'രാമായണ'പോസ്റ്റർ കടപ്പാട്-ഫേസ്ബുക്ക്
Bollywood

ബോക്സ് ഓഫീസ് ഇതിഹാസമായി 'രാമായണ' 2000 കോടിയിലേക്ക്

പപ്പപ്പ റിപ്പോര്‍ട്ടര്‍

രൺബീർ കപുറും യഷും സായ് പല്ലവിയും പ്രധാന വേഷങ്ങളിലെത്തുന്ന 'രാമായണ പാർട്ട് 1' ആഗോള ബോക്സ് ഓഫീസിൽ 1500 കോടി രൂപയുടെ നേട്ടത്തോടടുക്കുന്നു. നിതേഷ് തിവാരി സംവിധാനം ചെയ്ത ചിത്രം ഹിന്ദി വിപണിയിൽ മികച്ച പ്രകടനമാണ് കാഴ്ചവെക്കുന്നത്. എന്നാൽ ദക്ഷിണേന്ത്യൻ വിപണികളിൽ, പ്രത്യേകിച്ച് തെലുങ്കിൽ, ചിത്രത്തിന്റെ കളക്ഷൻ വേഗം കുറഞ്ഞിട്ടുണ്ട്. ബോളിവുഡിന് പിന്നാലെ ചിത്രത്തിന് വലിയ വിപണിയായി കണക്കാക്കപ്പെടുന്ന മേഖലയാണ് തെലുങ്ക്.

അതേസമയം കേരളത്തിൽ ചിത്രം മികച്ച പ്രകടനം തുടരുന്നത് ശ്രദ്ധേയമാണ്. ദക്ഷിണേന്ത്യയിലെ മറ്റ് വിപണികളിൽ പുതിയ സിനിമകളുടെ റിലീസുകൾ എത്തിയെങ്കിലും 'രാമായണ'യുടെ കളക്ഷനിൽ കാര്യമായ കുറവുവന്നിട്ടില്ല.

നിലവിലെ ബോക്സ് ഓഫീസ് ട്രെൻഡ് പരിഗണിക്കുമ്പോൾ 2000 കോടി രൂപയുടെ ആഗോള കളക്ഷൻ എന്ന നാഴികക്കല്ലിലെത്തുക അസാധ്യമല്ലെന്നും വിലയിരുത്തപ്പെടുന്നു. വിദേശ വിപണികളിൽ ചിത്രം പതുക്കെ കൂടുതൽ സ്വീകാര്യത നേടുന്നുണ്ട്. പുതിയ രാജ്യങ്ങളിലേക്ക് റിലീസ് വ്യാപിപ്പിക്കുന്നതും കളക്ഷനിൽ മുന്നേറ്റമുണ്ടാക്കുമെന്നാണ് പ്രതീക്ഷ.

'രാമായണ'യിൽ രൺബീർ കപുറിന്റെ ക്യാരക്ടർ പോസ്റ്റർ

വരുന്ന ദിവസങ്ങളിലെ കളക്ഷൻ കണക്കുകളാകും 2000 കോടി എന്ന വമ്പൻ നേട്ടത്തിലേക്ക് 'രാമായണ'യ്ക്ക് എത്താനാകുമോ എന്ന് വ്യക്തമാക്കുക. അങ്ങനെ സംഭവിച്ചാൽ ആഗോള ബോക്സ് ഓഫീസിൽ എക്കാലത്തെയും വലിയ റെക്കോഡുകളിലൊന്ന് സ്വന്തമാക്കാനും ചിത്രത്തിന് കഴിയും.

1500 കോടി രൂപയുടെ ആഗോള കളക്ഷൻ പിന്നിട്ടതോടെ ചിത്രം സാമ്പത്തികമായി സുരക്ഷിതമായ നിലയിലെത്തിയെന്നാണ് മൊത്തത്തിലുള്ള ബോക്സ് ഓഫീസ് കണക്കുകൾ സൂചിപ്പിക്കുന്നത്. ചില വിപണികളിൽ ഇപ്പോഴും ബ്രേക്ക് ഈവൻ ലക്ഷ്യം കൈവരിക്കാനുണ്ടെങ്കിലും ചിത്രത്തിന്റെ ആകെ പ്രകടനം നിർമ്മാതാക്കൾക്ക് ആശ്വാസം നൽകുന്നതാണ്. 'രാമായണ'യുടെ ഈ വിജയം രണ്ടാം ഭാഗത്തെക്കുറിച്ചുള്ള പ്രേക്ഷക പ്രതീക്ഷകളും വർധിപ്പിച്ചിട്ടുണ്ട്. ചിത്രം നിർമിച്ചത് നമിത് മൽഹോത്രയാണ്.