്ള ഫിലിം മേക്കറും നിര്‍മാതാവുമായ നമിത് മല്‍ഹോത്രയുടെ നേതൃത്വത്തില്‍ യാഷ് സഹനിര്‍മാതാവായി അണിയറയില്‍ പുരോഗമിക്കുന്ന രാമായണ സിനിമയില്‍ ഓസ്‌കാര്‍ ജേതാക്കളായ സാങ്കേതിക വിദഗ്ദ്ധരും ഹോളിവുഡിലെ തന്നെ ഏറ്റവും മികച്ച സാങ്കേതികപ്രവർത്തകരും ലോകോത്തര നിലവാരമുള്ള വന്‍ താരനിരയുമുണ്ട്.
ലോകത്തിലെ തന്നെ ശക്തമായ ഇതിഹാസങ്ങളിലൊന്നിനെ ഇന്ത്യന്‍ സംസ്‌കാരത്തില്‍ വേരൂന്നി അതിനൂതന സിനിമാറ്റിക് അനുഭവത്തില്‍ ലോകത്തിനായി പുനരാവിഷ്‌കരിച്ചിരിക്കുകയാണ് നിതീഷ് തിവാരിയും സംഘവും. പ്രൈം ഫോക്കസിന്റെ സ്ഥാപകനും, ചലച്ചിത്ര നിര്‍മാതാവുമായ നമിത് മല്‍ഹോത്ര പറയുന്നു- 'ലോകമെമ്പാടുമുള്ള ഓരോ ഇന്ത്യക്കാരനും വേണ്ടിയുള്ള സാംസ്‌കാരിക മുന്നേറ്റമാണിത്. രാമായണത്തിലൂടെ, ഞങ്ങള്‍ ചരിത്രം പുനരാഖ്യാനിക്കുക മാത്രമല്ല; ലോകത്തിന് ഞങ്ങളുടെ പൈതൃകം പരിചയപ്പെടുത്തുക കൂടിയാണ്. മുമ്പ് രാമായണം ചിത്രീകരിച്ചിരിക്കുന്നത് നമ്മള്‍ കണ്ടിട്ടുണ്ടെങ്കിലും, അതില്‍ നിന്നെല്ലാം വ്യത്യസ്തമായി ഈ പതിപ്പില്‍ ഒരോ കഥാപാത്രവും, കഥാഗതിയും, മറ്റ് ഘടഗങ്ങളും അതിന്റെ തനത് ശൈലിയില്‍ പുനരാവിഷ്‌കരിക്കുകയെന്നതാണ് ഞങ്ങള്‍ ലക്ഷ്യമിടുന്നത്.'
രണ്‍ബീര്‍ കപുര്‍ ആണ് ചിത്രത്തില്‍ ശ്രീരാമനായി എത്തുന്നത്. സായ് പല്ലവി സീതയായും വേഷമിടും. യാഷ് ആണ് രാവണനാകും. സണ്ണി ഡിയോള്‍ ഹനുമാനായും രവി ദുബെ ലക്ഷ്മണനായും എത്തുന്നു. ഹാന്‍സ് സിമ്മര്‍, എആര്‍ റഹ്‌മാന്‍ എന്നിവരാണ് സിനിമയുടെ പശ്ചാത്തലസംഗീതം ഒരുക്കിയത്. രണ്ട് ഭാഗങ്ങളുള്ള ചിത്രമായാണ് രാമായണം പുറത്തിറങ്ങുക. ആദ്യ ഭാഗം 2026ല്‍ ദീപാവലി റിലീസായും രണ്ടാം ഭാഗം 2027ല്‍ ദീപാവലി റിലീസായും പ്രേക്ഷകരിലേക്കെത്തും.