രൺബീർ കപുർ, സായ് പല്ലവി, യഷ് എന്നിവർ പ്രധാന വേഷങ്ങളിലെത്തിയ നിതേഷ് തിവാരിയുടെ 'രാമായണ' ബോക്സ് ഓഫീസിൽ ചരിത്രനേട്ടം കുറിച്ചു. റിലീസിന്റെ 23-ാം ദിനമായപ്പോഴേക്കും ഇന്ത്യയിൽ നിന്ന് 1,000 കോടി നെറ്റ് കളക്ഷൻ എന്ന നാഴികക്കല്ല് ചിത്രം പിന്നിട്ടു. നിലവിൽ 1,000.55 കോടി രൂപ പിന്നിട്ടിക്കുകയാണ് ആഭ്യന്തര നെറ്റ് കളക്ഷൻ. ഗ്രോസ് കളക്ഷൻ 1,195.10 കോടി രൂപയും.
ലോകമെമ്പാടുമായി 'രാമായണ' ഇതിനോടകം 1,790.10 കോടി രൂപ ഗ്രോസ് കളക്ഷൻ സ്വന്തമാക്കി. ഇതോടെ 1,788.06 കോടി രൂപ ലൈഫ് ടൈം കളക്ഷനുണ്ടായിരുന്ന 'ബാഹുബലി 2'-നെ മറികടന്ന് എക്കാലത്തെയും മികച്ച മൂന്നാമത്തെ ഇന്ത്യൻ ചിത്രമായി 'രാമായണ' മാറി. നവംബർ അഞ്ചിനാണ് 'രാമായണ പാർട്ട് 1' തിയേറ്ററുകളിൽ എത്തിയത്.
സാക്നിൽക്കിന്റെ കണക്കുകൾ പ്രകാരം 23-ാം ദിവസം 6,584 ഷോകളിൽ നിന്നായി 8.45 കോടി രൂപയാണ് ചിത്രം നെറ്റ് നേടിയത്. ഇതിൽ 5.00 കോടി രൂപയും 4,976 ഷോകളുള്ള ഹിന്ദി പതിപ്പിൽ നിന്നാണ്. കന്നഡയിൽ നിന്ന് 1.25 കോടിയും, തമിഴിൽ നിന്ന് 1.05 കോടിയും, മലയാളത്തിൽ നിന്ന് 1 കോടിയും, തെലുങ്കിൽ നിന്ന് 15 ലക്ഷം രൂപയും 23-ാം ദിവസം ലഭിച്ചു. വിദേശ വിപണിയിൽനിന്ന് ഇതുവരെ 595.00 കോടി രൂപയാണ് ചിത്രം ഗ്രോസ് നേടിയത്.
തിയേറ്റർ പ്രദർശനം ഒരു മാസം പൂർത്തിയാക്കാൻ ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ, നിർമാതാവ് നമിത് മൽഹോത്ര, സംവിധായകൻ നിതേഷ് തിവാരി, രൺബീർ കപുർ, സായ് പല്ലവി എന്നിവർ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെ സന്ദർശിച്ചു. നമിത് മൽഹോത്ര പൂച്ചെണ്ടും നിതേഷ് തിവാരി ഷാളും സമ്മാനിച്ചു.
4,000 കോടി രൂപ ബജറ്റിൽ ഒരുങ്ങിയ ബ്രഹ്മാണ്ഡ ചിത്രത്തിന് ആഗോളതലത്തിൽ വലിയ പ്രചാരണമാണ് ലഭിച്ചത്. ഒക്ടോബർ 27-ന് ലോസ് ഏഞ്ചൽസിൽ പ്രത്യേക പ്രദർശനവും സംഘടിപ്പിച്ചിരുന്നു.