നിതേഷ് തിവാരി സംവിധാനം ചെയ്ത 'രാമായണ'യുടെ റിലീസിന് ശേഷം കൊല്ലം ജടായു പാറയില്‍ സന്ദര്‍ശകരുടെ എണ്ണത്തില്‍ വന്‍ വര്‍ധന. ഗോവ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തോടനുബന്ധിച്ച് നടക്കുന്ന വേവ്സ് ഫിലിം ബസാറില്‍ ടൂറിസം മന്ത്രാലയം ജോയിന്റ് സെക്രട്ടറി ഹരികിഷോര്‍ എസ്. ആണ് ഇക്കാര്യം അറിയിച്ചത്.
കേരളത്തിലെ ലൊക്കേഷനെ സിനിമയുടെ പേരുമായി ചേര്‍ത്ത് ബ്രാന്‍ഡ് ചെയ്യുന്നത് കൂടുതല്‍ സഞ്ചാരികളെ ആകര്‍ഷിക്കാന്‍ സഹായിക്കുമെന്ന് വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം ജോയിന്റ് സെക്രട്ടറി പ്രിതുല് കുമാര്‍ പറഞ്ഞു. മുന്‍കാല ഹിറ്റ് സിനിമകളുടെ പത്തു ലൊക്കേഷനുകള്‍ തിരഞ്ഞെടുത്ത് ബ്രാന്‍ഡ് ചെയ്യാന്‍ വിവിധ സംസ്ഥാനങ്ങളോട് മന്ത്രാലയം ആവശ്യപ്പെട്ടിട്ടുണ്ടെന്നും, മണിരത്നത്തിന്റെ 1995-ലെ 'ബോംബെ' എന്ന ചിത്രത്തിലെ 'ഉയിരേ' ഗാനരംഗം ചിത്രീകരിച്ച ബേക്കല്‍ കോട്ട ഇതിന് ഉദാഹരണമായി ചൂണ്ടിക്കാണിക്കാമെന്നും അദ്ദേഹം പറഞ്ഞു.
രാവണനുമായുള്ള യുദ്ധത്തിനുശേഷം ജടായു വീണതായി പുരാണങ്ങളില്‍ വിശ്വസിക്കപ്പെടുന്ന സ്ഥലമാണ് കേരളത്തിലെ ജടായു പാറ. ചിത്രത്തിലെ ഈ സംഘട്ടന രംഗം പ്രേക്ഷകര്‍ ഏറെ ശ്രദ്ധിച്ച പ്രധാന ഭാഗങ്ങളിലൊന്നാണ്.
രണ്‍ബീര്‍ കപുര്‍ ശ്രീരാമനായും, യഷ് രാവണനായും, സായ് പല്ലവി സീതയായും എത്തുന്ന ചിത്രത്തില്‍ ജടായുവിന് ശബ്ദം നല്‍കിയിരിക്കുന്നത് അനുപം ഖേറാണ്. 'ദംഗല്‍' എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ നിതേഷ് തിവാരി സംവിധാനം ചെയ്ത ചിത്രത്തിന്റെ ദൃശ്യഭംഗി വര്‍ധിപ്പിക്കുന്നതില്‍ ഐമാക്സ് സ്ക്രീനുകളുടെ ഉപയോഗം നിര്‍ണായകമായെന്ന് നിരൂപകര്‍ വിലയിരുത്തുന്നു.
ഗോവ ഐഎഫ്എഫ്ഐയിലെ 'ഫിലിംസ് ഫ്രം ബ്രിക്സ്' വിഭാഗം ഉദ്ഘാടനം ചെയ്തുകൊണ്ട് 'രാമായണ' പ്രദര്‍ശിപ്പിച്ചിരുന്നു. ചിത്രത്തിന്റെ രണ്ടാം ഭാഗം 2028 ദീപാവലിക്ക് തിയേറ്ററുകളില്‍ റിലീസ് ചെയ്യാനാണ് പദ്ധതിയിട്ടിരിക്കുന്നത്.